കാസർകോട്: കേന്ദ്ര വാഴ്സിറ്റി വനിത പ്രഫസർക്കെതിരെ വധഭീഷണി മുഴക്കിയ മുൻ പി.വി.സി പ്രഫ. കെ. ജയപ്രസാദ് സംസ്ഥാന വനിത കമീഷനുമുന്നിൽ ഹാജരാകാനുള്ള നിർദേശം വീണ്ടും നിരസിച്ചു. ഇത് രണ്ടാംതവണയാണ് ഇദ്ദേഹം ഹാജരാകാതിരിക്കുന്നത്. അടുത്ത സിറ്റിങ്ങിൽ ജയപ്രസാദിനെ വിളിപ്പിക്കാൻ നിർദേശം നൽകി.
വാഴ്സിറ്റിയിൽ നടന്ന ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ഫാക്കൽറ്റി യോഗത്തിൽ 'താൻ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ശാരീരികമായി നേരിടുമെന്നും പാണ്ടിലോറി കയറി മരിക്കു'മെന്നും, മുൻ പി.വി.സിയും ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വകുപ്പ് മേധാവിയുമായ പ്രഫസർ ഡോ. കെ. ജയപ്രസാദ് അതേ വകുപ്പിലെ വനിത അസി. പ്രഫസർ ഡോ. ഉമ പുരുഷോത്തമനെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ ഡോ. ഉമ പുരുഷോത്തമൻ വനിത കമീഷനു പരാതി നൽകി. കേന്ദ്ര വാഴ്സിറ്റിയിൽ ജോലി ചെയ്യുന്ന തെൻറ ജീവനു ഭീഷണിയുണ്ടെന്ന് ഉമ പുരുഷോത്തമൻ കമീഷനു നൽകിയ പരാതിയിൽ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ നടന്ന കമീഷൻ അദാലത്തിൽ ജയപ്രസാദിനെ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. തുടർന്ന് ഇന്നലെ കലക്ടറേറ്റിൽ നടന്ന സിറ്റിങ്ങിൽ ജയപ്രസാദിനോട് ഹാജരാകാൻ ആവശ്യപ്പെട്ടു.
കേന്ദ്ര വാഴ്സിറ്റിയിൽ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണ സമിതിക്കുമുമ്പാകെ (ഐ.സി.സി) ഹാജരാകേണ്ടതിനാൽ വനിത കമീഷനുമുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ച് ജയപ്രസാദ് വനിത കമീഷനു കത്തയച്ചു. എന്നാൽ കമീഷനു മുന്നിൽ ഹാജരായ ഡോ. ഉമ പുരുേഷാത്തമൻ, രാവിലെ 10.30ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ ജയപ്രസാദ് ഹാജരാകാതിരിക്കാൻ അറിയിച്ച കാരണം അസംബന്ധമാണെന്നും താനും കൂടി ഹാജരാകേണ്ട ഐ.സി.സി യോഗം വൈകീട്ട് 4.30നാണെന്നും വ്യക്തമാക്കുന്ന രേഖ കമീഷനു മുമ്പാകെ ഹാജരാക്കി. അടുത്ത ഹിയറിങ്ങിൽ ജയപ്രസാദിനെ വിളിപ്പിക്കാൻ കമീഷൻ നിർദ്ദേശം നൽകി. 2021 ഫെബ്രുവരി 12ന് വാഴ്സിറ്റിയിൽ നടന്ന ഫാക്കൽറ്റി യോഗത്തിലാണ് പരാതിക്കിടയാക്കിയ സംഭവമെന്ന് പരാതിയിൽ പറയുന്നു.
വകുപ്പ് തലവനായ ഡോ. കെ. ജയപ്രസാദ്, എം.എ പ്രവേശനത്തിനു ആവിഷ്കരിച്ച മാനദണ്ഡം മാറ്റണമെന്ന് മുൻ വകുപ്പ് തലവൻ പ്രഫ. എം.എസ്. ജോൺ, ഡോ. ഉമ പുരുഷോത്തമൻ, ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് പശ്ചാത്തലമുള്ള വിദ്യാർഥികൾക്ക് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ പ്രവേശനം നൽകേണ്ടതില്ലെന്ന ഡോ. ജയപ്രസാദിെൻറ നിലപാടിനെ മൂന്നുപേരും എതിർത്തു. ഇത്തരം മാനദണ്ഡം ആവിഷ്കരിക്കുകവഴി വലിയ വിഭാഗം വിദ്യാർഥികൾക്ക് ഈ വിഷയം പ്രാപ്യമല്ലാതാകുമെന്ന് ഇവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.