കാഞ്ഞങ്ങാട്: പ്രസവിച്ച നാൾ മുതൽ എൻഡോസൾഫാൻ പട്ടികയിൽ മകളെ ഉൾപ്പെടുത്താൻ പാടുപെടുകയായിരുന്നു കഴിഞ്ഞ ദിവസം മരിച്ച അമേയയുടെ മാതാപിതാക്കൾ.
2019ൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ന്യൂറോ വിഭാഗത്തിൽപെട്ട തല വളരുന്ന തരം രോഗമായിട്ടു പോലും പട്ടികയിൽ പെടുത്താൻ സർക്കാറിന് കഴിഞ്ഞില്ല. രണ്ടു വയസ്സ് മുതൽ അവളെെന്റ കൈയിലാണ്. മാലയും വളയും വേണം. അത് ധരിച്ച് സുന്ദരിയായി നടക്കണം. ഞരമ്പ് നുറുങ്ങുന്ന വേദനക്കിടയിലും അമേയക്ക് ഒരുപാട് ആഗ്രഹങ്ങളായിരുന്നു. തലയിൽ രക്തം കട്ടപിടിച്ച് മരിക്കേണ്ടവളായിരുന്നില്ല അമേയയെന്ന കുഞ്ഞാറ്റ. പൂമ്പാറ്റപോലെ പാറിക്കളിക്കേണ്ടവളായിരുന്നു അവൾ -എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ മുനീസ അമ്പലത്തറ വേദനയോടെ 'മാധ്യമ'ത്തോട് പറഞ്ഞു.
ശനിയാഴ്ച നീരോട് കൂടിയ പല്ലുവേദന വന്നു. ഞായറാഴ്ച കുഞ്ഞിനെയും കൊണ്ട് എണ്ണപ്പാറ പി.എച്ച്.സി യിൽ പോയി മരുന്ന് നൽകി. തിങ്കളാഴ്ച്ച വീണ്ടും ജില്ലാശുപത്രിയിലെത്തി രക്തപരിശോധനയടക്കമുള്ള പരിശോധനകൾ കഴിഞ്ഞ് വീട്ടിലെത്തി പാട്ടും കളിയും തുടങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തലയിൽ രക്തം കട്ടപിടിച്ചതാണെന്നും വൃക്കകൾ തകരാറിലായിരുന്നുവെന്നുമാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. രാവിലെ മണിക്കൂറോളം പരിശോധിച്ചിട്ടും രക്തം കട്ടപിടിച്ചത് ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല!
അമ്പലത്തറ മുക്കുഴിയിലെ ദലിത് കുടുംബത്തിലെ മനു- സുമിത്ര ദമ്പതികളുടെ മകളാണ് ഏക മകൾ അമേയ. ആറ് മാസം മുമ്പ് കുഞ്ഞിനെ തിരുവനന്തപുരത്ത് ശ്രീ ചിത്രയിൽ ഏതാനും മനുഷ്യസ്നേഹികളുടെ സഹായത്തോടെ എത്തിച്ച് ചികിത്സിച്ചിരുന്നു. ഒക്ടോബറിലായിരുന്നു അത്. ഡിസംബർ 15ന് ശ്രീചിത്രയിൽ കാണിച്ചപ്പോൾ തല ചെറിയ രീതിയിൽ വളരുന്നുണ്ടെന്നും തെറപ്പി നിർബന്ധമായും ചെയ്യണമെന്നും നിർദേശം നൽകി. പൈസ കടം വാങ്ങിച്ചും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് മകളെ ചികിത്സിച്ചത്.
ദുരിത ബാധിതരുടെ പട്ടികയിൽ പെടാത്തതിനാൽ ചികിത്സാ സഹായം സർക്കാർ നൽകിയിരുന്നില്ല. നാലു വർഷമായി മെഡിക്കൽ ക്യാമ്പ് നടക്കുന്നില്ല. പിന്നെ എങ്ങനെ കുഞ്ഞാറ്റയെപ്പോലുള്ള കുഞ്ഞുങ്ങൾ പട്ടികയിൽ വരും. 2017ലെ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട 511 തീരെ വയ്യാത്ത കുട്ടികളെ പട്ടികയിൽ നിന്നും പുറത്താക്കിയപ്പോൾ നീണ്ട സമരം നടന്നു. അങ്ങനെയാണ് ആ 511 കുട്ടികൾ പട്ടികയിൽ വന്നത്. ആരോഗ്യ മന്ത്രി ഓടിയെത്തി പ്രഖ്യാപിച്ചു. ഡിസംബർ ആദ്യവാരം മെഡി.കോളജ് ഒ.പി. ആരംഭിക്കും എന്ന്. രണ്ട് കൊല്ലം മുമ്പ് ഒരു സമര സന്ദർഭത്തിൽ മുൻ മന്ത്രി കെ.കെ. ശൈലജയും ഇതുപോലെ മാർച്ചിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ജില്ലയിൽ ന്യൂറോളജിസ്റ്റിനെ ഉടൻ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞിട്ട് ഒരു മാസമാകുന്നതിനിടെയാണ് ന്യൂറോ പ്രശ്നം മൂലം അമേയയും ഇസ്മയിലും മരിക്കുന്നത്. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് കാലതാമസമുണ്ടെന്നും അതിനുവേണ്ടി കാത്തു നിൽക്കുന്നില്ല, പകരം സംവിധാനം രണ്ടു മാസത്തിനുള്ളിൽ കണ്ടെത്തുമെന്നുമാണ് മന്ത്രി എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഉറപ്പു നൽകിയത്. അത് പാഴ്വാക്കായി മാറുകയാണ്. ലാഭക്കൊതിയന്മാരുടെ വിഷമഴ നനഞ്ഞ് ദുരിതത്തിലായ എൻഡോസൾഫാൻ ദുരിതബാധിതർ ജില്ലയിൽ ഒരു ന്യൂറോളജിസ്റ്റിനെ വീണ്ടും സർക്കാറിനോട് ചോദിക്കുകയാണ്.
അപസ്മാരവും മറ്റുമുൾപ്പെടെ ന്യൂറോ വിഭാഗവുമായി ബന്ധപ്പെട്ടാണ് ഇരകളിലധികം പേർക്കും ചികിത്സ വേണ്ടത്. നേരത്തേ തീരുമാനിച്ചതാണെന്നും ഉടൻ നിയമിക്കുമെന്നും അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും തസ്തിക പോലും സൃഷ്ടിച്ചിട്ടില്ലെന്ന് ഈയടുത്താണറിഞ്ഞതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കുറ്റപ്പെടുത്തി. ജില്ല, താലൂക്ക് ആശുപത്രികളിൽ ഈ വിഭാഗങ്ങൾക്ക് വേണ്ടത്ര സൗകര്യമില്ല. കുട്ടികളാണ് ഏറെയും ചികിത്സ തേടുന്നവർ.
ചികിത്സ ലഭിക്കാതെ മരണനിരക്ക് വർധിക്കുന്നതിന് സാക്ഷിയാകേണ്ടിവരുമോ എന്ന ആശങ്കയിലാണ് അത്യുത്തരദേശം. 2016ൽ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലം മുതലാണ് ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന് വാഗ്ദാനം നൽകിത്തുടങ്ങിയത്. മംഗളൂരുവിൽ നിന്ന് വെള്ളിയാഴ്ച വരുന്ന ഡോ. ശിവാനന്ദ പൈ മാത്രമാണ് ഏക ആശ്രയം.
അംബികാസൂതൻ മാങ്ങാട് , എഴുത്തുകാരൻ
അത്യന്തം സങ്കടത്തോടെ കുഞ്ഞാറ്റയുടെ മരണ വാർത്ത കേട്ടത്. കുഞ്ഞാറ്റയെന്ന് എല്ലാവരും വിളിച്ച അഞ്ചു വയസ്സുകാരി അമേയ. ഞങ്ങളുടെ സ്നേഹ വീട്ടിലെ ഓമന.
കേരളത്തെ 300 കിലോമീറ്റർ വേഗത്തിലോടിക്കാൻ ഭാവന ചെയ്യുമ്പോൾ നിങ്ങളോർക്കണം, ഇവിടെ മുട്ടിലിഴയാൻ പോലും കഴിയാത്ത, അനക്കമറ്റ, വേഗത എന്ന അനുഭവമെന്തെന്നറിയാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങളുണ്ട് എന്ന്.
കാഞ്ഞങ്ങാട്: പ്രതിസന്ധികളോടും രോഗത്തോടും നിരന്തരം പൊരുതിയ വിദ്യാർഥി കൂടിയായിരുന്നു കഴിഞ്ഞ ദിവസം മരിച്ച മുഹമ്മദ് ഇസ്മായിൽ. എൻഡോസൾഫാൻ ദുരിതബാധിതനായിരിക്കെ രണ്ടര വർഷം മുമ്പാണ് വൃക്കരോഗം പിടികൂടിയത്. കാഴ്ച്ചക്കുറവുള്ള ഇസ്മായിൽ ബാലൻസ് തെറ്റുന്ന രീതിയിലായിരുന്നു.
വാടക വീട്ടിലായിരുന്നു താമസം. ഇടക്കിടെ ഞരമ്പ് മുറുകുന്ന വേദനയും കിഡ്നി സംബന്ധമായ അസുഖത്തിെൻറ പ്രയാസവും മൂലം മകൻ വല്ലാതെ കരഞ്ഞിരുന്നതായി പിതാവ് മൊയ്തു വേദനയോടെ പറയുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ സൗജന്യ ചികിത്സ ഇടക്കുവെച്ച് നിലച്ചു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാക്കൾ ഡെപ്യൂട്ടി കലക്ടറെക്കണ്ട് ആവശ്യങ്ങളുന്നയിച്ചപ്പോഴാണ് സൗജന്യ ചികിത്സ വീണ്ടും ലഭിച്ചത്. റോട്ടറി സ്പെഷൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു ഇസ്മായിൽ.
കാസര്‍കോട് പെരിയ മഹാത്മ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു അൻവാസ്. കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെട്ട അന്‍വാസിനെ 2018 ജൂൺ 15ന് രാവിലെയാണ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്വാസിെന്റ രക്ത പരിശോധന റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നേരം വരെ കാത്തു നില്ക്കേണ്ടിവന്നു. ഇതിനുശേഷമാണ് ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിർദേശിച്ചത്. എന്നാല്‍, പരിയാരം മെഡിക്കല്‍ കോളജിലെത്തുമ്പോഴേക്കും അന്‍വാസ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.