ദീർഘകാല അവധിയും പ്രതീക്ഷിച്ച് കാസർകോട്ട് വരേണ്ട; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പായി കലക്ടറുടെ ഉത്തരവ്

കാസർകോട്: ദീർഘകാല അവധിയും പ്രതീക്ഷിച്ച് കാസർകോട് എത്തുന്ന ഉദ്യോഗസ്ഥരോട്, തൽക്കാലം ആ ആഗ്രഹം മനസ്സിലിരിക്കട്ടെ.

ജില്ലയിലെ ഉദ്യോഗസ്ഥർ ദീർഘകാല അവധിയെടുക്കുന്നത് വിലക്കി ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. ജില്ലയുടെ വിവിധ പദ്ധതിനിർവഹണ നടത്തിപ്പുപോലും മുടങ്ങുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്താണ് കലക്ടറുടെ ഉത്തരവ്. ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിൽ നിയമനം കിട്ടുന്നവരും സ്ഥലംമാറിയെത്തുന്നവരും നിശ്ചിത കാലയളവിൽ അതതിടത്ത് ജോലി ചെയ്തിരിക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ സർക്കുലറിന്‍റെ ചുവടുപിടിച്ചാണ് കലക്ടറുടെ നിർണായകനീക്കം.

ജില്ലയിൽ പുതുതായി നിയമിക്കപ്പെടുന്നവരും സ്ഥാനക്കയറ്റം വഴിയോ അച്ചടക്കനടപടിയുടെ ഭാഗമായി എത്തുന്നവരോ ആരായാലും ചുമതലയേറ്റ അന്നുമുതൽ തിരിച്ചുപോവാനാണ് ശ്രമിക്കുക. പലവിധ സ്വാധീനങ്ങളാൽ സ്ഥലംമാറ്റത്തിന് ശ്രമിക്കും. ജില്ലതല നിയമനം ലഭിക്കുന്നവർപോലും പ്രത്യേക ഉത്തരവ് സമ്പാദിച്ച് ജില്ല വിടുന്ന സ്ഥിതിയാണ് നിലവിൽ.

സ്ഥലംമാറ്റം ലഭിച്ചില്ലെങ്കിൽ ഡെപ്യൂട്ടേഷനോ 'വർക്ക് അറേഞ്ച്മെന്‍റ്' വഴിയോ രക്ഷപ്പെടുന്നതാണ് പതിവ്. വർക്ക് അറേഞ്ച്മെന്‍റിൽ ജോലി സ്വന്തം നാട്ടിലും ശമ്പളബില്ലുകൾ ജില്ലയുടെ കണക്കിലുമാണുണ്ടാവുക. ഇവരുടെ ഒഴിവിൽ പകരമൊരാളെ നിയമിക്കാനും കഴിയില്ല. ഇങ്ങനെ ഒട്ടേറെ ഉദ്യോഗസ്ഥരുടെ ഒഴിവ് ജില്ലയിലെ വിവിധ വകുപ്പുകളിലുണ്ട്. ഇത്തരം സ്ഥലംമാറ്റമൊന്നും നടക്കാതെ വരുമ്പോഴാണ് ദീർഘകാല അവധിയെടുക്കുന്നത്.

ജില്ലയിൽ താരതമ്യേനെ തദ്ദേശവാസികളായ ഉദ്യോഗസ്ഥർ വളരെ കുറവാണ്. 35ഓളം ജില്ലതല ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും ഇതര ജില്ലയിൽനിന്നുള്ളവരാണ്. ഇക്കാരണത്താൽ പല വകുപ്പുകളുടെയും പ്രവർത്തനംതന്നെ തടസ്സപ്പെടുന്ന സ്ഥിതിയാണ്. അവധിയെടുത്തുപോകുന്ന പദ്ധതിനിർവഹണ ഉദ്യോഗസ്ഥര്‍, പദ്ധതിനിർവഹണവുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ജില്ലയില്‍ നിശ്ചിത കാലയളവില്‍ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതുവരെ ജോലിയില്‍ തുടരണമെന്ന് കലക്ടര്‍ ഉത്തരവിട്ടു.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ദീര്‍ഘകാല അവധി എടുക്കുന്നതെങ്കില്‍ കലക്ടറുടെ അനുവാദം തേടണമെന്നും അറിയിക്കണമെന്നും കലക്ടർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Do not come to Kasaragod expecting a long leave; Collector warning officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.