തൊഴിലുറപ്പ് പദ്ധതി; കോടോം-ബേളൂര്‍ കാസർകോട് ജില്ലയില്‍ ഒന്നാമത്

കാസർകോട്: തൊഴിലുറപ്പ് പദ്ധതിയില്‍ 274854 തൊഴില്‍ ദിനങ്ങളോടെ ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തി കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള ആസ്തി രൂപവത്കരണ പ്രവൃത്തികള്‍, ഗ്രാമീണ അടിസ്ഥാന സൗകര്യ പ്രവൃത്തികളായ റോഡുനിർമാണം, സ്‌കൂളുകള്‍ക്ക് കിച്ചണ്‍ ഷെഡ്, അംഗൻവാടികള്‍ തുടങ്ങിയ പ്രവൃത്തികള്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരുകയാണ്.

മണ്ണ്-ജല സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പൊതുപ്രവൃത്തികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കി. കല്ലുകയ്യാല, മണ്ണ് കയ്യാല, തോടുകളുടെ നവീകരണം എന്നിവയും തൊഴിലുറപ്പുവഴി നടത്തിവരുന്നുണ്ട്. കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് കോടോം പാടശേഖരം, കൈത്തോട് എന്നിവയുടെ നവീകരണം പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവൃത്തികളില്‍ എടുത്തുപറയേണ്ടതാണ്. ആലടുക്കം അംഗൻവാടി, ബേളൂര്‍ യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നേട്ടം കൈവരിക്കാന്‍ സഹായിച്ചു. തൊഴിലുറപ്പ് പ്രവൃത്തിവഴി നൂറിലധികം റോഡുകളുടെ കോണ്‍ക്രീറ്റ്, സോളിങ് ജോലികള്‍ പഞ്ചായത്തില്‍ നടത്തി. ആകെ 274854 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ പഞ്ചായത്തിനു സാധിച്ചു. തൊഴിലുറപ്പ് പദ്ധതി വഴി 1404 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ പഞ്ചായത്ത് സൃഷ്ടിച്ചു. തൊഴിലാളികളുടെ കൂലിയിനത്തില്‍ 8.35 കോടി രൂപയും മെറ്റീരിയല്‍ ഇനത്തില്‍ 3.28 കോടി രൂപയുമടക്കം ആകെ 11.78 കോടി രൂപ ചെലവഴിച്ചു. ഒപ്പം 100 ശതമാനം നികുതി പിരിവ് എന്ന നേട്ടവും കോടോം-ബേളൂര്‍ പഞ്ചായത്ത് സ്വന്തമാക്കി. പദ്ധതി വിഹിതത്തിന്റെ 96 ശതമാനം ചെലവഴിച്ച് മികച്ച പ്രവര്‍ത്തനവും കോടോം പഞ്ചായത്ത് കാഴ്ചവെച്ചു.

മികച്ച നേട്ടവുമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

നീലേശ്വരം: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികവാര്‍ന്ന നേട്ടം കൈവരിച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സുഭിക്ഷ കേരളം പദ്ധതി മുഖേന തൊഴിലുറപ്പ് പദ്ധതിയില്‍ നീലേശ്വരം ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമപഞ്ചായത്തുകളിലായി 3172 വ്യക്തിഗത ആസ്തികള്‍ നിര്‍മിച്ചു. സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തികള്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഏറ്റെടുത്ത് നടത്തിയ ബ്ലോക്ക് പഞ്ചായത്ത് എന്ന നേട്ടം നീലേശ്വരത്തിനു ലഭിച്ചു.

ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളായ വലിയപറമ്പയില്‍ 1610, പിലിക്കോട് 454, ചെറുവത്തൂരില്‍ 352, പടന്ന 326, തൃക്കരിപ്പൂര്‍ 230, കയ്യൂര്‍-ചീമേനി 200 എന്നിങ്ങനെ സുഭിക്ഷ കേരളം പദ്ധതിയില്‍ വിവിധ ആസ്തികള്‍ നിര്‍മിച്ചു. 342 പശുത്തൊഴുത്ത്, 169 കോഴിക്കൂട്, 71 ആട്ടിന്‍കൂട്, 109 കമ്പോസ്റ്റ് പിറ്റ്, 2332 സോക്പിറ്റ്, 25 മിനി എം.സി.എഫ്, 31 കിണര്‍ എന്നിവയും തൊഴിലുറപ്പ് പദ്ധതിവഴി നിര്‍മിച്ചു.

വിവിധ പഞ്ചായത്തുകളിലായി 10,18,749 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനു സാധിച്ചു. ചെറുവത്തൂര്‍ 209077, പിലിക്കോട് 184779, കയ്യൂര്‍ ചീമേനി 183295, തൃക്കരിപ്പൂര്‍ 158584, പടന്ന 154939, വലിയപറമ്പ 128075 വീതം തൊഴില്‍ദിനങ്ങള്‍ പഞ്ചായത്തുകളില്‍ ലഭ്യമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 259039 തൊഴില്‍ദിനങ്ങള്‍ അധികമായി സൃഷ്ടിക്കാന്‍ ബ്ലോക്കിനു സാധിച്ചു. ഇതുവഴി കഴിഞ്ഞ വര്‍ഷത്തേതിനെക്കാളും ഏഴരക്കോടിയില്‍ അധികം തുക കൂലി ഇനത്തില്‍ തൊഴിലാളികള്‍ക്ക് ലഭിച്ചു.

100 തൊഴില്‍ദിനം ലഭ്യമാക്കിയ കുടുംബങ്ങളുടെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് നീലേശ്വരം നടത്തിയത്. 6749 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം ലഭ്യമാക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 തൊഴില്‍ദിനം നല്‍കുന്ന ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം മാറി. പദ്ധതി ചെലവിനത്തില്‍ 36 കോടി 80 ലക്ഷം രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നീലേശ്വരം ബ്ലോക്ക് ചെലവഴിച്ചു.

തൊഴിലുറപ്പ് പ്രവര്‍ത്തനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് നേട്ടം കൈവരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. രാഗേഷ്, വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. സുമേഷ്, കെ. അനില്‍ കുമാര്‍, വി.വി. സുനിത, ഭരണസമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    
News Summary - Employment Guarantee Scheme Kodom-Belur is number one in Kasaragod district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.