എൻഡോസൾഫാൻ ദുരിതബാധിതരായ അമ്മയെയും മകളെയും മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കണം – മനുഷ്യാവകാശ കമീഷൻ

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരായ അമ്മയെയും മകളെയും മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിച്ച് ദേശീയ മനുഷ്യാവകാശ കമീഷന്റെ നിർദേശ പ്രകാരമുള്ള സഹായങ്ങൾക്ക് അർഹരാണോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കാസർകോട് ജില്ല കലക്ടർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. മുളിയാർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മകൻ എൻഡോസൾഫാൻ ദുരിത ബാധിതനായതിനാൽ സഹായം ലഭിക്കുന്നുണ്ട്.

പിന്നീട് താനും മകളും എൻഡോസൾഫാൻ ദുരിത ബാധിതരായതായി പരാതിക്കാരി അറിയിച്ചു. കമീഷൻ ജില്ല കലക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി.

സ്പെഷലിസ്റ്റ് മെഡിക്കൽ ക്യാമ്പ് നടത്തിയാണ് എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

രോഗിയോ മാതാപിതാക്കളോ എൻഡോസൾഫാൻ കീടനാശിനി, കശുമാവ് തോട്ടത്തിൽ തളിക്കുന്ന കാലഘട്ടത്തിൽ എൻഡോസൾഫാൻ പഞ്ചായത്തുകളിൽ ജീവിച്ചവരോ ജനിച്ചുവളർന്നവരോ ആണെങ്കിൽ മാത്രമാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത്. വിവിധ മെഡിക്കൽ കോളജുകളിൽ നിന്നെത്തുന്ന വിദഗ്ധ ഡോക്ടർമാരാണ് ഇവരെ പരിശോധിക്കുന്നത്. 2017ലെ മെഡിക്കൽ ക്യാമ്പിൽ പരാതിക്കാരിയും മകളും പങ്കെടുത്തിരുന്നു. എന്നാൽ, ഇവരെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല.

2010ലെ ക്യാമ്പിൽ പങ്കെടുത്ത പരാതിക്കാരിയുടെ മകൻ ദുരിതബാധിതരുടെ പട്ടികയിലുണ്ട്. ഇയാൾക്ക് ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാർശ ചെയ്ത മൂന്നു ലക്ഷം രൂപ നൽകിക്കഴിഞ്ഞു.

പ്രതിമാസ പെൻഷനായ 2000 രൂപയും സൗജന്യ ചികിത്സ, റേഷൻ, പ്രതിമാസം 200 രൂപ വരെ സൗജന്യ വൈദ്യുതി എന്നിവ നൽകുന്നുണ്ട്. കലക്ടറുടെ റിപ്പോർട്ട് സ്വീകരിച്ച കമീഷൻ പരാതിക്കാരിയെയും മകളെയും അടുത്ത മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ നിർദേശം നൽകി.

Tags:    
News Summary - Endosulfan affected mother and daughter to attend medical camp – Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.