കാഞ്ഞങ്ങാട്: ജില്ലയിലെ പെരിയ, രാജപുരം, ചീമേനി പ്ലാേൻറഷൻ കോർപറേഷൻ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ, ഉൽപാദിച്ച കമ്പനിയിലേക്ക് മാറ്റി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് നിർവീര്യമാക്കണമെന്നാവശ്യപ്പെട്ട് സമര സമിതി നടത്തിയ ജനകീയ മാർച്ച് താക്കീതായി മാറി.
സ്ത്രീകളടക്കം നൂറുകണക്കിനു പേർ പങ്കെടുത്ത, പെരിയ ഗോഡൗണിലേക്ക് നടന്ന മാർച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയിൽവെച്ച് എൻഡോസൾഫാൻ നശിപ്പിക്കുന്നത് ജനദ്രോഹമാണെന്നും കമ്പനിയെ ഏൽപിച്ച് നിർവീര്യമാക്കാൻ നടപടിയെടുക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ജില്ലയിൽ ഒരു കാരണവശാലും നടത്താൻ അനുവദിക്കില്ലെന്നും എം.പി പറഞ്ഞു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാവ് മുനീസ അമ്പലത്തറ, അമ്മമാരുടെ സങ്കടങ്ങളും ആശങ്കകളും പങ്കുവെച്ചു. സമരസമിതി ചെയർമാൻ കെ. കൊട്ടൻ അധ്യക്ഷത വഹിച്ചു. പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദാക്ഷൻ, ജമീല അഹമ്മദ്, സുമ കുഞ്ഞികൃഷ്ണൻ, അംബികാകൃഷ്ണൻ ,രധീഷ് കാട്ടുമാടം, അഡ്വ. ടി.വി.രാജേന്ദ്രൻ, ഗോവിന്ദൻ കയ്യൂർ, കെ. ശിവകുമാർ, പ്രേമചന്ദ്രൻ ചോമ്പാല, സുബൈർ പടുപ്പ്, അബ്ദുൽഖാദർ ചട്ടഞ്ചാൽ, സുഹരി ഷാഫി എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും പ്രമോദ് പെരിയ നന്ദിയും പറഞ്ഞു. കെ.ചന്ദ്രാവതി, എം.പി. ജമീല, ബാലകൃഷ്ണൻ കള്ളാർ, മുകുന്ദൻ കയ്യൂർ, സിസ്റ്റർ ജയ ആേൻറാ മംഗലത്ത് എന്നിവർ നേതൃത്വം നൽകി.
ഇനിയും പരീക്ഷണം വേണ്ട
എൻഡോസൾഫാൻ നിർവീര്യമാക്കുന്ന പ്രക്രിയ ആരംഭിക്കാനിരിക്കെ സർക്കാറിനോട് പറയാനുള്ളത്, ഇനിയും പരീക്ഷണത്തിന് മുതിരരുതെന്നാണ്. ഇനിയും വേദന സഹിക്കാൻ കഴിയില്ല. കൊച്ചിയിലേക്ക് കൊണ്ടു പോകുന്നത് സുരക്ഷയുടെ പേരിൽ ഒഴിവാക്കുമ്പോൾ ദുരിതബാധിതരുടെ നാട്ടിൽതന്നെ കുഴികുത്തി നിർവീര്യമാക്കലാണോ കൂടുതൽ ഉചിതമെന്ന് സർക്കാർ വ്യക്തമാക്കണം. എൻഡോസൾഫാൻ ദുരിതബാധിതർ എപ്പോഴും ഭീതിയിൽ കഴിയണമെന്നാണോ സർക്കാർ നയം. നിർവീര്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥ വൃത്തങ്ങൾ ശ്രമങ്ങൾ ആരംഭിച്ചിട്ടും സർക്കാറിന് എങ്ങനെയാണ് മൗനമായി ഇരിക്കാൻ കഴിയുന്നത്.
-മുനീസ അമ്പലത്തറ (എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ)
ഒറ്റക്കെട്ടായി നേരിടും
കാർഷിക വിദഗ്ധരും പ്ലാേൻറഷൻ കോർപറേഷനും നടത്തുന്ന ജനവിരുദ്ധവും മാനുഷിക വിരുദ്ധവുമായ പദ്ധതികളുടെ തുടർച്ചയാണ് എൻഡോസൾഫാൻ കത്തിച്ചുകളയാനുള്ള നീക്കങ്ങൾ. സമൂഹം ഇതിനെ ഒറ്റക്കെട്ടായി നേരിടും. അന്താരാഷ്ട്ര മാനദണ്ഡം പാലിച്ച് നടത്തേണ്ട നിർവീര്യമാക്കൽ പ്രക്രിയെ ലളിതവത്കരിക്കുന്നതിനു പിന്നിലെ താൽപര്യം വ്യക്തമാക്കണം.
-അംബികാസുതൻ മാങ്ങാട് (സാഹിത്യകാരൻ)
സുരക്ഷക്ക് പ്രാധാന്യം കൊടുക്കണം
എൻഡോസൾഫാൻ ദുരിതബാധിതർ ആശങ്കയിലാണ് ഇവിടെ കഴിയുന്നത്.നിർവീര്യമാക്കൽ നടപടി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാകരുത്. ജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.
-പി.ബി പ്രദീപ് കുമാർ (യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്)
അനീതി കാണിക്കരുത്
ഞാനൊരു എൻഡോസൾഫാൻ ദുരിതബാധിതയുടെ അമ്മയാണ്. അതുകൊണ്ടുതന്നെ വർഷങ്ങളായി വേദനയനുഭവിച്ചുകൊണ്ട് ജീവിക്കുന്നു. എൻഡോസൾഫാൻ എന്ന വിഷം നമ്മുടെ ജില്ലയിൽ തന്നെ നിർവീര്യമാക്കാൻ ഒരു കാലത്തും സമ്മതിക്കില്ല. ദുരിതബാധിതരോട് അനീതി കാണിക്കരുത്. സർക്കാർ ഈ വിഷയത്തിൽ നിലപാട് വൈകാതെ പറയണം.
-ചന്ദ്രാവതി (ദുരിതബാധിതയുടെ മാതാവ്)
ദുരിതബാധിതർക്കൊപ്പം നിൽക്കണം
അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് എൻഡോസൾഫാൻ നിർവീര്യമാക്കാൻ ഭരണകൂടത്തിെൻറ പുറപ്പാട്. ഇത് അംഗീകരിക്കാൻ കഴിയില്ല. ദുരിതബാധിതർക്കൊപ്പം നിൽക്കാൻ സർക്കാറിന് കഴിയേണ്ടതുണ്ട്. ദുരിതബാധിതരുടെ മണ്ണിൽതന്നെ എൻഡോസൾഫാൻ നിർവീര്യമാക്കണമെന്ന് സർക്കാറിനെന്താണ് ഇത്രയും കടുംപിടിത്തം.
-അഡ്വ.ടി.വി. രാജേന്ദ്രൻ (പരിസ്ഥിതി സമിതി ജില്ല പ്രസിഡൻറ്)
ജനങ്ങളോടുള്ള വെല്ലുവിളി
എൻഡോസൾഫാൻ ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള ജില്ല ഭരണകൂടത്തിെൻറ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കമ്പനിയിൽ തന്നെ തിരികെ കൊണ്ടുപോയി നിർവീര്യമാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ നിരാകരിക്കരുത്. ഇവിടത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാറിനാണ്.
-യൂസഫ് ചെമ്പിരിക്ക (ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻറ്)'
ജീവിതം വേദനയുടേതാണ്
എൻഡോസൾഫാൻ ദുരിതബാധിതനായ അഫ്സലിെൻറ ഉമ്മയാണ് ഞാൻ. അവന് ഇപ്പോൾ 18 വയസ്സായി. ഈ 18 വർഷവും എൻഡോസൾഫാനെന്ന വിഷപദാർഥം കൊണ്ട് വേദനയനുഭവിച്ചുകൊണ്ട് ജീവിക്കുന്നു. എൻഡോസൾഫാൻ എന്ന വിഷം നമ്മുടെ ജില്ലയിൽ എന്നല്ല, കേരളത്തിൽ ഒരു ജില്ലയിലും നിർവീര്യമാക്കരുതെന്നാണ് അഭ്യർഥിക്കാനുള്ളത്. അത് ഒരുകാലത്തും സമ്മതിക്കില്ല.
-ജമീല (ദുരിതബാധിതെൻറ മാതാവ്)
'പിറന്നുവീണ് എട്ടുമാസം മുതൽ സഹിക്കാൻ തുടങ്ങിയതാണ്'
25 ശസ്ത്രക്രിയകൾക്കുശേഷമാണ് കിടപ്പിലായിരുന്ന ഞാൻ ഇരിക്കാനാവുന്ന അവസ്ഥയിലെത്തിയത്. എൻഡോസൾഫാൻ ജില്ലയിൽ നിർവീര്യമാക്കാൻ സമ്മതിക്കില്ല. പിറന്നുവീണ് എട്ടുമാസം മുതൽ സഹിക്കാൻ തുടങ്ങിയതാണ്. തൻബീഹിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് സഹോദരൻ ഹസൻ. അവനും എൻഡോസൾഫാൻ ദുരിതബാധിതൻ തന്നെയാണ്. ഹസെൻറ ചികിത്സക്ക് ലക്ഷങ്ങള്‍ കണ്ടെത്താന്‍ കുടുംബം പെടാപ്പാടുപെടുകയാണ്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിക്കുന്നു.
ഷംന അലീമ, ഹസൻ (ഇരുവരും എൻഡോസൾഫാൻ ദുരിതബാധിതർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.