കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള പുനരധിവാസകേന്ദ്രം ജൂണിൽതന്നെ തുറന്നുകൊടുക്കുമെന്ന് സാമൂഹിക നീതി ഓഫിസ്. വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. 2012ൽ പീഡിത ജനകീയമുന്നണിയുടേയും മറ്റും നിരന്തര ആവശ്യത്തെ തുടർന്ന് അന്നത്തെ എം.പി പി. കരുണാകരൻ ഇതുസംബന്ധിച്ച് ശിൽപശാല നടത്തിയിരുന്നു.
പിന്നീട് 2014ൽ ജനകീയ മുന്നണി ഭാരവാഹികൾ മാതൃകാഗ്രാമം എന്നനിലക്ക് പ്രപ്പോസൽ വെച്ചു. 2015ൽ വീണ്ടും ഇതുമായി ബന്ധപ്പെട്ട് രണ്ടു ശിൽപശാലകൾ നടത്തി. എം.കെ. മുനീർ മന്ത്രിയായപ്പോൾ ഇതുമായി മുന്നോട്ടുപോകാൻ താൽപര്യം കാണിച്ചു. നൂറ് കുടുംബങ്ങൾക്കായി സമർപ്പിച്ച മാതൃകാഗ്രാമം പ്രപ്പോസൽ നൂറ് ഇരകൾക്ക് എന്നാക്കി മാറ്റി. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് മന്ത്രി ആർ. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തത്. ജൂൺ 22നുള്ളിൽ മുഴുവൻ അപ്പോയിൻമെന്റുകളുമാകുമെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതുകൊണ്ടാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാൻ പറ്റാതിരുന്നത്, ഉപകരണങ്ങൾ മുഴുവൻ എത്തിയിട്ടുണ്ട് -സാമൂഹികനീതി വിഭാഗം അറിയിച്ചു. ഊരാളുങ്കലാണ് വർക്ക് ഏറ്റെടുത്തത്. അഞ്ചു കോടിയുടെ പ്രോജക്ടിന് 4.85 കോടിയാണ് ഇതുവരെയുള്ള ചെലവ്.
ബോവിക്കാനം: മുളിയാർ മുതലപ്പാറയിൽ നിർമിച്ച എൻഡോസൾഫാൻ പുനരധിവാസകേന്ദ്രം ദുരിതബാധിതർക്കായി ഉടൻ തുറന്നുനൽകണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. നാലുമാസം മുമ്പ് ഉദ്ഘാടനം നടത്തി ജനങ്ങളുടെ കണ്ണിൽപൊടിയിട്ട് സർക്കാർ ദുരിതബാധിതരെ കബളിപ്പിക്കുകയായിരുന്നുവെന്നും ഇതുവരെ ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ഇൻചാർജ് ഹനീഫ പൈക്കം അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. എം. അബ്ദുല്ലക്കുഞ്ഞി ഹാജി, അബ്ദുല്ല ബാലനടുക്കം, ഖാദർ കംബ്രാജ് എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
എ.ബി. ശാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, ബഷീർ പള്ളങ്കോട്, ഖാലിദ് ബെള്ളിപ്പാടി, മാർക്ക് മുഹമ്മദ്, ഷരീഫ് കൊടവഞ്ചി, ബി.കെ. ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, എ.പി. ഹസൈനാർ, മറിയമ്മ അബ്ദുൽ ഖാദർ, ഖാദർ ആലൂർ, അനീസ മൻസൂർ മല്ലത്ത്, മുഹമ്മദ് കുഞ്ഞി ആലൂർ, നവാസ് ഇടനീർ, ബിഎം. ഹാരിസ്, അബ്ബാസ് കൊളച്ചപ്പ്, ഷരീഫ് പന്നടുക്കം, ഹമീദ് കരമൂല, ബി.എ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.
ചോദ്യങ്ങൾക്ക് പരിഹാരം തേടി 2012 ജൂലൈ 21, 22 തീയതികളിൽ മുൻ എം.പി പി. കരുണാകരന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ രണ്ടുദിവസത്തെ ശില്പശാല നടന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. സമരസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ 2014 അവസാനം സാമൂഹികനീതി മന്ത്രി എം.കെ. മുനീറിന്റെ മുന്നിൽ നൂറ് കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിയുടെ പ്രപ്പോസൽ വച്ചെങ്കിലും പിന്നീടത് നൂറ് ദുരിതബാധിതർക്കായി മുളിയാർ പഞ്ചായത്തിൽ മുതലപ്പാറയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. 2015ന് ആരംഭിച്ച ചർച്ചകൾ മാതൃകാഗ്രാമം എന്ന മോഹത്തിൽതട്ടി നിൽക്കുന്നു. മുൻ ആരോഗ്യമന്ത്രി തറക്കില്ലിട്ട മോഡൽ വില്ലേജിന്റെ ഉദ്ഘാടനം 2024ഓടെ മന്ത്രി ആർ. ബിന്ദു ഔപചാരിക ഉദ്ഘാടനം നടത്തി. നീണ്ട പത്ത് വർഷങ്ങൾക്കിടയിൽ പുനരധിവാസം ആവശ്യമായ പലരും മൺമറഞ്ഞു. ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരും? -അമ്പലത്തറ കുഞ്ഞികൃഷ്ണൻ (പീഡിത ജനകീയ മുന്നണി)
പുനരധിവാസ ഗ്രാമം പ്രധാനമായും നാലു ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്. ആദ്യഘടകത്തിൽ, 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണം നൽകുന്നതിനായി ഒരു ഫോസ്റ്റർ കെയർ ഹോം ആരംഭിക്കും. 18-20 വയസ്സിന് താഴെയുള്ള പരിചരണം ആവശ്യമുള്ള വൈകല്യമുള്ള കുട്ടികൾക്ക് സമാന അന്തരീക്ഷമായിരിക്കും ഇവിടെ സൃഷ്ടിക്കുക. ഫോസ്റ്റർ കെയർ ഹോമിൽ അഞ്ചു കിടപ്പുമുറികളുള്ള നാല് വാർഡുകൾ, വികലാംഗർക്ക് ശുചിമുറി, പൂന്തോട്ടം മുതലായവ ഇതിൽ ഉൾപ്പെടും. രണ്ടാമത്തേത് മുതിർന്നവർക്ക് സഹായകരമായ ജീവിതമാണ്. അതിൽ ഭിന്നശേഷിയുള്ള 18 വയസ്സിന് മുകളിലുള്ള പത്ത് പന്ത്രണ്ട് പേർക്ക് താമസിക്കാം. ഇത്തരം പത്ത് യൂനിറ്റുകളാണ് ഉണ്ടാവുക. അടുക്കള, റിക്രിയേഷൻ റൂം, ലൈബ്രറി, വൊക്കേഷനൽ സൗകര്യം, പൂന്തോട്ടം, ഫിസിയോതെറപ്പി സെന്റർ, ജോബ് കോച്ചിങ് സെന്റർ എന്നിവ ഈ യൂനിറ്റുകളിൽ സജ്ജീകരിക്കും.താമസം, പുതിയ ആളുകളുമായുള്ള സമ്പർക്കം, ഭിന്നശേഷിക്കാർക്കുള്ള മോശം സാഹചര്യങ്ങൾ എന്നിവയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഒഴിവാക്കുന്നതിനായി മുതിർന്നവർക്കുള്ള അസിസ്റ്റഡ് ലിവിങ്ങിനുള്ള ഹാഫ്വേ ഹോംസ് സ്ഥാപിക്കുന്നതാണ് മൂന്നാമത്തെ ഘടകം.നാലാമത്തെ ഘടകമായ ഹൈ ഡിപൻഡൻസി കെയർ ഫോർ ടോട്ടലി ബെഡ് റിട്ടയേഡ്, സ്വയം അനങ്ങാൻ കഴിയാത്തവർക്ക് പ്രത്യേക പരിചരണം നൽകാൻ ലക്ഷ്യമിടുന്നതാണ്.
‘ഉദ്ഘാടനം കഴിഞ്ഞതിനുശേഷവും കുറച്ച് ജോലിയുണ്ടായിരുന്നു. അത് തീരാത്തതുകൊണ്ടാണ് തുറന്നുകൊടുക്കാത്തത് എന്നാണറിയാൻ കഴിഞ്ഞത്. കോമ്പൗണ്ടിന്റെ പണിയാണ് ഇപ്പോൾ നടക്കുന്നത്’. പി.വി. മിനി (മുളിയാർ പഞ്ചായത്ത് പ്രസിഡന്റ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.