കാസർകോട്: ജില്ലയിലെ എൻഡോസൾഫാൻ ബാധിതരുടെ വിലാപങ്ങൾ ഇനിയും കെട്ടടങ്ങിയില്ല. സർക്കാർ സഹായത്തിന്റെ പട്ടികയിൽനിന്ന് ഇപ്പോഴും ഒട്ടേറെപേർ പുറത്താണ്. ലിസ്റ്റിൽ ഇനിയും ഇടം കിട്ടാത്തവരായി 1031 പേരുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. പട്ടികയിൽനിന്ന് കാരണമില്ലാതെ പുറത്താക്കിയ ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉയർന്നുതുടങ്ങിയിട്ടുണ്ട്. പ്രധാനമായും ഈ ആവശ്യമുന്നയിച്ചാണ് ഈമാസം 26ന് രാവിലെ 10ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ജനകീയ കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുള്ളത്. 2017 ഏപ്രിലിൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിലുടെ 1905 എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ അറിയിച്ചിരുന്നു.
എന്നാൽ, മന്ത്രി ചെയർമാനും കലക്ടർ കൺവീനറുമായുള്ള സെല്ലിൽ ലിസ്റ്റ് എന്തുകൊണ്ടോ അവതരിപ്പിക്കപ്പെട്ടില്ല. പിന്നീട് നടന്ന സെൽ യോഗത്തിൽ 1905 എന്നത് ഡെപ്യൂട്ടി കലക്ടർ 287 ആക്കി ചുരുക്കി. തുടർന്ന് ദുരിതബാധിതർ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ശക്തമായ പ്രതിഷേധമുയർത്തി. ഈ സാഹചര്യത്തിൽ മുൻ മന്ത്രി ബിനോയ് വിശ്വവും കാസർകോടിന്റെ സ്വന്തം മന്ത്രിയുമായിരുന്ന ഇ. ചന്ദ്രശേഖരനും കാസർകോട്ട് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന ഉറപ്പ് സമരനേതൃത്വത്തിന് നൽകുകയുണ്ടായി. അത് നടക്കാതെ വന്നപ്പോഴാണ് കലക്ടറേറ്റിൽ സെൽ യോഗം ചേർന്നുകൊണ്ടിരിക്കെ അമ്മമാർ പ്രതിഷേധവുമായി എത്തിയത്. ഇതോടെ പ്രശ്നം വീണ്ടും സജീവമായി. ഇതിന്റെ ഭാഗമായി പട്ടിക പുന:പരിശോധിക്കാൻ തീരുമാനമായി. മാസങ്ങളെടുത്തു നടത്തിയ പരിശോധനയിൽ 76 പേരെ ലിസ്റ്റിൽ കൂട്ടിച്ചേർത്തത് ഇതിന്റെ ഫലമായിരുന്നു. അപ്പോഴും ലിസ്റ്റ് ചെയ്യപ്പെട്ട 1542 ദുരിതബാധിതർ ലിസ്റ്റിൽനിന്ന് പുറത്തുതന്നെയായിരുന്നു.
ഈയൊരാവശ്യം ഉന്നയിച്ചാണ് 2019 ജനുവരി 30ന് സെക്രട്ടേറിയറ്റിനു മുന്നിൽ അമ്മമാർ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചത്. ഇതിന്റെ ഫലമായി 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പട്ടികയിൽ ചേർക്കാനും ശേഷിക്കുന്നവരുടെ മെഡിക്കൽ റെക്കോഡ് പരിശോധിച്ച് അർഹതയുള്ളവരെ പരിഗണിക്കാമെന്നും മുഖ്യമന്തി ഉറപ്പുനൽകി. ഇതിലൂടെ 18 വയസ്സിൽ താഴെയുള്ള 511 കുട്ടികളെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തി. എന്നാൽ, 1031 പേരുടെ കാര്യത്തിൽ ഇന്നേവരെ തീരുമാനമാനമായിട്ടില്ല.
ശരിയുടെയും തെറ്റുകളുടെയും കൂട്ടിക്കിഴിക്കലുകൾക്കിടയിൽ അവശേഷിക്കുന്നത് ഇവരെ ഒഴിവാക്കാൻ കാരണമെന്ത് എന്ന ചോദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.