കാസർകോട്: മലബാറിലെ തീയ്യ സമുദായത്തെ ഒ.ബി.സി ലിസ്റ്റിലും എസ്.സി.ബി.സി ലിസ്റ്റിലും പ്രത്യേകം ക്രമനമ്പറില്‍ രേഖപ്പെടുത്തി പ്രത്യേകം സംവരണം നല്‍കണം എന്നാവശ്യപ്പെട്ട് തീയ്യ ക്ഷേമസഭ നല്കിയ പരാതിയിൽ നരവംശശാസ്ത്ര റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് കേരള നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി കിര്‍ത്താഡ്സിനോട് നിർദേശിച്ചു.
സമിതി ചെയര്മാന് പി.എസ്. സുപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ നിന്ന് ലഭിച്ചതും സമിതിയുടെ പരിഗണന ഉള്ളതുമായ ഹരജികളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുപ്പ് നടത്തി.
മലബാറിലെ ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും 800 രൂപ 3000 ആയി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖില കേരള യാദവ സഭ നല്കിയ പരാതിയിന്മേല് 2020ല്‍ 1400 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. കാലാനുസൃതമായ വര്‍ധന സമിതി വീണ്ടും നിർദേശിച്ചതിനെ തുടര്‍ന്ന് ഇത് 2000 രൂപയാക്കി ഉയര്‍ത്തുന്ന വിഷയം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് ചെയര്മാന് അറിയിച്ചു.
ക്ഷേത്ര കമ്മിറ്റികള്‍ വിശ്വകർമജര്‍ക്ക് മതിയായ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വിശ്വകർമ ഫെഡറേഷന് നല്കിയ പരാതി, ജാമിയ സാദിയ അറബിയ എന്ന സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നല്‍കണം എന്ന് ആവശ്യപ്പെട്ട് ജനറല്‍ മാനേജര്‍ നല്കിയ പരാതി, കൊങ്കിണി ഭാഷ സംസാരിക്കുന്ന ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക സഭ നല്കിയ പരാതി എന്നിവ സമിതി പരിഗണിച്ചു.
ഒരു പുതിയ പരാതി സ്വീകരിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തെളിവെടുപ്പില്‍ കേരള നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി അംഗങ്ങളായ അരുവിക്കര എം.എല്‍.എ ജി. സ്റ്റീഫന്‍, തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.