കാസർകോട്: കോളജ് അധ്യാപകരെ 'അനുസരണയുള്ള നായ്ക്കള്‍' എന്ന് വിശേഷിപ്പിച്ച ഹയര്‍സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറി വിവേകാനന്ദനെ സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന് എ.എച്ച്.എസ്.ടി.എ ആവശ്യപ്പെട്ടു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷ സെക്രട്ടറിയായ ആളാണ് അദ്ദേഹം. തന്റെ പിടിപ്പുകേടുകള്‍ മൂലം ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഇത്രയേറെ വിവാദം ഉണ്ടാക്കിയ മറ്റൊരു പരീക്ഷ സെക്രട്ടറി ഇല്ല.
അധ്യാപക സംഘടന നോമിനികളായ ജില്ല കോഓഡിനേറ്റര്‍മാരെ ഉപയോഗിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷ ഡ്യൂട്ടിക്കുള്ള ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചും ഗള്‍ഫ് പരീക്ഷ ഡ്യൂട്ടിക്ക് തന്നിഷ്ടം പോലെ നിയോഗിച്ചും മൂല്യനിര്‍ണയ ക്യാമ്പുകള്‍ കലാപ കലുഷിതമാക്കിയും വിവാദമാക്കിയത് ഇദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു.
ഒരു കോളജ് അധ്യാപകനായ ഇദ്ദേഹം തന്നോടൊപ്പമുള്ള കോളജ് അധ്യാപകര്‍, പരീക്ഷ നടത്തിപ്പില്‍ അനുസരണയുള്ള നായ്ക്കള്‍ ആണെന്ന് പറഞ്ഞത് അത്തരം ചുമതലകള്‍ നേരിട്ട് നിര്വഹിച്ചിട്ടില്ലാത്തതിനാലാവണം. അതിനാല്‍ അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷന് അവസാനിപ്പിച്ച് കോളജിലേക്ക് തിരിച്ചയച്ച് പരീക്ഷ നടത്തിപ്പിന്റെ ഭാഗമാകാന്‍ അവസരം ഒരുക്കണം.
അല്ലെങ്കില്‍ തന്റെ നേതൃത്വത്തില്‍ നടക്കുന്ന പരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടെന്നു സ്വയം സമ്മതിച്ച ഈ ഉദ്യോഗസ്ഥനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും തയാറാകണമെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് (എ.എച്ച്.എസ്.ടി.എ) ജില്ല കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജില്ല പ്രസിഡൻറ് സുനിൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ.ബി. അൻവർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രവീൺ കുമാർ, സുബിൻ ജോസ്, പി.വി.ടി. രാജീവ്, വനിത ഫോറം ചെയർ പേഴ്സൻ പ്രേമലത, കൺവീനർ ശ്രീജ രാജേന്ദ്രൻ, ജില്ല ട്രഷറർ കെ. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ ഷിനോജ് സെബാസ്റ്റ്യൻ, രാജേന്ദ്രൻ കോടോത്ത് , ജോയിന്റ് സെക്രട്ടറിമാരായ രാജേന്ദ്രൻ, സിന്ധുശ്രീ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.