കാസർകോട്: രണ്ടുവർഷത്തോളമായി അടച്ചിട്ടിരിക്കുന്ന പൊതുമേഖല സ്ഥാപനമായ ബദ്രടുക്കയിലെ കെൽ ഇ.എം.എൽ കമ്പനി വ്യവസായ മന്ത്രി പി. രാജീവ് സന്ദർശിച്ചു. കമ്പനി നവീകരണത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി 20 കോടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. കേന്ദ്രം വിൽപനക്കുവെച്ച ഭെൽ ഇ.എം.എൽ കമ്പനി സംസ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായാണ് മന്ത്രി കമ്പനിയിലെത്തിയത്. ഉദ്യോഗസ്ഥരുമായും തൊഴിലാളികളുമായും മന്ത്രി ചർച്ച നടത്തി. കമ്പനി ഫെബ്രുവരി പകുതിയോടെ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള പൊതുമേഖല പുനരുദ്ധാരണ സ്ഥാപനമായ റിയാബിന്റെ നിർദേശപ്രകാരം കമ്പനിയിലെ യന്ത്രങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണിയും നടന്നുവരുകയാണ്. ശമ്പളവർധന ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സ്ഥാപനം മെച്ചപ്പെട്ടതിനുശേഷം തീരുമാനിക്കും. ശമ്പള കുടിശ്ശിക നല്‍കുന്നതിനുള്ള ഒരു വിഹിതം നിലവില്‍ ഇപ്പോൾ അനുവദിച്ച 20 കോടിയില്‍ നിന്നും നല്‍കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, മുന്‍ എം.പി പി. കരുണാകരന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, കെല് ചെയര്‍മാനും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കെല് മാനേജിങ് ഡയറക്ടര്‍ ഷാജി എം. വർഗീസ്, യൂനിറ്റ് ഹെഡ് ജോസി കുര്യാക്കോസ്, ഡി.ജി.എം മാര്‍ക്കറ്റിങ് കെ. നിഷ, ഡിസൈനിങ് ഹെഡ് പി. രാമചന്ദ്രന്, സീനിയര്‍ മാനേജര്‍ എ.എം. രാജേഷ്, ട്രേഡ് യൂനിയന്‍ നേതാക്കളായ ടി.കെ. രാജന്, വി.പി. രത്നാകരന്, കെ.പി. മുഹമ്മദ് അഷ്റഫ്, കെ.ജി. സാബു, വി. പവിത്രന് എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. ഫാക്ടറി നവീകരണ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി.
കെല്ലിന്റെ 4.5 ഏക്കര്‍ സ്ഥലത്ത് കിന്‍ഫ്രയുടെ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നത് പരിഗണനയിലാണ്. മടിക്കൈ ഗുരുവനത്ത് ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റില്‍ ഏപ്രിലോടെ ഭൂമി വ്യവസായ സംരംഭകര്‍ക്ക് അനുവദിക്കും. അനന്തപുരത്ത് 104 ഏക്കറില്‍ 35 കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചു. 2.5 ഏക്കറാണ് ഇനി ഇവിടെ അവശേഷിക്കുന്നത്. അതും സംരംഭകർക്ക് നൽകും. ചീമേനി ഐ.ടി പാര്‍ക്ക് വ്യവസായ പാര്‍ക്കായി മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഐ.ടി വകുപ്പില്‍ നിന്ന് ഭൂമി വിട്ടുകിട്ടുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.
ഉദുമ സ്പിന്നിങ് മില്‍ ആധുനികവത്കരിക്കും. നിലവില്‍ ഉദുമ ടെക്സ്റ്റൈല്‍സ് മില്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാര്‍ത്തസമ്മേളനത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജെ. രാജമാണിക്യം എന്നിവര്‍ പങ്കെടുത്തു.
കാസർകോട്: സംസ്ഥാനത്ത് ഈ വർഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ്. 50 കോടി വരെയുള്ള നിക്ഷേപങ്ങളുടെ സംരംഭങ്ങള്‍ക്ക് ലൈസന്‍സുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 50 കോടിക്ക് മുകളില്‍ നിക്ഷേപിക്കുന്ന സംരംഭങ്ങള്‍ക്ക് എല്ലാ രേഖകളുമുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം അനുമതി നല്‍കും.
നിക്ഷേപകരുടെ പരാതികൾക്ക് പരിഹാരം കാണാന്‍ ജില്ലതലത്തില്‍ കലക്ടര്‍ അധ്യക്ഷനായ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. വകുപ്പുതല നടപടികള്‍ക്കും പിഴയീടാക്കുന്നതിനുള്ള അധികാരവും ഈ സമിതികള്ക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കിന്‍ഫ്ര എം.ഡി കെ.എ. സന്തോഷ് കോശി തോമസ് എന്നിവര്‍ സംസാരിച്ചു.
ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്കുമാര്‍ സ്വാഗതം പറഞ്ഞു. 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയില്‍ 47 പരാതികളാണ് പരിഗണിച്ചത്. ചൊവ്വാഴ്ച ലഭിച്ച പത്ത് പരാതികള്‍ ജില്ലതലത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ പിന്നീട് പരിഹരിക്കും.
കാസർകോട്: വര്‍ഷങ്ങള്‍ക്കുമുമ്പ് അടച്ചുപൂട്ടിയ നെല്ലിക്കുന്നിലെ ആസ്ട്രല്‍ വാച്ചസ് കമ്പനി പ്രദേശം മന്ത്രി പി. രാജീവ് സന്ദർശിച്ചു. 1.99 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഇവിടെ ഫെബ്രുവരിയോടെ പുതിയ വ്യവസായ സംരംഭത്തിന് തറക്കല്ലിടുമെന്ന് അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, കാസർകോട് നഗരസഭ ചെയര്മാന് വി.എം. മുനീര്‍, കൗണ്‍സിലര്‍ വീണ അരുണ്‍ ഷെട്ടി തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.