മംഗളൂരു: മംഗളൂരു വൈദ്യുതി സപ്ലൈ കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുമൂലം വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് റഫ്രിജറേറ്ററിൽ സൂക്ഷിച്ച ഭക്ഷണം കേടുവന്നതിൽ നഷ്ടപരിഹാരം നൽകാൻ വിധി. ദക്ഷിണ കന്നട ജില്ല ഉപഭോക്തൃ പരാതി പരിഹാര ഫോറമാണ് 'മെസ്കോമി'നോട് ഉത്തരവിട്ടത്. ഉള്ളാൾ മില്ലത്ത് നഗറിലെ കബീർ ഉള്ളാളാണ് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകിയത്.
2018 ജൂൺ 12ന് കബീറിന് 1787 രൂപയുടെ വൈദ്യുതി ബിൽ വന്നിരുന്നു. ജൂൺ 27ന് ആയിരുന്നു ബിൽ അടക്കാനുള്ള അവസാന തീയതി. എന്നാൽ, ബിൽ തുക ജൂൺ 14 ന് തന്നെ അടച്ച് ഇയാളും കുടുംബവും ഭാര്യ വീട്ടിലേക്ക് വിരുന്നിനു പോയി. മത്സ്യം, ആട്ടിറച്ചി, പച്ചക്കറികൾ, ഐസ്ക്രീം തുടങ്ങി ഭക്ഷണ സാധനങ്ങളും റഫ്രിജറേറ്ററിൽ സൂക്ഷിച്ചായിരുന്നു വിരുന്നുപോയത്. തിരിച്ചെത്തിയപ്പോൾ റഫ്രിജറേറ്ററിൽനിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. അന്വേഷിച്ചപ്പോഴാണ് ബിൽ അടച്ചില്ലെന്ന് കാണിച്ച് ഫ്യൂസ് ഊരിയതായി അറിഞ്ഞത്.
തുടർന്നാണ് പരാതിയുമായി ഉപഭോക്തൃ ഫോറത്തിലെത്തിയത്. കേടായ ഭക്ഷണത്തിെൻറ വിലയായി 4,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഒരു മാസത്തിനകം നൽകാൻ 'മെസ്കോം' ഉദ്യോഗസ്ഥരോട് ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. പ്രസിഡൻറ് കെ. പ്രകാശ് , അംഗങ്ങളായ ലാവണ്യ എം. റെയ്, പി.വി. ലിംഗരാജു എന്നിവരടങ്ങുന്ന ദക്ഷിണ കന്നട ജില്ല ഉപഭോക്തൃ ഫോറമാണ് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.