കാസർകോട്: ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തുന്നയാളെ വിദ്യാനഗർ പൊലീസ് ആന്ധ്രയിൽനിന്ന് അറസ്റ്റ് ചെയ്തു. തായൽ നായന്മാർമൂല ആലംപാടി റോഡ് ഇബ്രാഹീമാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ബദിയടുക്ക, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 46 കിലോ കഞ്ചാവ് പിടിച്ച കേസിൽ മുഖ്യപ്രതിയാണ് ഇയാൾ.
ഇയാൾ ജില്ലയിലെ മൊത്ത വിതരണക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ മൂന്നു പ്രതികളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നത് ഇബ്രാഹിമാണ് എന്ന വിവരം ലഭിച്ചത്. ഇബ്രാഹിമിെൻറ നേരിട്ട് താഴെയുള്ള ഏജന്റുമാരാണ് അന്ന് അറസ്റ്റിലായ അബ്ദുറഹിമാൻ, മുഹമ്മദ് ഹാരിസ്, അഹമ്മദ് കബീർ എന്നിവർ. ഇവർ അറസ്റ്റിലാകുമ്പോൾ ഇബ്രാഹിം ആന്ധ്രയിലായിരുന്നു.
തുടർന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന ആന്ധ്ര പൊലീസുമായി ബന്ധപ്പെടുകയും ആന്ധ്ര പൊലീസിൻെറ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുവെച്ചാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂരിൽ നിന്നും 3.6 കിലോ കഞ്ചാവുകൂടി പിടികൂടിയിട്ടുണ്ട്. ഇബ്രാഹിമിന് ബദിയടുക്ക, മേൽപറമ്പ, നായന്മാർമൂല, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഏജന്റുമാരുള്ളത്.
ആന്ധ്രയിലെ നക്സൽ ബാധിത മേഖലയിലെ ആയിരക്കണക്കിന് ഏക്കർ വരുന്ന കഞ്ചാവ് പാടത്തുനിന്നാണ് കേരളത്തിലേക്ക് കഞ്ചാവെത്തുന്നത്. അഞ്ചിരട്ടി വിലക്കാണ് ഇവിടെ വിൽപന നടത്തുന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ കാസർകോട് ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ വി.വി. മനോജ്, എസ്.ഐ സി. ബാലകൃഷ്ണൻ, സീനിയർ സി.പി.ഒ ശിവകുമാർ, സി.പി.ഒമാരായ എസ്. ഗോകുല, ഷജീഷ്, ഡ്രൈവർ രഞ്ജിത്ത് എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.