കാസർകോട്: ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് നന്നാക്കാത്തതിനെ തുടർന്ന് സ്ത്രീയുടെ മൃതദേഹം താഴെയിറക്കിയത് ചുമട്ടുകാർ. കുമ്പള ബന്തിയോട്ടെ സ്ത്രീയുടെ മൃതദേഹമാണ് ചുമട്ടുകാർ താഴെയിറക്കിയത്. നാലാം നിലയിലായിരുന്നു ഇവർ. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. സ്ട്രക്ചറിൽ കിടത്തി താഴേക്ക് ഇറക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് മൃതദേഹം താഴേക്ക് ചുമട്ടുകാർ ഇറക്കുന്നത്. ലിഫ്റ്റ് പ്രശ്നം തുടരുന്നതോടെ രോഗികളെയും മൃതദേഹവും ചുമക്കാൻ ആശുപത്രി മാനേജ്മെന്റ് ചെലവിൽ രണ്ടുപേരെ നിയമിച്ചു. നിലവിലുള്ള താൽക്കാലിക ജീവനക്കാരുടെ പട്ടികയിൽനിന്നാണ് രണ്ടുപേരെ ചുമതലപ്പെടുത്തിയത്. പുറത്തുനിന്നും ചുമട്ടു തൊഴിലാളികളെ കൊണ്ടുവരുന്നതുവഴിയുള്ള വിവാദങ്ങൾ ഒഴിവാക്കാൻ ഇത് ഉപകരിക്കും എന്നാണ് പറയുന്നത്. മേയ് ഏഴുവരെയാണ് നിയമനം.
ലിഫ്റ്റ് നിർമാതാക്കളായ ഇൻഫ്രയുടെ റിപ്പോർട്ട് ഇന്നുരാവിലെ എത്തും. ടെൻഡർ വിളിച്ച് അറ്റകുറ്റ പണി നടത്താനുള്ള സാവകാശം ഏഴുദിവസം മുന്നിൽ കാണുന്നുണ്ട്. മേയ് ഏഴുവരെ ചുമക്കൽ തുടരും. രണ്ടാഴ്ചയോളമായി തകർന്നുകിടക്കുകയാണ് ലിഫ്റ്റ്. രോഗികൾക്കും കൂടെയുള്ളവർക്കും ഉപയോഗിക്കാനുള്ള ലിഫ്റ്റാണ് തകർന്നത്.
ചെറിയ ലിഫ്റ്റ് പ്രവർത്തനക്ഷമമാണ്. വീൽ ചെയറിലുള്ള രോഗികൾ ഈ ലിഫ്റ്റ് ഉപയോഗിച്ച് വരുന്നു. വിദ്യാർഥികൾ, രോഗിയുടെ കൂട്ടിരിപ്പുകാർ എന്നിവർ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രോളി അടക്കം കയറ്റാവുന്ന വലിയ ലിഫ്റ്റാണ് തകരാറിലായത്. കഴിഞ്ഞ സാമ്പത്തിക വർഷം ലിഫ്റ്റ് സ്ഥാപിച്ച കമ്പനി ഉൾപ്പെടെ ആരുംതന്നെ വാർഷിക മെയെന്റൻസ് ഏറ്റെടുക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ലിഫ്റ്റ് പ്രദേശികമായി റിപ്പയർ ചെയ്യിക്കുകയായിരുന്നു. ഈ വർഷം റിപ്പയറിനു വേണ്ടി രണ്ടു കമ്പനികളിൽ നിന്ന് ഓഫർ ലഭിച്ചിട്ടുണ്ട്.
പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ അനുമതിയോടെ രണ്ടാഴ്ചക്കകം ലിഫ്റ്റ് ശരിയാക്കുമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം അറിയിച്ചു. ലിഫ്റ്റ് തകരാറായത് മൂലം ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നത് നിയന്ത്രിക്കുകയോ ഓപ്പറേഷൻ മാറ്റി വെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.