വിമാനത്താവളം വഴി എത്തുന്ന സ്വർണത്തിൽ 90 ശതമാനവും പിടികൂടുന്നുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അവകാശവാദം. എന്നാൽ, 90 ശതമാനവും പിടിക്കപ്പെടുന്നില്ലെന്നാണ് യാഥാർഥ്യം.
പിടികൂടുന്നതിൽ അധികവും ആരെങ്കിലും ഒറ്റിക്കൊടുക്കുന്നവയുമാണ്. ഇനി പിടിക്കപ്പെട്ടാലും പല സംഭവങ്ങളിലും സ്വർണക്കടത്തുകാർക്ക് വലിയ നഷ്ടമില്ല. നികുതിവെട്ടിപ്പിലൂടെയാണല്ലോ ലാഭം കിട്ടുന്നത്.
ആ ലാഭം നികുതിയായി അടച്ചാൽ മറ്റ് നഷ്ടമൊന്നുമില്ല. ഇതിനുള്ള പഴുതുകൂടി അടങ്ങുന്നതാണ് നിയമസംവിധാനം. സ്വർണം പിടികൂടിയ ശേഷം അതെന്തായി എന്ന് ആരും അന്വേഷിക്കാറില്ല. അപൂർവം ചിലത് മാത്രമേ പൂർണമായും നഷ്ടപ്പെടുന്ന സ്ഥിതിയുള്ളൂ.
കോഴിക്കോട്, കണ്ണൂർ, മംഗളൂരു വിമാനത്താവളങ്ങളിലൂടെയാണ് ജില്ലയിലെയും കാരിയർമാരുടെ യാത്രകൾ. കോഴിക്കോട് വിമാനത്താവളത്തിൽ മാസങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവമുണ്ട്. വിമാനമിറങ്ങി വന്നയാളെ പതിവ് ദേഹപരിശോധന നടത്തുന്നു. എന്ത് ചോദിച്ചിട്ടും ആൾക്ക് മറുപടിയൊന്നുമില്ല. ആംഗ്യഭാഷയിലാണ് ആശയവിനിമയം. ഉദ്യോഗസ്ഥർ അയാളെ അരികിലേക്ക് മാറ്റിനിർത്തി മറ്റുള്ളവരെ പരിശോധിക്കാൻ തുടങ്ങി.
അപ്പോഴതാ അയാൾ വായ് തുറക്കുന്നു. കള്ളത്തരവും പുറത്തായി. പല്ല് രൂപത്തിലാണ് കക്ഷി സ്വർണം ഒളിപ്പിച്ചുവെച്ചത്. ശരീരത്തിലും വസ്ത്രത്തിലുമെല്ലാമായി വിവിധ രൂപങ്ങളിൽ എത്തിക്കുന്ന സ്വർണം പലപ്പോഴും വിമാനത്താവളത്തിലെ പരിശോധനയിൽ തെളിയണമെന്നില്ല.
കാരണം, ശരീരത്തിൽ ഒളിപ്പിച്ചുകൊണ്ടുവരുന്നയാൾ സ്കാനിൽ ഇത് തെളിയാതിരിക്കാനുള്ള കൃത്യമായ മുന്നൊരുക്കം നടത്തും. നമ്മുടെ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്നതിനേക്കാൾ നല്ല മെഷീനുകളിലാണ് ആ റിഹേഴ്സൽ. ലഗേജ്-ശരീര സ്കാനിങ് മറികടക്കാനാവുന്ന സൂത്രങ്ങളെല്ലാം പഠിച്ച് കൂളായി അവർ ഇറങ്ങിപ്പോവും.
എല്ലാകാര്യത്തിലുമെന്ന പോലെ ചെറിയ കടത്തുകളിലൂടെയാണ് കാരിയർമാരുടെ കരിയറിന്റെയും തുടക്കം. വഴികൾ സഞ്ചാരയോഗ്യമാവുമ്പോൾ കടത്തുസാധനത്തിന്റെ വലുപ്പം കൂടിക്കൊണ്ടിരിക്കും. വസ്ത്രങ്ങൾ, കുങ്കുമം, പെർഫ്യൂം, പ്രോട്ടീൻ തുടങ്ങി സാധനങ്ങൾ ഏൽപിക്കുന്ന ചെറിയ പദ്ധതികളാണ് ആദ്യം തുടങ്ങുക.
ലഗേജിന്റെ വലുപ്പത്തിനനുസരിച്ച് ചെറിയ പ്രതിഫലമാണ് കാരിയർമാർക്ക് കിട്ടുക. നിയമവിധേയമായ കാര്യമായതിനാൽ കാരിയർക്ക് ധൈര്യവും ലഭിക്കും. കടത്ത് സ്വർണത്തിലേക്ക് മാറുമ്പോൾ കാരിയർക്കും വലിയ സാധ്യതകൾ. റിസ്ക് ജോലിയാണെങ്കിലും വെല്ലുവിളി പോലെ ഏറ്റെടുക്കുന്നു. ആദ്യ ഒന്നു, രണ്ട് ശ്രമം വിജയിച്ചാൽ പിന്നെ ഈ രംഗത്തെ വിദഗ്ധനായി. പിന്നെ സ്വർണക്കടത്തിനു വേണ്ടി മാത്രം കടൽകടക്കുന്ന കാരിയറായി.
എളുപ്പം പണമുണ്ടാക്കുന്ന തൊഴിലായി പലരും കാരിയർപണി തിരഞ്ഞെടുക്കുന്നു. സ്വർണമൊഴികെ സാധനങ്ങൾ കടത്തുന്ന ഒട്ടേറെ പേരാണുള്ളത്. ഇടക്കിടെ ഗൾഫിലേക്ക് പറക്കാം. കാരിയറെ കുടുക്കുന്ന വഴികൾ അവർ തിരിച്ചറിയുന്നില്ലെന്നതാണ് പ്രശ്നം. കുടുങ്ങിയാലുള്ള ബുദ്ധിമുട്ടൊന്നും അറിയാത്തവരാണ് പലരും.
മൊഗുറോഡിലെ സിദ്ദീഖിന്റെ മരണത്തോടെ പലരും കാരിയർ ജീവിതത്തിൽനിന്ന് പിന്മാറിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ക്രൂരമായ മരണത്തിന്റെ ഞെട്ടലിലാണ് ഒരുവിഭാഗം യുവാക്കൾ.
നേരത്തേ ഇപ്പണിയെടുത്ത ഇവർ കൂട്ടത്തോടെ പിന്മാറുന്നുണ്ട്. നിഷ്ഠുര കൊലപാതകമൊന്നും അറിയാതെ എത്തിപ്പെട്ടവരിലാണ് ഈ പിന്മാറ്റം. ആര് പിന്മാറി, എപ്പോൾ മാറിയെന്നൊന്നും വെളിപ്പെടുത്താൻ യുവാക്കൾ തയാറല്ല. എന്നുവെച്ച് കാരിയർമാരില്ലാതാവുമെന്നും ഇവർ പറയുന്നുമില്ല.
കുറച്ചുകാലത്തേക്ക് എങ്കിലും പുതിയയാളുകൾ ഈ മേഖലയിൽ ഇറങ്ങില്ലെന്ന് കാരിയർ ജോലി അവസാനിപ്പിച്ച യുവാവ് പറഞ്ഞു. പൊലീസും ഇക്കാര്യം സമ്മതിക്കുന്നു. പുതിയ തട്ടിക്കൊണ്ടുപോകലിലും ഗുണ്ടാ ആക്രമണത്തിലും കാര്യമായ കുറവുണ്ടായതായി മഞ്ചേശ്വരം പൊലീസും സമ്മതിക്കുന്നു.
മൊഗുറോഡ് സിദ്ദീഖ് വധക്കേസിൽ 19പേരെ പ്രതികളാക്കിയാണ് കേസ്. ക്വട്ടേഷൻ കൊടുത്തവരും കൊലയിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരും ഉൾപ്പടെ ഏഴുപേരാണ് ഇതിനകം പിടിയിലായത്. പ്രധാനപ്രതികൾ എല്ലാം വിദേശത്ത് കടന്നു.
പൊലീസ് കണക്കുപ്രകാരം 12 പേരെ കൂടി ഇനി പിടികൂടാനുണ്ട്. എല്ലാ പ്രതികളും പിടിക്കപ്പെടാത്തതിനാൽ കുറ്റപത്രം തയാറാക്കാൻ കഴിയുന്നില്ല. വിദേശത്ത് രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
എല്ലാവരുടെയും പാസ്പോർട്ട് റദ്ദാക്കാൻ പാസ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നിർദേശവും നൽകിയിട്ടുണ്ട്. അതിനിടെ, കേസ് അന്വേഷണം മറ്റ് ഏജൻസിക്ക് കൈമാറാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. കേസിന്റെ തുടക്കത്തിൽ ആറുപേർ പിടിയിലായെങ്കിലും കൃത്യമായ അലംഭാവം ഈ കേസിലുമുണ്ടായിട്ടുണ്ട്.
കൊലയിൽ നേരിട്ട് പങ്കെടുത്തവർ ദിവസങ്ങൾക്കുശേഷമാണ് വിദേശത്ത് കടന്നത്. പിടിക്കപ്പെട്ടവരിൽ ഏതാനും പേർക്ക് ജാമ്യവും ലഭിച്ചു. കൊല്ലപ്പെട്ടവരും കൊല്ലിച്ചവരും ആരെന്ന് നാട്ടുകാർക്ക് കൃത്യമായി അറിയാം. അവരാണ് ഇപ്പോൾ പ്രധാന നീക്കങ്ങൾ പൊലീസിനെ അറിയിക്കുന്നതും. അതിലാണ് പ്രതീക്ഷയും.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.