കാസർകോട്: പെരുമ്പള ബേനൂരിൽ പെൺകുട്ടിയുടെ മരണം സംബന്ധിച്ച് പൊതുസമൂഹത്തിലുണ്ടായ ദുരൂഹതയെ അന്വേഷണ മിടുക്കു കൊണ്ട് വളരെ വേഗത്തിൽ നീക്കിയ മേൽപറമ്പ് പൊലിസ് ഇൻസ്‍പെക്ടർ ഉൾപ്പടെ നാല് പൊലിസുകാർക്ക് ഡി.ഐ.ജിയുടെ അഭിനന്ദനം. പിഴക്കാത്ത ചുവടുവെപ്പിന് ഇവർക്ക് ആഭ്യന്തര വകുപ്പിന്റെ ഗുഡ് സർവീസ് എൻട്രി നൽകി.
മേല്പറമ്പ പോലീസ് സ്റ്റേഷൻ ഇൻസ്‍പെകടർ ടി. ഉത്തംദാസ്, എസ്.ഐ. വി.കെ. വിജയൻ, സിവിൽ പോലീസുകാരായ സീമ, രഞ്ചിത്ത് എന്നിവർക്കാണ് ബേക്കൽ ഡി.വൈ.എസ്.പിയുടെയും ജില്ല പൊലിസ് മേധാവിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായർ ഗുഡ് സർവീസ് എൻട്രി സർട്ടിഫിക്കറ്റ് നൽകി ഉത്തരവായത്. പെൺകുട്ടിയുടെ മരണം ആദ്യം കുഴിമന്തി കഴിച്ച് വിഷബാധയേറ്റാണെന്നാണ് പ്രചരിച്ചത്. ഇത് ചാനലുകളിൽ പ്രചരിച്ചതോടെ ഡി.എം.ഒ ഓഫിസിലേക്കും മന്തി വിറ്റ കടയിലേക്കും യുവജന മാർച്ചുകൾ സംഘടിപ്പിച്ചു.
കടകൾ തല്ലി തകർത്തു. ജനപ്രതിനിധിൽ ‘ഭക്ഷ്യവിഷബാധ’ ഏറ്റുപിടിച്ചു. എന്നാൽ സംഭവത്തിനു സ്ഥിരീകരണം ലഭിക്കാത്തതിനാൽ പൊലിസ് സംയമനം പാലിച്ചു. സംശയം തോന്നിയ പൊലിസ് കടയുടമയെ സ്റ്റേഷനിൽ പാർപ്പിച്ച് സുരക്ഷയൊരുക്കി. കസ്റ്റഡിയിൽ എടുത്തവരെ അന്നു തന്നെ വിട്ടയച്ചു. പോസ്റ്റു മോർട്ടം റിപ്പോർട്ട് വളരെ വേഗത്തിൽ ലഭ്യമാക്കിയ പൊലിസ് ഇതു സംബന്ധിച്ച എല്ലാ ദുരൂഹതകളും നീക്കി കുട്ടിയുടേത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു നൽകി. എവിടെയും പിഴക്കാതെ നീങ്ങിയ നടപടിക്കാണ് അഭിനന്ദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.