കാസർകോട്: അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസത്തിന്റെ തെളിനീര് നല്കുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിതരുടെ പുനരധിവാസത്തിനായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് ഭൂമി വാങ്ങുന്നതിന് 68 പേര്‍ക്ക് അനുവദിച്ച ധനസഹായം വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിദരിദ്രരും അഗതികളുമില്ലാത്ത സംസ്ഥാനത്തെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും ഇതുവരെ സംസ്ഥാന തലത്തില്‍ 3,67,867 ലൈഫ് ഭവനങ്ങളുടെ നിർമാണം പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ 14,216 ലൈഫ് ഭവനങ്ങള്‍ പൂര്‍ത്തിയാക്കി. മനുഷ്യായുസ്സിലെ വീടെന്ന സ്വപ്നം കൈയെത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുകയാണ്. വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജാതിയും മതവും രാഷ്ട്രീയവുമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തിന്റെ പുറത്താണ് വിവിധ വകുപ്പുകള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. കേവലം ഭവനനിർമാണത്തിന് ധനസഹായം അനുവദിക്കുക എന്നതിലുപരിയായി ഗുണഭോക്താക്കള്‍ക്ക് മറ്റ് പദ്ധതികളുടെ ആനുകൂല്യങ്ങളും മുന്നോട്ടുള്ള ജീവിതത്തില്‍ സ്വന്തമായി തൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളും ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കള്‍ക്ക് ഭൂമി വാങ്ങിക്കുന്നതിന് 68 പേര്‍ക്ക് മൂന്ന് സെന്റ് ഭൂമി വാങ്ങുവാന്‍ 1.5 ലക്ഷം രൂപ വീതം നല്കിയ ചിറ്റിലപ്പള്ളി ഫൗണ്ടേഷനെ മന്ത്രി അഭിനന്ദിച്ചു.
ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങിൽ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവർ വിശിഷ്ടാതിഥികളായി. ലൈഫ് മിഷന് ജില്ല കോഓഡിനേറ്റര്‍ എം. വത്സന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രിയായതിനുശേഷം ആദ്യമായി ജില്ല ആസ്ഥാനത്തെത്തിയ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയെ ജില്ല കലക്ടര്‍ ബൊക്കെ നല്കി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.