കാസർകോട്: ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി നിലച്ചുതന്നെ. നബാർഡ് ഫണ്ട് ഉപയോഗിക്കാനുള്ള കാലാവധി മാർച്ച് 31ന് അവസാനിച്ചതിനാൽ പുതിയ ഫണ്ട് പാസായിട്ടുവേണം പ്രവൃത്തി പുനരാരംഭിക്കാൻ. നബാർഡിന്റെ 88.2 കോടിയുടെ സഹായത്തോടെ 400 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്റെ പണിയാണ് നിലച്ചത്. കെട്ടിടത്തിന്‍റെ തേപ്പുപണി നടക്കുന്നതിനിടെയാണ് പ്രവൃത്തി നിലച്ചത്. ആർ.ആർ. തുളസി ബിൽഡേഴ്സ് പ്രൈവറ്റ് കമ്പനി ലിമിറ്റഡിനാണ് കോളജിന്‍റെ നിർമാണ ചുമതല.
2018 സെപ്റ്റംബറിൽ തുടങ്ങിയ പ്രവൃത്തി 24 മാസത്തിനകം പൂർത്തിയാക്കുകയാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഫണ്ട് അനുവദിക്കാൻ വൈകിയതു കാരണം സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കാസർകോടിനൊപ്പം അനുവദിച്ച കോളജുകളിൽ എം.ബി.ബി.എസ് ബാച്ചുകൾ പുറത്തിറങ്ങിയിട്ടും ഇവിടെ ആശുപത്രി കെട്ടിട പ്രവൃത്തി തന്നെ പൂർത്തിയാകാത്ത സ്ഥിതിയാണ്.
മെഡിക്കൽ കോളജ് ഉടൻ സജ്ജമാക്കുമെന്നാണ് കഴിഞ്ഞ നവംബർ 18ന് ഇവിടം സന്ദർശിച്ച ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പുനൽകിയത്. കെട്ടിടത്തിന്റെ ആദ്യത്തെ നില ആറ് മാസത്തിനുള്ളിൽ തീർക്കുമെന്നാണ് കമ്പനിയും വ്യക്തമാക്കി. ഈ ഉറപ്പെല്ലാം ഇപ്പോൾ വെറുതെയായി. ഇലക്ട്രിക്കൽ വർക്കുകൾ അടക്കം പൂർത്തിയാക്കുന്നതിന് കിഫ്ബി 160.23 കോടി രൂപ അനുവദിക്കുമെന്നും ഇതിന് ഉടൻ നടപടിയുണ്ടാവുമെന്നുമാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിനുള്ള സാങ്കേതിക അനുമതിയും ഇതുവരെ ആയിട്ടില്ല. ആൺകുട്ടികളുടെ ഹോസ്റ്റൽ 20.09 കോടി, പെൺകുട്ടികളുടെ ഹോസ്റ്റൽ 7.34 കോടി, ജീവനക്കാരുടെ ക്വാർട്ടേഴ്സ് 12.35 കോടി, അധ്യാപകരുടെ ക്വാർട്ടേഴ്സ് 4.32 കോടി, റോഡ്, മലിനജല സംവിധാനം പാർക്കിങ് മേഖല 11.15 കോടി, ചുറ്റുമതിൽ കവാടം, മൈതാനത്ത് ഗാലറി 2.59 കോടി, ജല വിതരണ സംവിധാനം 5.62 കോടി, മെഡിക്കൽ ഉപകരണങ്ങൾ 47.10 കോടി, ഓഡിറ്റോറിയം ലൈബ്രറി ,സബ്സ്റ്റേഷൻ, മൈതാനം, അകത്തെ റോഡുകൾ 9.78 കോടി എന്നിങ്ങനെയുള്ള പദ്ധതികളാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കാനിരുന്നത്.
30 കോടി രൂപ ചെലവിൽ കാസർകോട് വികസന പാക്കേജിൽ പൂർത്തിയാക്കിയ അക്കാദമിക് ബ്ലോക്ക് കെട്ടിടം മാത്രമാണ് ആകെ പൂർത്തിയായത്. ഇവിടെയാണ് ഇപ്പോൾ ഒ.പി പ്രവർത്തിക്കുന്നത്.
അതേസമയം, ഇലക്ട്രിക്കൽ പ്രവൃത്തിക്ക് അനുമതി ലഭിച്ചു കഴിഞ്ഞാൽ ശേഷിക്കുന്ന ജോലികളും ചെയ്യാമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് പറഞ്ഞു. ഇതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 2013 നവംബർ 30നാണ് കാസർകോട് ഗവ. മെഡിക്കൽ കോളജിന് തറക്കല്ലിട്ടത്.
വിഷയം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിക്കുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. ഇതിനായി കലക്ടറെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.