കാസർകോട്: സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അലവൻസുയർത്തി സർക്കാർ ഉത്തരവ്. കേരളസർക്കാർ ഫെബ്രുവരി 28ന് ഇറക്കിയ പ്രത്യേക ഉത്തരവുപ്രകാരമാണ് മുനിസിപ്പാലിറ്റി പരിധിയിൽ ലഭിക്കുന്ന അലവൻസ് കാസർകോട് സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് ലഭിക്കുക.
ചെങ്കള പഞ്ചായത്തിലാണ് സിവിൽ സ്റ്റേഷൻ ആസ്ഥാനം എന്നതിനാൽ ഇതുവരെ പഞ്ചായത്തിൽ ലഭിക്കേണ്ടിയിരുന്ന വീട്ടുവാടക അലവൻസാണ് കിട്ടിക്കൊണ്ടിരുന്നത്. കലക്ടറുടെ ശിപാർശയും മറ്റ് ഉദ്യോഗസ്ഥ സംഘടനാ പ്രവർത്തകരുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ മാറ്റം വന്നിരിക്കുന്നത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഹൗസ് റെന്റ് അലവൻസ് (എച്ച്.ആർ.എ) വ്യത്യസ്തമായിരിക്കും.
പഞ്ചായത്ത് അടിസ്ഥാനമാക്കി നാലു ശതമാനമാണ് വീട്ടുവാടക അലവൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നത്. മുനിസിപ്പാലിറ്റി തോതിൽ ലഭിക്കുമ്പോൾ അത് എട്ടുശതമാനമായി ഉയരും. പഞ്ചായത്ത് പരിധിയിലാണ് സിവിൽ സ്റ്റേഷൻ ആസ്ഥാനമെങ്കിലും മുനിസിപ്പാലിറ്റിയിൽ ലഭിക്കേണ്ട വീട്ടുവാടക അലവൻസാണ് ഇതോടെ ഇവിടത്തെ ഉദ്യോഗസ്ഥർക്ക് ഫെബ്രുവരി മാസം അടിസ്ഥാനമാക്കി ലഭിക്കുക.
അതേസമയം, ഡി.എ ഇനത്തിൽ 21 ശതമാനത്തോളം കുടിശ്ശിക ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകാനുണ്ട്. അതിൽ രണ്ടു ശതമാനം മാത്രം ഏപ്രിലിൽ നൽകുമെന്ന് പറയുന്നുണ്ട്. എച്ച്.ആർ.എ അലവൻസ് മുനിസിപ്പാലിറ്റി ബാധകമാക്കി നിജപ്പെടുത്തിയതിൽ ഉദ്യോഗസ്ഥർക്ക് ഒരുപരിധിവരെ ആശ്വസിക്കാം. കാലങ്ങളായുള്ള ഉദ്യോഗസ്ഥരുടെ ആവശ്യത്തിനാണ് ഇതോടെ പരിസമാപ്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.