മൊഗ്രാൽ: കേന്ദ്രസർക്കാറിന്റെ ‘ഒരു ജില്ല, ഒരുൽപന്നം’ പദ്ധതിയിൽ ജില്ലയുടെ ഉൽപന്നമായി ചക്കക്ക് അംഗീകാരം ലഭിച്ചിട്ട് രണ്ടുവർഷമാകുന്നു. ജില്ലയിൽ മിക്കസ്ഥലങ്ങളിലും സുലഭമായി ലഭിക്കുന്നു എന്നതുകൊണ്ടാണ് ചക്കയെ ജില്ലയുടെ ഉൽപന്നമായി 2022ൽ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തത്.
കഴിഞ്ഞവർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ചക്കവിഭവങ്ങൾ ഒരുക്കി വിവിധയിടങ്ങളിൽ മഹോത്സവങ്ങൾ നടത്തിയതല്ലാതെ ചക്കയുടെ സംരക്ഷണത്തിനും സംഭരിക്കാനുമൊന്നും ജില്ല വ്യവസായകേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായിട്ടില്ല.
ജില്ലയുടെ സ്വന്തം ചക്കയുൽപന്നം പ്ലാവുകളിൽ തൂങ്ങിക്കിടന്ന് പഴുത്ത് താഴെവീണ് നശിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ചിലയിടങ്ങളിൽ വീട്ടുകാർ പറിച്ചെടുത്ത് തെരുവോരങ്ങളിൽ വിൽപനക്ക് വെച്ചു. എന്നാൽ, കിട്ടുന്ന വില തുച്ഛമായതിനാൽ പിന്നീട് അതും ഉപേക്ഷിച്ചു. ഓരോ ജില്ലക്കും ഒരുൽപന്നം കണ്ടെത്തി അവയെ ഉൽപാദനത്തിൽ കൂടുതൽ വിപുലപ്പെടുത്തിയും സംരക്ഷിച്ചും സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് കേന്ദ്രസർക്കാറിന്റെ ഈ പദ്ധതികൊണ്ട് ഉദ്ദേശിച്ചിരുന്നത്. ജില്ലയുടെ ഉൽപന്നമായി ചക്ക അംഗീകരിക്കപ്പെട്ടത് കൊണ്ടുതന്നെ ഈ പദ്ധതി നല്ലനിലയിൽ പ്രയോജനപ്പെടുത്താൻ അധികൃതരുടെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായില്ല.
പച്ച ചക്കയിൽനിന്ന് ചക്ക പൗഡർ, ചക്ക ചിപ്സ്, ചക്ക ഐസ്ക്രീം, ചക്ക ജാം തുടങ്ങിയ ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇത് സംഭരിച്ച് വിപണിയിലെത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ജില്ലയുടെ വ്യവസായിക വളർച്ചക്കും സഹായകമാവുകയും ചെയ്യുമായിരുന്നു.
ഈയടുത്ത് ബദിയടുക്കയിൽ മലയോരത്തുള്ള കുടുംബാംഗങ്ങൾ ചേർന്ന് ഒരുവർഷത്തേക്കുള്ള ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. 26 ഇനം ചക്കവിഭവങ്ങളാണ് ഇവർ ഒരുമയോടെ ഒരുക്കിയത്. ഹലുവ, പപ്പടം, വട, ദോശ, റൊട്ടി, അച്ചാർ തുടങ്ങിയ വിഭവങ്ങൾ ഇതിൽ ഇടംപിടിച്ചിരുന്നു.
ചക്കയിൽനിന്ന് ധാരാളം മൂല്യവർധിത ഉൽപന്നങ്ങൾക്കും സാധ്യതയുണ്ടെന്ന തിരിച്ചറിവുകൂടിയാണ് ഇത്തരം വിഭവങ്ങൾ.
2018ൽ ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സംസ്ഥാന സർക്കാർതന്നെ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര ദേശീയതലത്തിൽ ‘കേരള ജാക് ഫ്രൂട്ട്’ ബ്രാൻഡായി അവതരിപ്പിക്കുന്നതിന് മുന്നോടിയായിരുന്നു പ്രഖ്യാപനം. ചക്കയുടെ ഉൽപാദനവും വിതരണവും വർധിപ്പിക്കുക എന്നതായിരുന്നു സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇവിടെയും തുടർനടപടികൾ കാര്യക്ഷമമായില്ല.
ജില്ലയിലും ഇപ്പോൾ സംഭവിച്ചിട്ടുള്ളതും ഇതുതന്നെയാണ്. ഒരുവർഷം കേരളത്തിൽ 26.5 കോടിയോളം ചക്ക ഉൽപാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. ചക്കപ്പെരുമയിൽ മുന്നിൽ ഇടുക്കി ജില്ലയാണ്. ഇവിടെയാണ് ഏറ്റവും കൂടുതൽ ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്നത്. തിരുവനന്തപുരവും കണ്ണൂരുമാണ് തൊട്ടുപിറകിൽ. ഇത് കൃഷിവകുപ്പിന്റെ കാർഷിക സ്ഥിതിവിവരണക്കണക്കാണ്. സംസ്ഥാനത്തുനിന്ന് മറുനാടുകളിലേക്കുപോലും ചക്ക കയറ്റിയയക്കുന്നുണ്ട്. അതും തുച്ഛമായ വിലയിലാണെന്ന് കർഷകർ പറയുന്നു. ഇടനിലക്കാരാണ് ഇതിൽ ലാഭം കൊയ്യുന്നത്. ജില്ലയിൽ 1.1 കോടി ചക്കയാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നിട്ടും ചക്കയിലൂടെ കേന്ദ്രസർക്കാർ
പദ്ധതിയിൽ ജില്ല സ്ഥാനംപിടിച്ചു. കാലാവസ്ഥാവ്യതിയാനത്തിൽ ഈവർഷം ചക്കയുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ട്. ഉൽപാദനത്തിൽ കാലതാമസവുമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.