കാസർകോട്: രണ്ടു മിനിറ്റുകൊണ്ട് നടന്ന് റോഡിനിപ്പുറം എത്തിയിരുന്ന നുള്ളിപ്പാടിയിലെ ജനങ്ങൾക്ക് ഇപ്പോൾ സഞ്ചരിക്കേണ്ടത് അരമണിക്കൂറോളമാണ്. അതും നടന്നുപോയിരുന്ന അവർ വണ്ടികളെ ആശ്രയിച്ച് ട്രാഫിക് ബ്ലോക്കിൽപെട്ട് ഇഴഞ്ഞുവേണം ആശുപത്രിയിലും മറ്റും എത്താൻ. അതുകൊണ്ടുതന്നെ നുള്ളിപ്പാടിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം വീണ്ടും ശക്തമായി. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം.
ജനുവരി 11ന് തുടങ്ങിയ സമരം പലഘട്ടങ്ങളിലായി നടന്നിരുന്നു. പിന്നീട് പല ഉറപ്പുകളും കിട്ടിയതോടെ തൽക്കാലം മാറ്റിവെക്കുകയായിരുന്നു. പറഞ്ഞ വാക്ക് അധികൃതർ ഇതുവരെ പാലിക്കാത്തതിലും അടിപ്പാതയിൽ തുടർനടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം നാലാം ഘട്ടത്തിലേക്ക് കടന്നത്. ഒരു വർഷത്തോളമായി അടിപ്പാത ആവശ്യവുമായി നാട്ടുകാർ രംഗത്ത്. നഗരസഭയിലെ ഒരേയൊരു വാതക ശ്മശാനം പ്രദേശത്തുകാർക്ക് ഉപയോഗിക്കാൻ പറ്റാത്ത വിധമാകും. വികസനത്തിന് എതിരല്ല നുള്ളിപ്പാടിയിലെ ജനങ്ങൾ. കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിക്കേണ്ടിവരുമെന്നും അവർക്കറിയാം. പക്ഷേ, അധികൃതർ ഇവരുടെ ന്യായമായ ആവശ്യം പരിഗണിക്കണമെന്നാണ് പറയാനുള്ളത്. ഇവർക്ക് നഗരത്തിലെത്താൻ ഓട്ടോക്ക് നൂറും നൂറ്റമ്പതും ചെലവാക്കേണ്ട അവസ്ഥ വരും. അടിപ്പാത അനുവദിക്കുംവരെ സമരം തുടരാനാണ് തീരുമാനം.
‘‘ഞങ്ങൾ ഈ പദ്ധതിക്ക് എതിരായല്ല സമരം നടത്തുന്നത്. ന്യായമായ ആവശ്യമാണ് ഉന്നയിക്കുന്നത്. 30 രൂപ ഓട്ടോ കൂലി കൊടുത്ത് നഗരത്തിൽ പോയിവന്നിരുന്നത് ഇപ്പോൾ 130 രൂപ കൊടുത്താണ് സഞ്ചരിക്കുന്നത്. സർക്കാർ തുച്ഛവിലക്ക് നൽകുന്ന റേഷൻ ഇപ്പോൾ 70 രൂപ ഓട്ടോ ചാർജ് നൽകിയാലേ വീട്ടിലെത്തൂ. നഗരസഭയിലെ ഒരേയൊരു വാതക ശ്മശാനം ജനങ്ങൾക്ക് ഉപകരിക്കാത്ത നിലയിലാകും. ആരാധനാലയങ്ങളും മറ്റും പോകണമെങ്കിൽ ഒരുപാട് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. മിനിറ്റുകൾക്കുള്ളിൽ എത്തിപ്പെടേണ്ട സ്ഥലത്താണിപ്പോൾ അരമണിക്കൂറോളം യാത്ര ചെയ്യേണ്ട അവസ്ഥ വന്നിരിക്കുന്നത്’’ -പ്രദേശത്തുകാർ പറയുന്നു.
പലതവണ അധികൃതരെ കണ്ട് ആവശ്യമുന്നയിച്ചിട്ടും തീരുമാനമാകാതെ വന്നതോടെയാണ് രാപ്പകൽ സമരവുമായി ആക്ഷൻ കമ്മിറ്റി മുന്നോട്ടുപോകുന്നത്. പിന്തുണ പ്രഖ്യാപിച്ച് സ്ഥലം എം.എൽ.എയും എത്തിയിരുന്നു. നഗരസഭ കൗൺസിലർമാരും ആക്ഷൻ കമ്മിറ്റിയുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി. രമേശ് ചെയർമാനും അനിൽ ചെന്നിക്കര കൺവീനറും ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ്, എം. ലളിത, ശാരദ എന്നിവർ നേതൃത്വം നൽകിയുമാണ് സമരം മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.