കാസർകോട്: ഹയർ സെക്കൻഡറി പരീക്ഷ ജോലി വേതനം നൽകാനാവാതെ പ്ലസ്ടു ക്യാമ്പ് കോഓഡിനേറ്റർമാർ. സംസ്ഥാനത്തെ 80 ക്യാമ്പുകളിലായി 25,000 അധ്യാപകരാണ് ഹയർ സെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പരീക്ഷ ജോലികളിലും മൂല്യനിർണയത്തിലും പങ്കെടുത്തിട്ടുള്ളത്.
രണ്ടര മാസത്തെ കാത്തിരുപ്പിനുശേഷം വേതനം നൽകുവാൻ ഫിനാൻസ് അലോട്ട്മെന്റ് വന്നപ്പോൾ അധ്യാപകർക്ക് വിതരണം ചെയ്യുവാൻ അവശ്യമായ തുകയിൽ നാലിലൊന്നു മാത്രമാണ് ലഭിച്ചത്. ഫിനാൻസ് അലോട്ട്മെന്റ് പൂർണമായി ലഭിക്കാതെ അക്വിറ്റൻസിൽ ഒപ്പിട്ട അധ്യാപകർക്ക് നാലിലൊന്നായി എങ്ങനെ വിതരണം നടത്തുമെന്ന ആശങ്കയിലാണ് കോഓഡിനേറ്റർമാർ.
പരീക്ഷ ഫലം പ്രസിദ്ധീകരിച്ചിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകരുടെ കാര്യത്തിൽ കണ്ണടക്കുകയാണെന്നാണ് അധ്യാപകരുടെ ആക്ഷേപം. മേയ്15നു നടന്ന സംഘടന ഭാരവാഹികളുടെ യോഗത്തിൽ മന്ത്രി നൽകിയ ഉറപ്പും പാഴായി. എന്നാൽ ഇതിനോടകം എ.എസ്.എൽ.സി മൂല്യനിർണയത്തിന്റെ വേതനം പൂർണമായും നൽകിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ അധ്യാപകർക്കു ലഭിക്കേണ്ടതായ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിച്ച് നൽകണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി യോഗം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ജിജി തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷിനോജ് സെബാസ്റ്റ്യൻ, എ.ബി. അൻവർ, എ.കെ. ബാലചന്ദ്രൻ, കെ. പ്രേമലത, സി.പി. ശ്രീജ, സുനിൽ മാത്യൂസ്, കെ. ഷാജി, സുബിൻ ജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.