കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരായ കുഞ്ഞുങ്ങൾ അടിക്കടി മരിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി. മതിയായ ചികിത്സ കിട്ടാതെയാണ് അമേയയും ഇസ്മായിലും ഇപ്പോൾ ഹർഷിതയും മരിക്കാൻ ഇടയാക്കിയതെന്നും അവർ പറഞ്ഞു. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരത്തിെൻറ 21ാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലയിൽ വിദഗ്ധ ചികിത്സയുടെ പേരായ്മയാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു. കേരളത്തിന് പ്രഖ്യാപിച്ച എയിംസ് കാസർകോട്ട് വേണമെന്നും ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ദയാബായി ബുധനാഴ്ച നിരാഹാരമിരിക്കുകയും ചെയ്തു. ഫാ. മാത്യു ബേബി, ദയാബായിക്ക് നാരങ്ങവെള്ളം നൽകി 21ാം ദിനത്തിലെ ഉപവാസം അവസാനിപ്പിച്ചു.
കൂട്ടായ്മ ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം ഷാൾ അണിയിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ ഗണേശൻ അരമങ്ങാനം അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മൻതേരൊ, വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ദീഖ്, എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ, റാഷിദ് മോളൂർ, ഫാ. മാത്യു ചെർക്കളം, എ. ഹമീദ് ഹാജി, ഹരിശ്ചന്ദ്രൻ തുളുനാട്, താജുദ്ദീൻ പടിഞ്ഞാറ്, ബാബു അഞ്ചാംവയൽ, അനന്തൻ പെരുമ്പള, സുബൈർ പടുപ്പ്, ബഷീർ തലക്കൽ, ഫൈസൽ ചേരക്കടവത്ത്, സുലേഖ മാഹിൻ, നാസർ കോളോത്ത്, ശരീഫ് മുഗു, സരോജിനി, ഹമീദ് കോളിയടുക്കം, എ.ബി. റിയാസ് പൊവ്വൽ, രാജീവ് തോമസ്, ഇ.കെ.നാസർ, ഷിഫാനി മുജീബ്, ഫാത്തിമത്ത് റൗസാന, റഹീസ, മറിയക്കുഞ്ഞി കൊളവയൽ എന്നിവർ സംസാരിച്ചു.
സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും സലീം ചൗക്കി നന്ദിയും പറഞ്ഞു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ തുടങ്ങിയവർ ബുധനാഴ്ച സമരപ്പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.