കാസർകോട്: ഇലക്ട്രിക്കൽ ലൈൻ പൊട്ടിവീണ് വൈദ്യുതാഘാതമേൽക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വൈദ്യുതി വിതരണത്തിനായി ഇൻസുലേറ്റഡ് കേബിൾ ഉപയോഗിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇത്തരം കേബിളുകൾ ഉപയോഗിക്കാറുണ്ടെന്നും ഇത് സംസ്ഥാനമൊട്ടാകെ വ്യാപിക്കാനാവശ്യമായ കർമപദ്ധതി ആവിഷ്കരിക്കണമെന്നും കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെയും വൈദ്യുതിവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെയും സുരക്ഷക്ക് പ്രഥമ പരിഗണന നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറും രണ്ടു മാസത്തിനകം കമീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
2022 ഏപ്രിൽ ആറിന് വൈകീട്ടാണ് അമ്പങ്ങാട്ട് ഡി.വി. ബാലകൃഷ്ണൻ(68) മരിച്ചത്. സംഭവം നടന്നയുടനെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. സംഭവദിവസം സ്ഥലത്ത് ശക്തമായ കാറ്റും മിന്നലുമുണ്ടായിരുന്നു.
10 മിനിറ്റോളം ആംബുലൻസിനായി കാത്തു നിന്നു. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. കെ.എസ്.ഇ.ബി കാഞ്ഞങ്ങാട് അസി. എക്സിക്യൂട്ടിവ് എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.