കാസർകോട്: വില വർധന കണക്കിലെടുത്ത് മൊത്ത വ്യാപാരികൾ ജയ അരി പൂഴ്ത്തിവെക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ പരിശോധന നടത്താൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. സപ്ലൈകോയിലും പൊതുമാർക്കറ്റുകളിലും ജയ അരി പൂഴ്ത്തിവെക്കുന്നുവെന്നാണ് ഭക്ഷ്യവകുപ്പിന് ലഭിച്ച പരാതി. വില കൂടുന്നതും കാത്ത് ആവശ്യക്കാർക്ക് ജയ അരി നൽകുന്നില്ലെന്നും പരാതിയുണ്ട്. അരി പൂഴ്ത്തിവെപ്പ്, ഭക്ഷ്യവസ്തുക്കളുടെ വില നിലവാരം എന്നിവ പരിശോധിക്കാൻ ജില്ലയിൽ വെള്ളിയാഴ്ച മുതൽ പരിശോധന തുടങ്ങും.
സിവില്‍ സപ്ലൈസ്, റവന്യൂ, പൊലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തുക. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സ്ക്വാഡ് രൂപവത്കരിച്ചത്. വിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു. മൊത്ത വ്യാപാരികള്‍ ജയ അരി പൂഴ്ത്തിവെക്കുന്നതായി സംസ്ഥാന തലത്തിലാണ് പരാതി ലഭിച്ചത്.
ജില്ലതലത്തിൽ പരാതിയൊന്നും ലഭിച്ചില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കലക്ടറെ അറിയിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ കെ.എന്‍. ബിന്ദുവിന്റെ നേതൃത്വത്തിലാണ് സ്ക്വാഡ് പ്രവർത്തിക്കുക. വിപണിയില്‍ നിശ്ചിത വിലക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നുവെന്ന് പരിശോധനയിൽ ഉറപ്പാക്കും. ഭക്ഷ്യ ഉൽപന്നങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ജില്ല സപ്ലൈ ഓഫിസര്‍ കെ.എന്‍. ബിന്ദു, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.