കാസർകോട്: പുന്നപ്രയുടെ വിപ്ലവ പോരാളികൾ ഒളിവുജീവിതം നയിച്ച ആലപ്പുഴ മംഗലത്തുവീട്ടിൽ ജയയുടെ 'വിപ്ലവ'വഴി തിരുവസ്ത്രത്തിന്റേത്. മനുഷ്യന്റെ മോചനത്തിന് പിറവികൊണ്ട യേശുദേവന്റെ വിപ്ലവവഴികളിൽ തിരുവസ്ത്രം ധരിച്ചെത്തിയ സിസ്റ്റർ ജയ മംഗലത്തിന്റെ സാമൂഹിക പ്രവർത്തനങ്ങൾ സഭക്കുപുറത്തും ശ്രദ്ധേയം.
തിന്മകൾക്കെതിരെയുള്ള കൂട്ടായ്മകളിൽ ജയ സ്ഥിരം സാന്നിധ്യമാകുന്നു. വിശപ്പിന്റെ വിളി ഉയരുന്നിടങ്ങൾ കേരളത്തിലെവിടെയായാലും ആ വിളി ജയ കേട്ടിരിക്കും. ദിവസവും 40 അശരണരെ ഊട്ടുന്ന കൈകളാണ് എന്നും പ്രതിഷേധ പന്തലിൽ തിരുവസ്ത്രമണിഞ്ഞ് എത്തുന്നത് എന്നതും ശ്രദ്ധേയം. 1987ൽ മഠത്തിൽ ചേർന്ന ജയ മംഗലത്ത് ആന്ധ്രയിലെ ലിറ്റിൽ സിസ്റ്റേഴ്സ് ഫോർ പുവർ ജീസസിൽനിന്നും അനുമതിയോടെ കേരളത്തിലെ സാമൂഹിക-പാരിസ്ഥിതിക മേഖലകളിൽ സജീവമാണ്. സഫിയ കേസ്, എൻഡോസൾഫാൻ, പൗരത്വം, എയിംസ്, കെ-റെയിൽ, പരിസ്ഥിതി തുടങ്ങി എല്ലാ മേഖലകളിലെയും പോരാട്ടവഴികളിൽ ഈ പേരുകാണും.
തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ എന്ന സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജയ മംഗലത്ത്. എല്ലാ ദിവസവും തെരുവിലെ അഗതികൾക്ക് സ്വന്തം സ്കൂട്ടറിൽ ഭക്ഷണം എത്തിക്കുന്ന ജയ 1500 ഓളം പേരെ ഇതിനകം പുനരധിവസിപ്പിച്ചുകഴിഞ്ഞു. കന്യാസ്ത്രീ മഠത്തിൽ ചേർന്ന ജയ, സഭയുടെ അതിരുകൾ അതിലംഘിച്ച് സ്വന്തം വഴികൾ സഭയെക്കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു. 'ആദ്യമൊക്കെ എതിർപ്പുകളുണ്ടായിരുന്നു. സഭക്കകത്തുള്ള സാമൂഹിക പ്രവർത്തനങ്ങൾ മതിയെന്ന അഭിപ്രായം ഉള്ളവരുണ്ട്. എന്നാൽ, ഇന്ന് എനിക്ക് അനുമതിയുണ്ട്' -സിസ്റ്റർ ജയ പറഞ്ഞു.
ആലപ്പുഴ കൈതവന മംഗലത്ത് ഹൗസിൽ ദേവസ്യ ആന്റണി- ത്രേസ്യാമ്മ ആന്റണി ദമ്പതികളുടെ 12 മക്കളിൽ 11ാമത്തേതാണ് ജയ ആന്റോ. പത്താം ക്ലാസ് പിന്നിടുമ്പോൾ ദൈവവഴിയിലേക്ക് നീങ്ങാൻ തീരുമാനിച്ച ജയ, ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ആന്ധ്രയിൽ ലിറ്റിൽ സിസ്റ്റേഴ്സ് ഫോർ പുവർ ജീസസിന്റെ മഠത്തിൽ ചേർന്നു. ആന്ധ്ര ഏലൂർ സെൻറ് തെരേസാസിൽനിന്ന് മനഃശാസ്ത്രത്തിൽ പി.ജിയും എം.എസ്.ഡബ്ല്യുവും എടുത്തു. അവിടെനിന്നാണ് കേരളത്തിലെ സാമൂഹിക പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ പങ്കുചേരുന്നത്.
'മനുഷ്യന് സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ജീവിതം സാധ്യമാകുന്നതുവരെ സമരരംഗത്തുണ്ടാകും. ജീവിതം വിശുദ്ധമായി കാത്തുസൂക്ഷിക്കാൻ കന്യാസ്ത്രീകൾക്കും അച്ചന്മാർക്കും കഴിയണം. അതിനു പറ്റുന്നില്ലെങ്കിൽ സഭ വിട്ടുപോകാൻ അനുമതിയുണ്ട്. ജലന്ധർ ബിഷപ്പിന്റെ കേസിൽ രണ്ടുപേരും തെറ്റുകാരാണ്. രണ്ടുപേർക്കും സഭ വിട്ടുപോകാമായിരുന്നു'- സഭയിൽ നിന്നുയർന്ന വാർത്തകളുമായി ബന്ധപ്പെട്ട് സിസ്റ്റർ പ്രതികരിച്ചു. ഇ.എം.എസ്, ടി.വി. തോമസ്, കുമാര പണിക്കർ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ മംഗലത്തുവീട്ടിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ടെന്ന് സിസ്റ്റർ ജയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.