കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി രാജധാനി ജ്വല്ലറിയിലെ കവർച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. കവർച്ച സംഘം സഞ്ചരിച്ച കാർ പിടികൂടിയ പൊലീസ്, കാറിൽനിന്ന് ഏഴ് കിലോ വെള്ളിയാഭരണങ്ങളും രണ്ടുലക്ഷം രൂപയും പിടിച്ചെടുത്തു. കർണാടക ഉള്ളാളിൽനിന്നാണ് പ്രതികളെയും തൊണ്ടിമുതലും പൊലീസ് പിടികൂടിയത്.
15 കിലോ വെള്ളിയാഭരണങ്ങളും നാലുലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ശേഷിക്കുന്ന തൊണ്ടിമുതലുകൾ മറ്റൊരുകാറിൽ കടത്തിയെന്നാണ് സൂചന. കർണാടക പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തിയ വെള്ളിയാഭരണങ്ങളും രൂപയും പിടികൂടിയത്. ഏഴ് പേരാണ് കൊള്ളസംഘത്തിൽ ഉണ്ടായിരുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. കവർച്ചക്കായി വാടകക്കെടുത്തതാണ് കാർ.
മറ്റു അഞ്ചുപേർ മറ്റൊരു കാറിൽ രക്ഷപ്പെട്ടതാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ നീക്കമറിഞ്ഞ കാർ ഉടമ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് കൊള്ളസംഘം കുടുങ്ങിയത്. കാറിലെ ജി.പി.എസ് പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടികൂടാൻ കഴിയുമെന്നും പൊലീസ് പറഞ്ഞു. സൂറത്കൽ കേന്ദ്രീകരിച്ചുള്ള കൊള്ളസംഘമാണ് കവർച്ചക്കു പിന്നിലെന്നാണ് സൂചന.കഴിഞ്ഞ ദിവസം പുലർച്ചയാണ് ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി വാച്ച്മാനെ ബന്ദിയാക്കി ആക്രമിച്ച് 15 കിലോ വെള്ളിയാഭരണങ്ങളും നാല് ലക്ഷം രൂപയും കൊള്ളയടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.