കാസര്‍കോട്: ജില്ലയുടെ 25ാമത് കലക്ടറായി കെ. ഇമ്പശേഖര്‍ ചുമതലയേറ്റു. കേരള കേഡറിലെ 2015 ബാച്ചിലെ ഐ.എ.എസ് ഓഫിസറാണ്. സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ്, അസി. കലക്ടര്‍ മിഥുന് പ്രേംരാജ്, എ.ഡി.എം കെ. നവീന്‍ ബാബു തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. മാതാപിതാക്കളായ കെ.വി. കാളിമുത്തു, കെ. പൂവതി, ഭാര്യ നന്ദിനി നന്ദന്, മകള്‍ ആദിയ, ബന്ധുക്കളായ നന്ദന്, ജമുന, അറുമുഖം, മുരളിന്ദേശന്, തിലോമിക എന്നിവര്‍ കലക്ടറുടെ കൂടെയുണ്ടായിരുന്നു.
കാസര്‍കോട്: ജില്ലയുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ജനങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല കലക്ടറായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കേഡറിലെ 2015 ബാച്ചിലെ ഐ.എ.എസ് ഓഫിസറാണ് ഇമ്പശേഖര്‍ കാളിമുത്തു. 1988 മേയ് നാലിന് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ദേവാലയില്‍ ജനിച്ചു. പത്താംതരംവരെ ചേരമ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിച്ച അദ്ദേഹം നീലഗിരിയിലെ ഗൂഡല്ലൂരിലുള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്താംക്ലാസിലും പ്ലസ്ടുവിലും സ്കൂളിലെ ടോപ്പറായിരുന്നു. മുഖ്യമന്ത്രി ബ്രൈറ്റ് സ്റ്റുഡൻറ് അവാര്‍ഡ് ജേതാവ്.
കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് അഗ്രികള്‍ചറില്‍ ബിരുദം പൂര്‍ത്തിയാക്കി. ഹൈദരാബാദിലെ കോളജ് ഓഫ് അഗ്രികള്‍ചറില്‍ നിന്ന് അഗ്രികള്‍ചറല്‍ ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് 2013 മുതല്‍ 2015 വരെ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസർച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയൻറിസ്റ്റായി ജോലി ചെയ്തു.
2015ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വിസ് പരീക്ഷ പാസായി, 2016ല്‍ കോഴിക്കോട് അസി. കലക്ടറായി നിയമിതനായി. നീലഗിരി ജില്ലയില്‍ നിന്നുള്ള ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. തമിഴ്നാട് 2011ല്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ് പാസായ അദ്ദേഹം ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും സബ് കലക്ടറായി സേവനമനുഷ്ഠിച്ചു.
ജി.എസ്.ടി വകുപ്പിലെ ജോ.കമീഷണര്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രേഷന്, പ്രവേശന പരീക്ഷ കമീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രേഷന് എന്ന നിലയില്‍, എനിവേര്‍ രജിസ്ട്രേഷന്, കംപ്ലീറ്റ് ഇ-സ്റ്റാമ്പിങ്, ഓണ്‍ലൈന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ തുടങ്ങിയ പൗരസൗഹൃദ പരിഷ്കാരങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ചെന്നൈ ആസ്ഥാനമായുള്ള ഒഫ് താല്മോളജിസ്റ്റ് ഡോ. നന്ദിനി നന്ദനാണ് ഭാര്യ. മകൾ: ആദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.