മഠത്തിൽ സ്കൂൾ പുനർ നിർമാണത്തിനുള്ള സ്ഥലത്തിന്റെ രേഖകൾ കടവത്ത് അഹമ്മദ് ഹാജിയുടെ പേരമകൻ റഫീഖ് അഹമ്മദ് കടവത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് കൈമാറുന്നു

അന്ന് കടവത്ത് അഹമ്മദ് ഹാജി, ഇന്ന് പേരമക്കൾ; മഠത്തിൽ സ്കൂൾ വികസനത്തിനായി കുടുംബം

മേൽപറമ്പ്: നൂറ്റാണ്ട് പൂർത്തിയാക്കുന്ന മഠത്തിൽ സ്കൂളിന്, സ്കൂൾ സ്ഥാപകന്റെ പേരമക്കൾ പുനർനിർമാണത്തിനുള്ള സ്ഥലം വിട്ടു നൽകി. 1923 ൽ ഒറവങ്കരയിൽ കടവത്ത് അഹമ്മദ് ഹാജി സ്ഥാപിച്ച ജി.എൽ.പി സ്‌കൂൾ കളനാട് ഓൾഡ് എന്ന മഠത്തിൽ സ്കൂളിനാണ് അഹമ്മദ് ഹാജിയുടെ പേരമക്കൾ 14.6 സെന്റ് സ്ഥലം വിട്ടുനൽകി രേഖകൾ കൈമാറിയത്.

ബ്രിട്ടീഷുകാരുടെ കാലം മുതൽ നാടിന്റെ അക്ഷര വെളിച്ചമായ സ്കൂൾ കടവത്ത് അഹമ്മദ് ഹാജിയുടെ സംഭാവനയായിരുന്നു. സ്കൂളിന്റെ പുനർ നിർമാണത്തിനും വികസനത്തിനും വേണ്ടിയുള്ള ചുവടുവെപ്പിനാണ് പേരമക്കളുടെ മാതൃകാ പ്രവർത്തനം. ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലമാണ് കടവത്ത് കുടുംബം രേഖാമൂലം കൈമാറിയത്.

പല പ്രമുഖരുടെയും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായി സ്വാതന്ത്ര്യ പൂർവ ചരിത്രമുള്ള കടവത്ത് സ്കൂൾ മാറിയിട്ടുണ്ട്. 'പി.ടി. മറിയം മെമ്മോറിയൽ ജി.എൽ.പി. സ്‌കൂൾ കളനാട് ഓൾഡ്' എന്ന പേരിൽ പുനർ നാമകരണം ചെയ്യപ്പെടും. സ്ഥലം കൈമാറ്റ ചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.

പുനർ നിർമാണത്തിലേക്കായി സ്കൂൾ നിലനിൽക്കുന്ന സ്ഥലം സർക്കാറിലേക്ക് വിട്ടുകൊടുത്ത കടവത്ത് അഹമ്മദ് ഹാജിയുടെ പേരമക്കളുടെ പ്രവർത്തനം മാതൃക പരമാണെന്നും സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് തന്നെ സ്ഥാപിക്കപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനം നിലനിർത്തുക വഴി അതൊരു ചരിത്രസ്മാരക നിർമിതിക്ക് തുല്യമാണെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. പുനർ നിർമാണം പൂർത്തിയാകുന്ന മുറക്ക് എം.പി ഫണ്ടിൽ നിന്നും ബസ് വാങ്ങാനുള്ള തുക അനുവദിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

സ്‌കൂൾ സപ്പോർട്ടിങ് കമ്മിറ്റി ചെയർമാൻ നിസാർ കല്ലട്ര സ്കൂളിന്റെ പിന്നിട്ട നാൾ വഴികൾ വിശദീകരിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു.

സ്കൂളിന്റെ സ്ഥലം സർക്കാറിലേക്ക് നൽകിക്കൊണ്ടുള്ള രേഖകൾ കടവത്ത് അഹമ്മദ് ഹാജിയുടെ പേരമകൻ റഫീഖ് അഹമ്മദ് കടവത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് കൈമാറി. കീഴൂർ സംയുക്ത ജമാഅത്ത് പ്രസിഡന്റും മുസ്‍ലിം ലീഗ് ജില്ല ട്രഷററുമായ കല്ലട്ര മാഹിൻ ഹാജി, ജില്ല പഞ്ചായത്ത് അംഗം ഗീത കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ, വാർഡ് മെംബർമാരായ അബ്ദുൽ കലാം സഹദുള്ള, അഹമ്മദ് കല്ലട്ര, കുമാരൻ മഠത്തിൽ, കുഞ്ഞിരാമൻ തെരുവത്തു, അബ്ദുല്ലക്കുഞ്ഞി കീഴൂർ, മദർ പി.ടി.എ. പ്രസിഡന്റ് റുബീന, സ്‌കൂളിലെ മുൻ പ്രധാനാധ്യാപകൻ കൃഷ്ണൻ മാസ്റ്റർ, അറബി അധ്യാപകനായ അബ്ദുല്ല മാസ്റ്റർ എന്നിവർ സംസാരിച്ചു.

സ്കൂൾ പ്രഥമാധ്യാപിക മേരി മാർഗരറ്റ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് അബൂബക്കർ കീഴൂർ നന്ദിയും പറഞ്ഞു.


Tags:    
News Summary - Kadavath Ahammed haji's Family for school development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.