കാസർകോട്: ഉറ്റവരും ബന്ധുക്കളും ഇല്ലാത്ത കണ്ണേട്ടൻ ഇനി മുഹിമ്മാത്ത് ‘സേഫ് ഹോമി’ൽ. പല ദേശങ്ങളിലും കൂലിവേല ചെയ്ത് 12 വർഷംമുമ്പ് ചൗക്കിയിൽ എത്തിയ കണ്ണൻ അന്നാട്ടിലെ ‘സന്ദേശം’ പ്രവർത്തകർ നൽകിയ സ്നേഹത്തിനുമുന്നിൽ ഊരുചുറ്റൽ മതിയാക്കി അവിടെ കൂടുകയായിരുന്നു. 68 വയസ്സ് പൂർത്തിയായ അവരുടെ കണ്ണേട്ടനിപ്പോൾ അവശനാണ്.
കടവരാന്തകളിലെ അന്തിയുറക്കം ഇനി ശരിയാകില്ല എന്നതിനാൽ അദ്ദേഹത്തെ മുഹിമ്മാത്ത് സേഫ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചതാണ്. ബന്ധുക്കളായി ആരുമില്ല. പരോപകാരിയാണ് കണ്ണേട്ടൻ. ആരെന്തു ജോലി ഏൽപിച്ചാലും ചെയ്യും. ഒരു വർഷം മുമ്പ് കുഴിയിൽവീണ പട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കണ്ണേട്ടനും കുഴിയിൽവീണ് അവശനായി.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ‘സന്ദേശം’ ഗ്രന്ഥാലയവും അക്ഷരസേന പ്രവർത്തകരും അദ്ദേഹത്തിന് ചികിൽസ തരപ്പെടുത്തി. സന്ദേശം പ്രവർത്തകർ എപ്പോഴും തുണയായി നിന്നു. ഭക്ഷണവും മരുന്നും വസ്ത്രവും നൽകി. റേഷൻ കാർഡും വാർധക്യകാല പെൻഷനുമെല്ലാം സംഘടിപ്പിച്ചു നൽകി. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തും സഹായിച്ചു.
എന്നാൽ, കടവരാന്തയിൽ അന്തിയുറങ്ങിയിരുന്ന കണ്ണേട്ടനെ ഏകാന്തതയും അസുഖവും മാനസികമായി തളർത്തി. ഒറ്റക്കുള്ള ജീവിതം ഇനിയങ്ങോട്ട് പ്രയാസമാണെന്ന് മനസ്സിലാക്കിയ സന്ദേശം പ്രവർത്തകർ ജനമൈത്രി പൊലീസുമായും ജില്ല സാമൂഹിക നീതി ഓഫിസുമായും ബന്ധപ്പെട്ടു. അങ്ങനെ കുമ്പള മുഹിമ്മാത്ത് സേഫ് ഹോമിൽ പ്രവേശനം ലഭിച്ചു.
സന്ദേശം അക്ഷര സേന പ്രവർത്തകരും നാട്ടുകാരും കണ്ണേട്ടനു യാത്രയയപ്പു നൽകി. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, അക്ഷരസേന പ്രവർത്തകരായ സലീം സന്ദേശം, ഷുക്കൂർ ചൗക്കി, നാസർ കെ.എം.ചൗക്കി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവർ കണ്ണേട്ടനെ സേഫ് ഹോമിലേക്കനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.