കാസർകോട്: കണ്ണൂർ സർവകലാശാലയുടെ കൗമാര കലോത്സവത്തിന് കാസർകോട് ഗവ. കോളജിൽ ഇന്ന് തുടക്കം. കോവിഡാനന്തരം നടക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് കാസർകോട് വേദിയൊരുങ്ങുന്നത്. മേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം മാർച്ച് 25ന് നാലുമണിക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ നിർവഹിക്കും. 27ന് സമാപിക്കും. പൂർണമായും ഓൺലൈനായാണ് കലോത്സവത്തിന്‍റെ രജിസ്ട്രേഷൻ നടത്തിയത്. 102 കോളജുകളിൽ നിന്ന് 4280 മത്സരാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കലോത്സവ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഒരു ദിവസത്തെ മത്സരങ്ങൾ ഒരുമിച്ച് രജിസ്റ്റർ ചെയ്യാൻ രാവിലെ തന്നെ സൗകര്യമുണ്ടാകും. കന്നഡ സംസാരിക്കുന്നവർക്കായി പ്രത്യേകം കൗണ്ടർ തയാറാക്കുന്നുണ്ട്. ഓരോ കോളജുകൾക്കും പ്രത്യേകം കൗണ്ടർ സൗകര്യമുണ്ട്. മത്സരാർഥികൾ രജിസ്ട്രേഷൻ ഒരു മണിക്കൂർ മുമ്പ് പൂർത്തീകരിക്കണം. മത്സരത്തിന് അരമണിക്കൂർ മുമ്പ് സ്റ്റേജിൽ റിപ്പോർട്ട് ചെയ്യണം.
പങ്കെടുക്കുന്ന മുഴുവൻ മത്സരാർഥികൾക്കും സൗജന്യ ഉച്ചഭക്ഷണം നൽകും. കോളജിന്റെ വലതുവശത്തു ഒന്നാം വേദിക്ക് സമീപം ഫുഡ് കോർട്ടിനോട് ചേർന്നു പ്രത്യേകം ഇരിപ്പിടവും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിനു പ്രത്യേക കൗണ്ടറുകളുണ്ട്. ചായയോടൊപ്പം വായനയും സമകാലിക ചർച്ചകളും സംവാദങ്ങൾക്കുമായി ലൈബ്രറി കഫേ എന്ന പേരിൽ പ്രത്യേക സംവിധാനമൊരുക്കും. കാസർകോടിന്റെ തനത് വിഭവങ്ങൾക്കും ജ്യൂസ് സ്ക്വാഷ് ഐറ്റങ്ങൾക്കും പ്രത്യേകം പെയ്ഡ് കൗണ്ടറുകൾ ഉണ്ടാകും. കുടുംബശ്രീയുടെ നാടൻ വിഭവങ്ങളും പായസമേളയും ഉണ്ടാകും.
മത്സരഫലങ്ങൾ ആപ് വഴി വിദ്യാർഥികൾക്ക് ലഭിക്കും. നോട്ടിഫിക്കേഷൻ വഴിയും ഫലം അറിയാൻ കഴിയും. ഗ്രൂപ് ഇനങ്ങളിൽ ഉൾപ്പെടെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന മുഴുവൻ മത്സരാർഥികൾക്കും ട്രോഫി നൽകും. മത്സരഫലം പ്രഖ്യാപിച്ച ഉടൻ ട്രോഫിയും സർട്ടിഫിക്കറ്റും വിക്ടറി സ്റ്റാൻഡിൽ വെച്ച് വിതരണം ചെയ്യും.
24 മണിക്കൂർ ആംബുലൻസ് സേവനം ഉണ്ടായിരിക്കും. എമർജൻസി മെഡിക്കൽ മാനേജ്മെന്റ് ടീം ഉണ്ടായിരിക്കും. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ആയുർവേദ, അലോപ്പതി, ഹോമിയോപ്പതി വിഭാഗങ്ങളുടെ മരുന്നുകളും ഉണ്ടാകും. എല്ലാവർക്കും സൗജന്യമായി മാസ്കും നൽകും.
മത്സര ഇനങ്ങളിലും കോളജ് പരിസരങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ കൃത്യമായി ഉറപ്പുവരുത്തും. അതിനായി അവബോധ കാമ്പയിനുകൾ സംഘടിപ്പിക്കും. കലോത്സവത്തിലുടനീളം ലഹരിവിരുദ്ധ കാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.
പാർക്കിങ്ങിനായി പാതയുടെ ഇരുവശത്തുമായി സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ കാമ്പസിനകത്ത് പ്രവേശിപ്പിക്കില്ല. ഒഴിവ് സമയങ്ങൾ ആനന്ദകരമാക്കാൻ 'കാസിരകൂട്'റേഡിയോ റൂം സൗകര്യം ഒരുക്കുന്നുണ്ട്.
വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, സർവകലാശാല യൂനിയൻ ചെയർമാൻ എം.കെ. ഹസൻ, ജനറൽ സെക്രട്ടറി കെ.വി. ശിൽപ, വി. സച്ചിൻ , ബി.കെ. ഷൈജിന, സംഘാടക സമിതി കൺവീനർ ആൽബിൻ മാത്യു, അഭിരാം, ബിപിൻരാജ് പായം എന്നിവർ പങ്കെടുത്തു.
സ്റ്റേജ് ഒന്ന്: ഓഡിറ്റോറിയം
രാവിലെ 9.30: കവിതാലാപനം( മലയാളം)
സ്റ്റേജ് 2: സെമിനാർ ഹാൾ
രാവിലെ 9.30: പ്രസംഗം (മലയാളം)
2.30: പ്രസംഗം (കന്നട)
3.30: കവിതാലാപനം (കന്നഡ)
സ്റ്റേജ് 3- സുവോളജി ഡിപ്പാർട്മെന്‍റ്
9.30: പ്രസംഗം (അറബിക്)
11.00: കവിതാലാപനം (അറബിക്)
സ്റ്റേജ് 4-ഹിസ്റ്ററി ഡിപ്പാർട്മെന്‍റ്
9.30: പ്രസംഗം (ഇംഗ്ലീഷ്)
1.30: കവിതാലാപനം (ഇംഗ്ലീഷ്)
സ്റ്റേജ് 5 -അറബിക്, കന്നഡ ഡിപ്പാർട്മെന്‍റ്
9.30: കവിതാരചന (ഏഴു ഭാഷകൾ)
11.30: ചെറുകഥാ രചന(ഏഴു ഭാഷകൾ)
2.00: പ്രബന്ധരചന(ഏഴു ഭാഷകൾ)
സ്റ്റേജ് 6 -സയൻസ് ബ്ലോക്ക്
9.30: പൂക്കളം
സ്റ്റേജ് 7-മാത്തമാറ്റിക്സ് ഡിപ്പാർട്മെന്‍റ്
9.30: കാർട്ടൂൺ
11.30: കാരിക്കേച്ചർ
2.00: ഓയിൽ പെയിന്റിങ്
സ്റ്റേജ് 8-ന്യൂ ബ്ലോക്ക്
9.30: തിരക്കഥാ രചന ഡോക്യുമെന്‍ററി (മൂന്നു ഭാഷകൾ)
11.30: തിരക്കഥ രചന ഫീച്ചർ ഫിലിം (മൂന്നു ഭാഷകൾ)
1.30: കാവ്യകേളി
3.30: അക്ഷരശ്ലോകം
സ്റ്റേജ് 9-പാർക്കിങ്
9.30: ക്ലേ മോഡലിങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.