കാസർകോട്: തമാശക്കാണേലും കാസർകോട്ടുകാരുടെ സ്ഥിരം ചോദ്യമാണിത്. നിസ്സഹായതകൾക്കപ്പുറം കൃത്യമായ രാഷ്ട്രീയമുണ്ട് ആ ചോദ്യത്തിൽ. പുറംപോക്കിൽ കഴിയുന്നവെൻറ നെടുവീർപ്പുമായതിന് സാമ്യമുണ്ട്. ആരാണീ അവഗണനക്ക് കാരണം എന്നുചോദിച്ചാൽ ഒറ്റ മറുപടിയേ ഉള്ളൂ, സംസ്ഥാന സർക്കാർ. സംസ്ഥാന ബജറ്റ് ഒന്ന് ശ്രദ്ധിച്ചാൽ അത് വ്യക്തം.
തമാശക്കുപോലും ബജറ്റിൽ കാര്യമായി ഒരുവിഹിതവും ഉണ്ടാവില്ല. ഇനി ഉണ്ടായാൽ തന്നെ അതങ്ങ് തേഞ്ഞുമാഞ്ഞുേപാവും. അല്ലെങ്കിൽ ഫണ്ടില്ലെന്ന മറുപടി. കാസർകോടിെൻറ പിന്നാക്കാവസ്ഥ പഠിച്ച മുൻ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരൻ 2012ൽ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് മാത്രം മതി ഒരു നാടിെൻറ ദയനീയാവസ്ഥ മനസ്സിലാക്കാൻ. ജില്ലയിലെ സർവ മേഖലകളിലെയും സമ്പൂർണ പിന്നാക്കാവസ്ഥ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2011ലെ സെൻസസ് പ്രകാരം 13,02,600 ആണ് ജില്ലയിലെ ജനസംഖ്യ. ഇതിന് ആനുപാതികമായി ആശുപത്രിയോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇല്ല. ഇക്കാര്യം പ്രഭാകരൻ കമീഷൻ റിപ്പോർട്ട് അടിവരയിട്ട് പറയുന്നു.
19,354 പേരാണ് ഇൗ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഫലം വരുേമ്പാഴാണ് പ്ലസ് ടു സീറ്റിെൻറ കുറവ് വ്യക്തമാവുക. അൺ എയ്ഡഡ് ഉൾപ്പെടെ 12,999 പ്ലസ്ടു സീറ്റാണ് ജില്ലയിലുള്ളത്. ഇതിൽ ചില സംവരണ സീറ്റുകളിൽ ആളില്ലാതെ ഒഴിഞ്ഞുകിടക്കും. അങ്ങനെ വരുേമ്പാൾ പ്ലസ് ടു സീറ്റ് ലഭ്യത പിന്നെയും കുറയും.
അപേക്ഷകരാവെട്ട ഇരുപതിനായിരത്തോളവും. കഴിഞ്ഞവർഷം 19874 പേരാണ് പ്ലസ് വൺ സീറ്റിന് അപേക്ഷിച്ചത്. വൻ ഫീസ് നൽകിയിട്ടും ഏഴായിരത്തോളം പേർക്ക് അൺ എയ്ഡഡിൽ പോലും സീറ്റ് ലഭ്യമല്ലാത്ത സ്ഥിതിയാണ്. ജനസംഖ്യയിൽ കാസർകോടിനേക്കാൾ കുറവുള്ള പത്തനംതിട്ടയിൽ പ്ലസ് ടു സീറ്റ് ഒഴിഞ്ഞുകിടക്കുേമ്പാഴാണ് ഇൗ ദുരവസ്ഥയെന്നോർക്കണം.
ജില്ലയിലെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യം വളരെ താഴ്ന്ന നിലവാരത്തിലാണ്. അപൂർവം ചില സ്കൂളുകൾ വേറിട്ടുനിൽക്കുന്നുവെന്നല്ലാതെ പൊതുമേഖലയിൽ നല്ലൊരു ശതമാനം സ്കൂളുകളിലും മോശം സാഹചര്യമാണുള്ളത്. ക്ലാസ്മുറി, ലൈബ്രറി, ഫർണിച്ചർ, കുടിവെള്ളം, മൂത്രപ്പുര, കക്കൂസ്, കളിസ്ഥലം, ചുറ്റുമതിൽ തുടങ്ങിയെല്ലാം അവഗണനയുടെ മികച്ച ഉദാഹരണങ്ങൾ.
അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. പലയിടത്തും ദിവസ വേതനക്കാർ. ഹയർസെക്കൻഡറി മേഖലയിൽ നൂറുകണക്കിന് അധ്യാപകരുടെ ഒഴിവുണ്ട്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ പലയിടത്തും പ്രിൻസിപ്പൽമാരില്ല. ഹൈസ്കൂൾ മേഖലയിൽ 198 അധ്യാപകരുടെ ഒഴിവ്. പ്രൈമറി മേഖലയിൽ ഹെഡ്മാസ്റ്റർമാരുടെ തസ്തിക വരെ ഒഴിഞ്ഞുകിടക്കുന്നു. പി.എസ്.സി റാങ്ക്ലിസ്റ്റും തൊഴിലില്ലായ്മയും നിലനിൽക്കുേമ്പാഴാണ് ഇൗ അവസ്ഥ.
ജില്ലയിൽ ഏറ്റവും പ്രയാസം നേരിടുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്താണ്. ഡിഗ്രി-പി.ജി തലത്തിൽ ആകെ സീറ്റ് 1754 എണ്ണം. പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി 16645 കുട്ടികളാണ് ഇൗ വർഷം ജില്ലയിൽ പ്ലസ് ടു പരീക്ഷയെഴുതിയത്. പരിമിതമായ ഡിഗ്രി സീറ്റുകളിലേക്ക് ഒരുലക്ഷത്തോളം വരെയാണ് അപേക്ഷകർ. ജില്ലയിൽ ഹയർ സെക്കൻഡറി കഴിഞ്ഞുവരുന്ന മഹാഭൂരിഭാഗം വിദ്യാർഥികൾക്കും ഉപരിപഠന സാധ്യതയില്ല.
ഇത്തമൊരു സാഹചര്യം സംസ്ഥാനത്ത് ഒരു ജില്ലയിലുമില്ല. പുതിയ കോഴ്സുകളും ബാച്ചുകളും അനുവദിക്കുേമ്പാഴും ജില്ലക്ക് പേരിനുമാത്രം. പ്രഫഷനൽ കോഴ്സുകളുടെയും സീറ്റിെൻറയും കാര്യത്തിലും വളരെ ദയനീയം. ജില്ലയിൽ ഒരു എൻജിനീയറിങ് കോളജ് ആണുള്ളത്. എൽ.ബി.എസിെൻറ ഇൗ കോളജിലാവെട്ട നല്ലൊരു ശതമാനവും അൺ എയ്ഡഡ് കോഴ്സുകളും. ലോ കോളജ് ഇല്ല. സർക്കാർ തലത്തിൽ നേരത്തേ അനുവദിച്ചെങ്കിലും സ്ഥലംപോലും കണ്ടെത്താനായില്ല.
പെരിയയിലെ കേന്ദ്ര സർവകലാശാലയാണ് തലയുയർത്തി നിൽക്കുന്ന ജില്ലയിലെ ഏക സ്ഥാപനം. 30ഒാളം പി.ജി പഠനവകുപ്പുകളാണ് ഇവിടെയുള്ളത്. പോരായ്മകൾ ഏറെയുണ്ടെങ്കിലും പരിഹരിച്ചുവരുന്നുണ്ട്.
യു.ജി കോഴ്സുകൾ ഇല്ലെന്നതാണ് ഏറ്റവും വലിയ പോരായ്മ. ആകെയുള്ള യു.ജി കോഴ്സായ ഇൻറർനാഷനൽ റിലേഷൻസ് തിരുവനന്തപുരം സെൻററിലാണ്. കേന്ദ്ര സർവകലാശാലയുടെ കാപിറ്റൽ സെൻറർ എന്ന നിലക്കാണ് ഇൗ സെൻറർ അനുവദിച്ചത്. അതെന്തിനെന്ന് ഇപ്പോഴും ആർക്കുമറിയില്ല. മെയിൻ കാമ്പസിൽ യു.ജി കോഴ്സുകൾ വന്നാൽ നാടിന് വലിയ ഉപകാരമാവും.
യു.ജി കോഴ്സുകൾ പഠിക്കാൻ സൗകര്യമില്ലാത്ത ജില്ലയിൽ പി.ജി കോഴ്സ് ഉണ്ടായിെട്ടന്ത് കാര്യം എന്നാണ് വിദ്യാർഥികളുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.