കാസർകോട്: കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മാലിന്യക്കുപ്പയാകുന്നു. തിങ്കളാഴ്ച രാവിലെ മുതൽ മൂക്കുപൊത്തിയാണ് ജനം ഇവിടെ നിൽക്കുന്നത്. സ്റ്റാൻഡിൽ നിറയെ ചാണകവും മാലിന്യവും നിറഞ്ഞ അവസ്ഥയാണ്. പലരും ചാണകം ചവിട്ടി സ്റ്റാൻഡിൽ മുഴുവനും ആയിട്ടുമുണ്ട്. ഇതിന്റെ നാറ്റം സഹിച്ചുവേണം യാത്രക്കാർ ബസിൽ കയറാൻ. കഴിഞ്ഞദിവസങ്ങളിലൊന്നും ഇവിടം വൃത്തിയാക്കിയതായി അറിയില്ല എന്നാണ് ബസ് യാത്രക്കാരും മറ്റും പറയുന്നത്.
ഓരോ കടയുടെ മുന്നിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേസ്റ്റ് ബിന്നിലുള്ളതിനെക്കാൾ മാലിന്യം പുറത്താണുള്ളത്. പശുക്കളെ നിയന്ത്രിക്കാനാളില്ലാതെ അഴിച്ചുവിടുന്നതുകാരണം ഇതിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നത് യാത്രക്കാരാണ്. ശുചിത്വനഗരത്തിന് ചെയർമാൻതന്നെ നേരിട്ടിടപെടുമെന്ന് പറയുമ്പോഴാണ് പുതിയ സ്റ്റാൻഡിലെ ഈ വൃത്തിയില്ലായ്മ. സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളടക്കം വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവും ജനങ്ങൾക്കുണ്ട്. കൂടാതെ, മാലിന്യം നിറച്ച പ്ലാസ്റ്റിക് കവർ സ്റ്റാൻഡിൽ തള്ളിയിട്ടുമുണ്ട്.
ഞായറാഴ്ചയും തിങ്കളാഴ്ച അവധിദിനവുമായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും എത്രയും പെട്ടെന്ന് ഇത് നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വൃത്തിയില്ലാത്ത സാഹചര്യത്തിലെ ഹോട്ടലുകൾക്കെതിരെ ആരോഗ്യവിഭാഗം സ്ക്വാഡ് നടപടിയെടുക്കുമെന്നും നഗരസഭ ആരോഗ്യവിഭാഗം സൂപ്പർവൈസർ കെ.സി. ലതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.