കാസർകോട്: മലബാറിലെ വൈദ്യുതി വിതരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാകുന്ന വിപ്ലവകരമായ ചുവടുവെപ്പായ 400 കെ.വി കാസര്‍കോട്- വയനാട് ഹരിത പവർ ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേയ് 23ന് രാവിലെ 10.30ന് കരിന്തളം തോളേനി അമ്മാറമ്മ ഹാളില്‍ നിര്‍വഹിക്കും.

കേരളത്തിലെ വടക്കന്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും മേഖലയിൽ വർധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് അന്തര്‍സംസ്ഥാന വൈദ്യുതി പ്രസാരണ ശൃംഖലയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി. ഒപ്പം കാസര്‍കോട് ജില്ലയിലെ പുനരുൽപാദന ഊര്‍ജ നിലയങ്ങളില്‍നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി പ്രസാരണ നഷ്ടം പരമാവധി കുറച്ച് യഥാസമയം ലോഡ് സെന്ററില്‍ എത്തിക്കുന്നതിനുമാണ് നോര്‍ത്ത് ഗ്രീന്‍ കോറിഡോര്‍ 400 കെ.വി കരിന്തളം-പയ്യമ്പള്ളി ഡബ്ള്‍ സര്‍ക്യൂട്ട് ലൈന്‍ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്.

കരിന്തളം 400 കെ.വി സബ്സ്റ്റേഷനില്‍ നിന്നാണ് മാനന്തവാടി പയ്യമ്പള്ളിയിലേക്ക് ലൈന്‍ വലിക്കുന്നത്. 125 കിലോമീറ്റര്‍ വൈദ്യുതി ലൈനാണ് കരിന്തളത്തുനിന്ന് വയനാട്ടിലേക്കുള്ളത്. 400 കെ.വി പ്രസാരണ ശേഷിയുള്ള 380 ടവറുകളാണ് പദ്ധതിക്ക് ആവശ്യമായിവരുക. വയനാട്ടില്‍ 200 എം.വി.എ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറാണ് സ്ഥാപിക്കുന്നത്. 180 മെഗാവാട്ട് പവറാണ് അവിടെ ഉപയോഗിക്കാന്‍ കഴിയുക. കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്- ശ്രീകണ്ഠപുരം-ഇരിട്ടി- നിടുംപൊയില്‍ വഴിയാണ് വയനാട്ടിലെ പയ്യമ്പള്ളിയിലേക്ക് വൈദ്യുതി ലൈന്‍ പോകുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എട്ടു നിയോജക മണ്ഡലങ്ങളിലൂടെയും മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും ലൈന്‍ കടന്നുപോകുന്നു. 436 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

കെ.എസ്.ഇ.ബിയുടെ തനതു ഫണ്ടില്‍ നിന്നാണ് വൈദ്യുതി ലൈനിനായുള്ള തുക അനുവദിച്ചിരിക്കുന്നത്. 36 മാസത്തിനകം വൈദ്യുതി ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. എല്‍.ആന്‍ഡ്.ടി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല.

ഇതോടൊപ്പം ഉഡുപ്പി - കരിന്തളം 400 കെ.വി വൈദ്യുതി ലൈന്‍ നിര്‍മാണം നടക്കുകയാണ്. 1000 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കും. കാസര്‍കോട് ജില്ലയില്‍ 150 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ട്. ബാക്കിയുള്ള വൈദ്യുതി മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. ഉഡുപ്പിയില്‍നിന്ന് കരിന്തളത്തേക്ക് 115 കിലോമീറ്റര്‍ നീളമുള്ള 400 കെ.വി ലൈന്‍, കരിന്തളത്ത് 400 കെ.വി സബ്‌സ്റ്റേഷന്‍ എന്നിവയുടെ നിര്‍മാണവും നടന്നുവരുന്നു. സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡാണ് നിര്‍മാണം നടത്തുന്നത്. കരിന്തളം കയനിയില്‍ സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ 12 ഏക്കര്‍ ഭൂമിയിലാണ് സബ്‌സ്റ്റേഷന്‍ നിർമാണം പുരോഗമിക്കുന്നത്.

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി, തടസ്സം കൂടാതെ നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ് 2.0. 400 കെ.വി, 220 കെ.വി നിലവാരത്തിലുള്ള പ്രസാരണ ശൃംഖല കേരളത്തിലുടനീളം സ്ഥാപിച്ച് പ്രസാരണ നഷ്ടം കുറക്കുന്നതിനും പുഗളൂര്‍- മാടക്കത്തറ 2000 എച്ച്.വി.ഡി.സി ലൈന്‍ യാഥാർഥ്യമായതോടെ ലഭ്യമായ വൈദ്യുതിയുടെ പ്രസാരണം സുഗമമായി നടത്തുന്നതിനും സംസ്ഥാനത്തെ പ്രസാരണ ശൃംഖലയെ അന്തര്‍സംസ്ഥാന ലൈനുകളുമായി കൂടുതല്‍ ബന്ധിപ്പിച്ച് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ആസൂത്രണ നിലവാരമനുസരിച്ച് അടുത്ത 25 വര്‍ഷത്തേക്കാവശ്യമായ പ്രസാരണ ശൃംഖല സംസ്ഥാനത്ത് നിര്‍മിക്കുന്നതിനുമാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ഏകദേശം 10,000 കോടി രൂപയുടെ ജോലികളാണ് ട്രാന്‍സ്ഗിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിവരുന്നത്. ഇതുവരെ 400 കെ.വിയുടെ 178 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനും 220 കെ.വിയുടെ 566 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനും 110 കെ.വി 653 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനും പൂര്‍ത്തീകരിച്ചു. ഈ ലൈനുകളുമായി ബന്ധപ്പെട്ട് എട്ട് പുതിയ 220 കെ.വി സബ്സ്റ്റേഷനുകളും ഇതിനോടകം സ്ഥാപിച്ചു. 

Tags:    
News Summary - Kasaragod-Wayanad Power Highway is coming true

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.