കാസർകോട്: ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാരെയും ജീവനക്കാരെയും മറ്റ് ജില്ലകളിലേക്ക് മാറ്റുകയും പകരം ആരെയും നിയമിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് കത്ത് നൽകി.
50 ശതമാനം പേരെ നിയമിക്കാമെന്ന ധാരണയിൽ 273 ഡോക്ടർമാരെയും ജീവനക്കാരെയുമാണ് മെഡിക്കൽ കോളജിലേക്ക് അനുവദിച്ചത്. ഇതിൽ 28 ഡോക്ടർമാരും 29 നഴ്സുമാരും ഉൾപ്പെടെ 84 പേരെയാണ് ആകെ നിയമിച്ചത്. ഇങ്ങനെ നിയമനം ലഭിച്ചവരെയാണ് മറ്റു ജില്ലകളിലേക്ക് മാറ്റുന്നത്. ഡിസംബർ രണ്ടാംവാരത്തിൽ ഒ.പി തുടങ്ങാമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിട്ടും നടപടികൾ ഒന്നുമുണ്ടായില്ല. രോഗികൾക്ക് സൗജന്യ മരുന്നു നൽകാൻ കേരള മെഡിക്കൽ സർവിസസ് കോർപറേഷനുമായി ധാരണയുണ്ടാക്കാമെന്ന് പറഞ്ഞിട്ടും അതും നടന്നില്ല.
ഇതിനിടെയിലാണ് ഡോക്ടർമാരെ പിൻവലിക്കുന്നത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രിക്കും മെഡിക്കൽ എജുക്കേഷൻ ഡയറക്ടർക്കും കത്ത് നൽകിയതായി എം.എൽ.എ അറിയിച്ചു.
കാസർകോട്: ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജിൽ ശേഷിക്കുന്ന ഡോക്ടർമാരെയും ജീവനക്കാരെയും കൂടി മറ്റു ജില്ലകളിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിനു മുന്നിൽ സംരക്ഷണ കവചം തീർത്തു. ഡി.സി.സി പ്രസിഡൻറ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, ഡി.സി.സി ജനറൽ സെക്രട്ടറി ജെ.എസ്. സോമശേഖര, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.