റോഡും പാലവും സ്കൂളും എന്തിന് മെഡിക്കൽ കോളജ് വരെ ആവശ്യപ്പെട്ട് ജനങ്ങൾ സംഘടിക്കുന്നത് പുത്തരിയല്ല. എന്നാൽ, രാജ്യത്തെ മുൻനിര ആതുരാലയമായ എയിംസിന് വേണ്ടി ഒരുനാട് ഒറ്റക്കെട്ടായി രംഗത്തുവരുന്നത് ചിലർക്കെങ്കിലും പുതുമയുള്ള കാര്യമായി തോന്നും. അതൊക്കെ, സർക്കാർ തലത്തിൽ തീരുമാനിക്കുന്ന വലിയ വലിയ കാര്യങ്ങളല്ലേ എന്നാണ് പറയുക. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതു മുതൽ കാസർകോട് ജില്ലക്കാർ അത് നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. ജനപ്രതിനിധികളുടെ സംഘമുണ്ടാക്കി കാണേണ്ടവരെ കാണുന്നു. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുണ്ടാക്കി പദയാത്രയും കൂട്ടഉപവാസവും സൈക്കിൾ റാലിയുമൊക്കെയായി പ്രക്ഷോഭങ്ങൾ തകൃതിയായി നടക്കുന്നു. ഇതിനിടെ കാസർകോട് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ വിഷയം കൂടുതൽ സജീവമായി. എയിംസിനായി ഒറ്റക്കെട്ടായി രംഗത്തുവന്ന കാസർകോടിനെക്കുറിച്ച വാർത്താപരമ്പര ഇന്നുമുതൽ...
ഒക്ടോബർ നാല്, അതായത് കഴിഞ്ഞ തിങ്കളാഴ്ച. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കാര്യത്തിൽ തീർപ്പുപറഞ്ഞു. കാസർകോട്ടുകാരെ സംബന്ധിച്ചിടത്തോളം ഇരുട്ടടി പോലെയായിരുന്നുവത്. ഒരർഥത്തിൽ മുഖമടച്ചുള്ള മറുപടി. മുഖ്യമന്ത്രിയുടെ പ്രസ്താവന കാട്ടുതീ പോലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പടർന്ന് കാസർകോടിന്‍റെ ഉള്ളുപൊള്ളിച്ചത്. കാസർകോട് ജില്ലയിൽ എയിംസ് പരിഗണിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതിെൻറ ചുരുക്കം. കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്നിെൻറ ചോദ്യത്തിന് രേഖാമൂലമായിരുന്നു ഈ മറുപടി. പിറ്റേന്ന് മുതൽ പ്രതിഷേധവും നിരാശയുമായി ജനം ഇപ്പോഴും തെരുവിലാണ്. മറ്റ് ജില്ലകളിലൊന്നുമില്ലാത്ത ഒരാവശ്യവുമായി നാട്ടുകാർ കാമ്പയിനുമായി മുന്നോട്ടുപോകുേമ്പാഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
എയിംസ് പരിഗണനയിൽ ഇല്ലെന്ന മറുപടിയിൽ ഇതിനു മാത്രം എന്ത് കാര്യമാണുള്ളതെന്ന് ചിലർക്കെങ്കിലും തോന്നാം. മറ്റ് ജില്ലക്കാർക്കൊന്നുമില്ലാത്ത നിരാശയും പ്രതിഷേധവുമൊക്കെ എന്തിനെന്ന സംശയവും സ്വാഭാവികം. എയിംസിനായി മറ്റൊരിടത്തും ജനങ്ങൾ രംഗത്തുവരുന്നില്ലെന്നാണ് ഈ സംശയത്തിന് നാട്ടുകാരുടെ മറുപടി. ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതകളുടെ പേരിൽ സംസ്ഥാനത്ത് ഏറ്റവും ദുരിതം നേരിടുന്ന ജില്ലയാണ് കാസർകോട് എന്നതു തന്നെയാണ് ഒരുനാട് എയിംസിനായി തെരുവിലിറങ്ങാൻ കാരണം.
ആശുപത്രി സൗകര്യമില്ലാത്തതിെൻറ പേരിൽ കോവിഡ് കാലത്ത് രണ്ടര ഡസനോളം ജീവൻ പൊലിഞ്ഞ ജില്ല കൂടിയാണ് കാസർകോട്.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല
എയിംസ് എന്ന ആവശ്യവുമായി കാസർകോട്ടുകാർ ഇന്നോ ഇന്നലെയോ അല്ല രംഗത്തുവന്നത്. ജനപ്രതിനിധികളും സാമൂഹിക, രാഷ്ട്രീയ രംഗത്തുള്ളവരുമെല്ലാം ചേർന്ന് വർഷങ്ങൾക്കു മുേമ്പ സജീവമായുണ്ട്. 2014ൽ ജില്ലയിലെ എം.എൽ.എമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതാണ് തുടക്കം. കേരള കേന്ദ്ര സർവകലാശാല പെരിയയിൽ ആരംഭിച്ചതു മുതൽ മികച്ച ചികിത്സ കേന്ദ്രം കൂടി വേണമെന്ന ആവശ്യം കൂടുതൽ ശക്തമായി.
കേന്ദ്ര സർവകലാശാലയോടുചേർന്ന് മെഡിക്കൽ കോളജ് വരുമെന്ന പ്രചാരണം ശക്തമായപ്പോൾ ആ നിലക്കും ശ്രമം നടത്തി. മുൻ എം.പി പി. കരുണാകരൻ ചെയർമാനായി ജനപ്രതിനിധികൾ ഉൾപ്പെട്ട ഒരു ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ പ്രതിനിധി സംഘം അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രിയും ഇപ്പോഴത്തെ ബി.ജെ.പി അധ്യക്ഷനുമായ ജെ.പി. നഡ്ഡയെ നേരിൽ കണ്ടു. കേന്ദ്ര സർവകലാശാലയോടുചേർന്ന് മെഡിക്കൽ കോളജ് തുടങ്ങുകയെന്നത് സർക്കാറിെൻറ അജണ്ടയിലില്ലെന്ന് മന്ത്രി അറിയിച്ചു. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും എയിംസ് തുടങ്ങാൻ സർക്കാറിന് ലക്ഷ്യമുണ്ടെന്നും സംസ്ഥാന സർക്കാറിെൻറ നിർദേശം വന്നാൽ പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് എം.എൽ.എമാരും ഒറ്റക്കെട്ടായി തുടക്കം
2014 ജൂലൈ ഒമ്പത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ ജില്ലയിലെ അഞ്ച് എം.എൽ.എമാരും തിരുവനന്തപുരത്തേക്ക്. എം.എൽ.എമാരായ പി.ബി. അബ്ദുറസാഖ്, എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, ഇ. ചന്ദ്രശേഖരൻ, കെ. കുഞ്ഞിരാമൻ എന്നിവർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. കേന്ദ്രം കേരളത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന എയിംസ് കാസർകോട് ജില്ലയിൽ അനുവദിക്കണമെന്നും എത്ര ഭൂമി വേണമെങ്കിലും നൽകാമെന്നും അതിനാൽ കാസർകോടിനെ ഉൾപ്പെടുത്തി കേന്ദ്രത്തിന് റിപ്പോർട്ട് അയക്കണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ ഔദ്യോഗിക ലെറ്റർഹെഡിലായിരുന്നു അഞ്ച് എം.എൽ.എമാരും ഒപ്പിട്ട നിവേദനം തയാറാക്കിയത്.
ഒരു പക്ഷേ, എയിംസ് ആവശ്യപ്പെട്ട് മുന്നണിയോ പാർട്ടിയോ ഒന്നും നോക്കാതെ ഒറ്റക്കെട്ടായി ഒരു ജില്ലയിലെ മുഴുവൻ എം.എൽ.എമാരും ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നൽകിയ ആദ്യ നിവേദനവും ഇതായിരിക്കും.
എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാർ നാല് ജില്ലകൾ ഉൾപ്പെടുത്തി നൽകിയ പട്ടികയിൽ കാസർകോട് വന്നില്ല. ഇതേ ആവശ്യമുന്നയിച്ച് പിന്നീട് വന്ന മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ട് നിവേദനം നൽകി. എൻഡോസൾഫാൻ ദുരിത ബാധിതരുള്ളതും ഒരു ന്യൂറോളജിസ്റ്റ്പോലുമില്ലാത്ത ജില്ലയെന്ന നിലക്കുമാണ് എയിംസിനായി ജനം കൈകോർത്തത്.
ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം –വെൽഫെയർ പാർട്ടി
കാസർകോട്: ആര്യോഗ്യ രംഗത്ത് ദുരന്തം പേറുന്ന ജില്ലയിൽ തന്നെ എയിംസ് അനുവദിച്ചുകിട്ടാൻ ജില്ലയിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് മുഹമ്മദ് വടക്കേകര ആവശ്യപ്പെട്ടു. ഒരു ന്യൂറോളജിസ്റ്റിെൻറ സേവനം പോലും ജില്ലക്ക് ലഭ്യമല്ല. ഭരണകൂടങ്ങളുടെ കണ്ണുതുറപ്പിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചൗക്കിയിൽ പന്തം കൊളുത്തി പ്രകടനം
കാസർകോട്: എയിംസിനായി ജില്ലയെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചൗക്കിയിൽ പന്തം തെളിച്ച് പ്രകടനം നടത്തി. കേന്ദ്രത്തിന് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ പിന്നാക്ക ജില്ലയായ കാസർകോടിെൻറ പേര് ഉൾപ്പെടുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.