കാഞ്ഞങ്ങാട്: ഏവരോടും സൗമ്യമായി പെരുമാറുന്ന വിമലയുടെയും എൻഡോസൾഫാൻ ബാധിതയായ മകൾ മാളു എന്ന രേഷ്മയുടെയും മരണം വിശ്വസിക്കാനാവാതെ രാജപുരം ചാമുണ്ഡിക്കുന്നിലെ നാട്ടുകാർ. ഏക മകൾ എൻഡോസൾഫാന്റെ ഇരയായി മാറിയതോടെ വിമലയുടെ ജീവിതം ദുരിതക്കടലിലായിരുന്നു. ബുദ്ധിവൈകല്യവും ശാരീരിക വൈകല്യവും മകൾ മാളുവിനെ ഒരുപോലെ വേട്ടയാടുമ്പോഴും സ്കൂളിൽ പാചകത്തൊഴിൽ ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് വിമലകുമാരി കുടുംബം പുലർത്തിയിരുന്നത്.
എന്നാൽ, ഇന്ന് വൈകീട്ട് പുറത്തുവന്ന വാർത്ത നാടിനെ ഞെട്ടിക്കുന്നതായിരുന്നു. മകൾ രേഷ്മയെ (28) കൊലപ്പെടുത്തി വിമലകുമാരി(58) അടുക്കളയിൽ കെട്ടിത്തൂങ്ങി മരിച്ചുവെന്ന വിവരം ഇപ്പോഴും ഇന്നാട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല. മകളെ വീട്ടിനകത്ത് മുറിയിലും അമ്മയെ അടുക്കളയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങൾക്ക് മുൻപ് ഭർത്താവ് രഘുനാഥൻ മരിച്ചശേഷം വിമലയാണ് മൂന്ന് മക്കളെയും വളർത്തിയത്. ആൺമക്കളായ മനു, രഞ്ജിത്ത് എന്നിവർ വേറെ വീടെടുത്ത് താമസിക്കുകയാണ്. വിമലയും മാളുവും മാത്രമാണ് ചാമുണ്ഡിക്കുന്ന് ഓട്ടമലയിലെ വീട്ടിൽ കഴിഞ്ഞിരുന്നത്.
എൻഡോസൾഫാൻ ദുരിത ബാധിതയായ മകൾ മാളു, നേരത്തെ നീലേശ്വരം കരിന്തളത്തുള്ള സ്വകാര്യ മാനേജ്മെന്റിന്റെ ബഡ്സ് സ്കൂൾ പുനരധിവാസ കേന്ദ്രത്തിലായിരുന്നു താമസിച്ചിരുന്നത്. കോവിഡ് കാലത്ത് വീട്ടിൽ തിരിച്ചെത്തിയ മകൾ പിന്നീട് പുനരധിവാസ കേന്ദ്രത്തിലേക്ക് മടങ്ങിയിരുന്നില്ല. 25 വർഷമായി ചാമുണ്ഡിക്കുന്ന് ഗവൺമെന്റ് ഹൈസ്കൂളിൽ പാചക തൊഴിലാളിയായിരുന്നു വിമല കുമാരി. എന്നാൽ, സുഖമില്ലാത്ത മകൾ വീട്ടിലായതോടെ ജോലിക്ക് പോലും പോകാൻ കഴിയാതെ അമ്മ വിമലകുമാരി വലിയ പ്രയാസത്തിലായിരുന്നു. സാമ്പത്തിക പ്രയാസവും മനോവിഷമവും ഇവരെ അലട്ടിയിരുന്നതായി പറയുന്നു.
മരണ വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ വീട്ടിൽ തടിച്ചു കൂടി. രാജപുരം സർക്കിൾ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.