കെൽ; ശമ്പളകുടിശ്ശിക ഉടൻ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ

കാസർകോട്: പൊതുമേഖല സ്ഥാപനമായ കെൽ ഇ.എം.എൽ ജീവനക്കാർക്ക് നൽകാനുള്ള ശമ്പളകുടിശ്ശിക തുക നാലാഴ്ചക്കകം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ. കമ്പനി ജീവനക്കാരനും എസ്.ടി.യു ജനറൽസെക്രട്ടറിയുമായിരുന്ന കെ.പി. മുഹമ്മദ് അഷ്റഫ് മുൻ എം.പി പി.കെ. കുഞ്ഞാലിക്കുട്ടി മുഖേന നൽകിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന ഭെൽ ഇ.എം.എൽ കമ്പനിയിൽ ശമ്പളം മുടങ്ങുകയും 2020 മാർച്ചിൽ കമ്പനി അടച്ചിടുകയും ചെയ്ത പശ്ചാത്തലത്തിൽ 2020 ഡിസംബർ 18 നാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. കോവിഡ് ലോക്ഡൗണിന്റെ ചുവടുപിടിച്ച് 2020 മാർച്ച് അവസാന വാരത്തിലാണ് കമ്പനി അടച്ചിട്ടതെങ്കിലും പിന്നീട് തുറന്നില്ല. ഇതോടെ ശമ്പളത്തിന് വേണ്ടി ജീവനക്കാർ സമരത്തിലേർപ്പെട്ടു.

രണ്ടുവർഷം നീണ്ട സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഫലമായി ഭെൽ ഇ.എം.എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തു. 2022 ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാന സർക്കാർ കമ്പനിയായി പ്രവർത്തിച്ചു വരുകയുമാണ്.

കമ്പനി പൂട്ടിയിട്ട കാലത്തെ ശമ്പളകുടിശ്ശിക, പി.എഫ് വിഹിതം, വിരമിച്ചവരുടെ ഗ്രാറ്റ്വിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എന്നിവ നാലാഴ്ചക്കകം നൽകാനാണ് ദേശീയ മനുഷ്യാവകാശ കമീഷന്റെ ഉത്തരവ്. നാലാഴ്ചക്കകം വിതരണം പൂർത്തിയാക്കി അക്കാര്യം അറിയിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിയോട് കമീഷൻ നിർദേശിച്ചു.

പി.എഫ് വിഹിതം അടക്കാത്തതിനാൽ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ലഭിക്കുന്നില്ല. വിരമിച്ചവർക്ക് മാത്രമാണ് ശമ്പളകുടിശ്ശിക നൽകിയിട്ടുള്ളൂ. നിലവിലെ ജീവനക്കാർക്കും ഇവ സമയബന്ധിതമായി നൽകാൻ കമീഷൻ നിർദേശിച്ചു. ജീവനക്കാരുടെ ശമ്പള കുടിശ്ശിക, കമ്പനി നവീകരണം എന്നിവ ലക്ഷ്യമിട്ട് 77കോടി രൂപ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 20കോടിയേ ഇതിനകം കമ്പനിക്ക് ലഭിച്ചിട്ടുള്ളൂ.

Tags:    
News Summary - Kel-National Human Rights Commission to pay salary arrears immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.