കാസർകോട്: കേന്ദ്രസർക്കാർ ഏറ്റെടുത്ത് പാതിവഴിയിൽ അടച്ചുപൂട്ടിയ പൊതുമേഖല സ്ഥാപനമായ കെൽ പ്രവർത്തനം കേരളപ്പിറവി ദിനത്തിൽ പുനരാരംഭിക്കും. നവംബർ ഒന്നിന് പ്രവർത്തനം തുടങ്ങി ആഴ്ചകൾക്കകം കമ്പനി പഴയ പ്രതാപകാലത്തേക്ക് തിരിച്ചുപോവുന്ന വിധമാണ് ക്രമീകരണം. അതിനുമുമ്പുതന്നെ തൊഴിലാളികളുടെ മുടങ്ങിയ ശമ്പളം, കുടിശ്ശിക സംബന്ധിച്ച കാര്യങ്ങളിൽ തീർപ്പുണ്ടാക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കമ്പനി സി.എം.ഡിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് തൊഴിലാളി സംഘടന പ്രതിനിധികളുമായി കാസർകോട്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം. സംസ്ഥാന സർക്കാറിെൻറ നൂറുദിന കർമപരിപാടികളിൽ ഉൾപ്പെടുത്തിയാണ്, കേന്ദ്രം വിൽപനക്കുവെച്ച കമ്പനി ഏറ്റെടുക്കുന്നതും തുറക്കുന്നതും. കമ്പനി തുറക്കുന്ന തീയതി പ്രഖ്യാപിച്ചതോടെ കാസർകോടിെൻറ വ്യവസായ മേഖല വീണ്ടും സജീവമാവും.
ശമ്പള കുടിശ്ശിക പഠിക്കാൻ ഉപസമിതി
രണ്ടുവർഷത്തോളമായി മുടങ്ങിയ ശമ്പളം, കുടിശ്ശിക എന്നിവ എങ്ങനെ നൽകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ഉപസമിതിക്ക് യോഗം രൂപം നൽകി. കെൽ എം.ഡി, ഓഫിസർമാരുടെയും തൊഴിലാളികളുടെയും ഓരോ പ്രതിനിധികൾ അടങ്ങുന്ന മൂന്നംഗസമിതിയാണ് രൂപവത്കരിച്ചത്. മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളും ഉപസമിതി ചർച്ച ചെയ്യും. 15 ദിവസത്തിനകം ഇക്കാര്യത്തിൽ ഉപസമിതി തീരുമാനമെടുത്ത് റിപ്പോർട്ട് നൽകും. ജീവനക്കാർക്ക് 14 കോടിയോളം രൂപയുടെ ശമ്പള കുടിശ്ശികയാണുള്ളത്. ഇതിനായി സർക്കാർ തുക അനുവദിച്ചതായി നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നു. 146 സ്ഥിരം ജീവനക്കാരാണ് കെല്ലിനു കീഴിലുള്ളത്. ശുചീകരണം, കാൻറീൻ തുടങ്ങിയ വിഭാഗത്തിലായി 15ഓളം കരാർ തൊഴിലാളികളുമുണ്ട്. ഇവർക്കെല്ലാം നവംബർ ഒന്നുമുതൽ കമ്പനിയിലെത്താം.
അറ്റകുറ്റപ്പണി ഉടൻ
ബദ്രഡുക്കയിലെ 12ഏക്കർ ഭൂമിയിലാണ് കെൽ യൂനിറ്റ് പ്രവർത്തിക്കുന്നത്. 2020ലെ ലോക്ഡൗൺ വേളയിലാണ് കമ്പനി താൽക്കാലികമായി അടച്ചത്. മഹാരത്ന കമ്പനിയായ ഭെൽ, കെല്ലിെൻറ 51ശതമാനം ഒാഹരി ഏറ്റെടുത്ത 2011മുതൽ കമ്പനി തകർച്ചയുടെ പാതയിലായിരുന്നു. ലോക്ഡൗണിനുമുേമ്പ ശമ്പളം മുടങ്ങി. ലോക്ഡൗണിെൻറ മറവിൽ അടച്ചിട്ട് പിന്നെ തുറന്നതുമില്ല. കമ്പനി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നപ്പോഴാണ് ഭെൽ ഒാഹരി കൈമാറാൻ തീരുമാനിച്ചതും സംസ്ഥാനം വാങ്ങുന്നതും. ഇതിനിടെ കമ്പനിയിലെ യന്ത്രങ്ങൾ തുരുെമ്പടുത്ത് നശിക്കാൻ തുടങ്ങി. ഏതാനും യന്ത്രങ്ങൾ പുതിയത് വാങ്ങും. ചിലത് അറ്റകുറ്റപ്പണി നടത്തും.
ഇതിെൻറ കണക്കെടുപ്പ് നേരത്തേ പൂർത്തിയായി. ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, കെൽ എം.ഡി റിട്ട. കേണൽ ഷാജി വർഗീസ്, കാസർകോട് യൂനിറ്റ് മേധാവി ജോസി കുര്യാക്കോസ്, എച്ച്.ആർ മേധാവി വി.എസ്.സന്തോഷ്, ഭെൽ ഇ.എം.എൽ എം.ഡി ടി.എസ്. ചക്രവർത്തി, തൊഴിലാളി യൂനിയൻ പ്രതിനിധികളായ മുൻ എം.പി പി. കരുണാകരൻ, ടി.കെ. രാജൻ, കെ.പി. മുഹമ്മദ് അഷ്‌റഫ്, എ. വാസുദേവൻ, കെ.ജി. സാബു, വി. രത്‌നാകരൻ, വി. പവിത്രൻ, ടി.വി. ബേബി, പി.എം. അബ്ദുൽ റസാഖ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് ഫോണിലും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.