കാസർകോട്: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിലെ വനിത ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണം. കാസർകോട് ജനറൽ ആശുപത്രിയുൾപ്പെടെയുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളിൽ അത്യാഹിതം ഒഴികെയുള്ള വിഭാഗത്തിലെ ജോലിയിൽനിന്ന് ഡോക്ടർമാർ വിട്ടുനിന്നു. ക്ലിനിക്കുകളും പ്രവർത്തിച്ചില്ല. അടിയന്തര ശസ്ത്രക്രിയകളും പ്രസവചികിത്സയും നടന്നു. സമരത്തിലുള്ള ഡോക്ടർമാർ കിടപ്പുരോഗികളെ മാത്രം പരിശോധിച്ചു. കാസർകോട് ഐ.എം.എ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ജനറൽ ആശുപത്രി പരിസരത്ത് ധർണയും പ്രതിഷേധ റാലിയും നടത്തി.
പി.ജി വിദ്യാർഥിനി കൂടിയായ ഡോക്ടറെ കൊലപ്പെടുത്തി ഒരാഴ്ച കഴിഞ്ഞിട്ടും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. പ്രതിഷേധിച്ച ഡോക്ടർമാരെ ഒരുകൂട്ടം ഗുണ്ടകൾ ആക്രമിക്കുകയും ആശുപത്രി അടിച്ചുതകർക്കുകയും തെളിവുനശിപ്പിക്കുകയും ചെയ്തു. സർക്കാർ കുറ്റവാളികളോടൊപ്പമാണെന്ന് സംശയിക്കത്തക്ക രീതിയിലാണ് കാര്യങ്ങൾ മുമ്പോട്ടുനിക്കുന്നതെന്ന് ഐ.എം.എ ആരോപിച്ചു. രാജ്യത്തെ പല ആശുപത്രികളിലും ഡോക്ടർമാർ സുരക്ഷിതരല്ല. ആശുപത്രികളെ സുരക്ഷിതമേഖലയായി പ്രഖ്യാപിക്കണം, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണം, 36 മണിക്കൂർവരെ തുടർച്ചയായ ജോലി അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്നടത്തിയ പ്രതിഷേധ ധർണ കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ഡോ. എ. ജമാൽ അഹ്മദ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ ജില്ല കൺവീനർ ഡോ. ബി. നാരായണ നായിക് അധ്യക്ഷത വഹിച്ചു.
ഡോ. ജിതേന്ദ്ര റൈ, ഡോ. ടി. കാസിം, ഡോ. പ്രജ്യേത് ഷെട്ടി, ഡോ. ജനാർദന നായിക്, ഡോ. മായ മല്യ, ഡോ. മഹേഷ്, ഡോ. അജിതേഷ്, ആയുർവേദ അസോ. പ്രസിഡൻറ് ഡോ. ശ്യാമള, നഴ്സിങ് സൂപ്രണ്ട് ഉഷ, ആശുപത്രി ജീവനക്കാരുടെ സംഘടന പ്രതിനിധികളായ ബി. നാരായണ, ടി. സതീശൻ, ശ്രീധരൻ, മാഹിൻ കുന്നിൽ, രാജി, ദിവ്യ, ഷാജി എന്നിവർ സംസാരിച്ചു. ധർണക്കുശേഷം നഗരംചുറ്റി പ്രകടനം നടത്തി.
രോഗികൾ വലഞ്ഞു
കാഞ്ഞങ്ങാട്: സർക്കാർ ആശുപത്രികളെകൂടി ഡോക്ടർമാരുടെ സമരം ബാധിച്ചതോടെ നൂറുകണക്കിന് രോഗികൾ ദുരിതത്തിലായി. ശനിയാഴ്ച ഒ.പി സ്തംഭിച്ചതോടെയാണ് രോഗികൾ ദുരിതത്തിലായത്. സമരമറിയാതെ പത്തും 50ഉം കി.മീറ്റർ താണ്ടി ആശുപത്രിയിലെത്തിയവർ നിരാശരായി മടങ്ങി. ജില്ല ആശുപത്രിയിലുൾപ്പെടെ സമരം ബാധിച്ചു. സംഭവത്തിൽ പ്രതിഷേധിക്കാൻ ഐ.എം.എ ദേശീയഘടകം ആഹ്വാനംചെയ്ത പ്രകാരമായിരുന്നു സമരം. കൊൽക്കത്തയിലുണ്ടായ സംഭവത്തിൽ പ്രതികളെ പിടികൂടിയില്ലെന്ന് മാത്രമല്ല, പ്രതിഷേധിച്ച് സമരംചെയ്ത ഡോക്ടർമാരെ ഗുണ്ടകൾ മാരകായുധങ്ങളുമായി വന്ന് ക്രൂരമായി ആക്രമിക്കുകയും ആശുപത്രി തല്ലിത്തകർക്കുകയുമാണ് ചെയ്തതെന്ന് സമരക്കാർ ആരോപിച്ചു.
ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കണമെന്നും കൊൽക്കത്ത സംഭവത്തിൽ കൊലയാളികളെയും ആശുപത്രി ആക്രമിച്ച പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ, സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഐ.എം.എ നേതൃത്വത്തിൽ സമരത്തിലുള്ളത്. പണിമുടക്കിയ ഡോക്ടർമാർ കാഞ്ഞങ്ങാട് ജില്ല ആശുപത്രി കേന്ദ്രീകരിച്ച് ധർണയും പ്രതിഷേധ റാലിയും നടത്തി. ധർണ ഐ.എം.എ ജില്ല ചെയർപേഴ്സൻ ഡോ. ദീപിക കിഷോർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡന്റ് ഡോ. വി. സുരേശൻ അധ്യക്ഷത വഹിച്ചു. ഡോ. എ.ടി. മനോജ്, ഡോ. ടി.വി. പത്മനാഭൻ, ഡോ. കിഷോർ കുമാർ, ഡോ. എൻ. രാഘവൻ, ഡോ. പി. സന്തോഷ് കുമാർ, ഡോ. ജോൺ ജോൺ, ബിന്ദു, ഹേമ തുടങ്ങിയവർ സംസാരിച്ചു. കെ.ജി.എം.ഒ.എ മുൻ ജില്ല പ്രസിഡന്റ് ഡോ. ഡി.ജി. രമേഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.