പാലക്കുന്ന്: മഴക്കാലമായാൽ പ്രായഭേദമെന്യേ യാത്രക്കാർ വീണ് പരിക്കുപറ്റുന്നത് പതിവായ കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നോൺസ്കിഡ് (വഴുക്കൽ ഇല്ലാത്ത) കട്ടകൾ പാകുന്ന ജോലി അവസാനഘട്ടത്തിൽ. പ്ലാറ്റ് ഫോമിനെ രണ്ടായി പകുത്തുപോകുന്ന റോഡിന്റെ വടക്കുഭാഗത്തെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിൽ ടൈൽസ് പാകൽ പൂർത്തിയായി. സ്റ്റേഷൻ നിലകൊള്ളുന്ന തെക്കുഭാഗത്തെ ടൈൽസ് പാകലാണ് ഇപ്പോൾ നടക്കുന്നത്.
ഏഴടി വീതിയിൽ ഏകദേശം 25,000 ചതുരശ്ര അടി ടൈലുകളാണ് പാകുന്നത്. പാളത്തിൽനിന്ന് 86 സെ. മീറ്റർ ഉയരത്തിലാണ് പ്ലാറ്റ് ഫോം വേണ്ടത്. ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ഉയരക്രമീകരണങ്ങൾ നടത്തിയശേഷമാണ് ടൈലുകൾ പാകുന്നത്.
സ്റ്റേഷനിലെ നടപ്പാതയും അതിന്റെ കിഴക്കും പടിഞ്ഞാറുഭാഗത്തെ പടികളും മാസങ്ങൾക്ക് മുമ്പ് ടൈലുകൾ പാകിയിരുന്നു. സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ ഷീറ്റ് പാകുന്ന പണിയും നടക്കുന്നുണ്ട്. എല്ലാം പൂർത്തിയാകുമ്പോൾ ടൗണിന് മധ്യത്തിലെ ഈ സ്റ്റേഷന് ഭംഗി കൂടുമെന്നതിൽ സംശയമില്ല. തുടർന്ന് ഏറനാട്, പരശുറാം എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും ടിക്കറ്റ് റിസർവേഷൻ പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.