കാസർകോട്: കായല്‍ ടൂറിസത്തിന് മാറ്റുകൂട്ടാന്‍ നീലേശ്വരം കോട്ടപ്പുറത്ത് ഒരുങ്ങുന്ന വഞ്ചി വീട് ടെര്‍മിനല്‍ നിർമാണം അന്തിമഘട്ടത്തില്‍. ഓടുപാകി മനോഹരമാക്കിയ മേല്‍ക്കൂരയോടുകൂടിയ വഞ്ചി വീട് ടെര്‍മിനലിന്റെ അവസാന മിനുക്കുപണിയാണ് പുരോഗമിക്കുന്നത്. ടെര്‍മിനലിനോടനുബന്ധിച്ച് നാലര മീറ്റര്‍ വീതിയില്‍ നടപ്പാത, സഞ്ചാരികള്‍ക്കായി വ്യൂ പോയന്റുകൾ, കരിങ്കല്‍ ബെഞ്ചുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
വിനോദസഞ്ചാര വകുപ്പിന്റെ ധനസഹായത്തോടെ ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. ഒരേസമയം നാല് വഞ്ചി വീടുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്ത് ടൂറിസ്റ്റുകളെ കയറ്റാന്‍ കഴിയും. നീലേശ്വരത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍. 132 മീറ്റര്‍ നീളത്തിലുള്ള ടെര്‍മിനലിന്റെ നിര്‍മാണ ചെലവ് എട്ടുകോടി രൂപയാണ്. നാല് തട്ടുകളായി ഉയരം ക്രമീകരിച്ച നാല് ബോട്ടുജെട്ടികള്‍ ഇവിടെയുണ്ട്.
നിലത്ത് കരിങ്കല്‍ ടൈല്‍ പാകി ഇന്റര്‍ലോക്ക് ചെയ്തിട്ടുണ്ട്. ജെട്ടിയിലും നടപ്പാതയിലും സൗരോർജ വിളക്കുകളും സ്ഥാപിച്ചു. ടെര്‍മിനലിലേക്കു പ്രവേശിക്കാന്‍ രണ്ട് വഴികളുണ്ട്. രണ്ടുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പ്രധാന റോഡിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കോട്ടപ്പുറം പാലത്തില്‍ നിന്ന് ഇറങ്ങിവരുന്ന വഴിയിലും ഇന്റര്‍ലോക്ക്, സൗരോർജ വിളക്കുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.