മന്ത്രി ആന്റണി രാജുവിന്റെ ചേംബറിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ എന്നിവർ ചർച്ചയിൽ

കെ.എസ്.ആർ.ടി.സി ആസ്ഥാനം മാറ്റില്ല; ഉത്തരവ് പിൻവലിച്ചു

കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ ജില്ല ആസ്ഥാനം കാസർകോട്ടുനിന്ന് കാഞ്ഞങ്ങാട്ടേക്കു മാറ്റാനുള്ള ഉത്തരവ് പിൻവലിച്ചു. തിരുവനന്തപുരത്ത് മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ഓഫിസ് മാറ്റുന്നതിനെതിരെ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ ജൂൺ ഒന്നിന് യു.ഡി.എഫ് പ്രവർത്തകർ അസി. ട്രാൻസ്പോർട്ട് ഓഫിസറെ കാര്യാലയത്തിൽ ഉപരോധിച്ചതിനെ തുടർന്നാണ് മന്ത്രി യോഗം വിളിച്ചത്.

അതുവരെ ഉത്തരവ് മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ജില്ല ആസ്ഥാന കെട്ടിടം ബിസിനസ് ആവശ്യത്തിന് വിട്ടുനൽകുക വഴിയുള്ള വരുമാനം ലക്ഷ്യമിട്ടാണ് ഓഫിസ് മാറ്റുന്നതെന്ന് മന്ത്രി ചർച്ചയിൽ ചൂണ്ടിക്കാട്ടി. കാഞ്ഞങ്ങാട് ഡിപ്പോയിലെ കെട്ടിടം വെറുതെ കിടക്കുകയാണെന്നും കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഉത്തരവിറക്കിയതെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ, ജില്ല ആസ്ഥാനം കാഞ്ഞങ്ങാട്ടേക്കു മാറ്റുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും ഇതുവഴി കെ.എസ്.ആർ.ടി.സിക്ക് കാര്യമായി പ്രയോജനമൊന്നുമില്ലെന്നും എൻ.എ. നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി.

ഏറെനേരത്തെ ചർച്ചകൾക്കൊടുവിലാണ് ഉത്തരവ് മരവിപ്പിക്കാനും ഓഫിസ് കാസർകോട്ട് നിലനിർത്താനും ധാരണയായത്. വെള്ളിയാഴ്ച ഉച്ചക്കുശേഷം മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

മൂന്നുനില കെട്ടിടത്തിൽ പകുതിയോളം മുറികളും ഒഴിഞ്ഞുകിടക്കുന്നു

കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ ജില്ല ആസ്ഥാനമായ മൂന്നുനില കെട്ടിടത്തിൽ പകുതിയോളം കടമുറികളും ഒഴിഞ്ഞുകിടക്കുന്നു. വ്യാപാര ആവശ്യത്തിനായി ഒരുക്കിയ റൂമുകളാണ് ആവശ്യക്കാരില്ലാതെ വർഷങ്ങളായി വെറുതെ കിടക്കുന്നത്. നിലവിലെ റൂമുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്തവരാണ് വരുമാനവർധന ലക്ഷ്യമിട്ട് ജില്ല ആസ്ഥാനംതന്നെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് മാറ്റുന്നതെന്നാണ് ഏറ്റവും വലിയ വിമർശനം.

മൂന്നുനില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലക്ക് കെട്ടിട നമ്പർ പോലും ഇതുവരെ ലഭ്യമായിട്ടില്ല. അഗ്നിസുരക്ഷ സംവിധാനം ഒരുക്കാത്തതിനാൽ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൽനിന്ന് നിരാക്ഷേപപത്രം ലഭിക്കാത്തതാണ് തടസ്സം. അഗ്നിസുരക്ഷ സംവിധാനമൊരുക്കാൻ 2012ൽ 50 ലക്ഷത്തിന്റെ കരാർ നൽകിയെങ്കിലും തുടർപ്രവർത്തനമില്ലാത്തതിനാൽ പാതിവഴിയിലത് മുടങ്ങി. ഇനി ഈ പ്രവൃത്തി നടപ്പാക്കാൻ ഒരു കോടിയെങ്കിലും വേണ്ടി വരും.

ഗ്രൗണ്ട് ഫ്ലോറിലെ 54 കടമുറികളിൽ 47 എണ്ണമാണ് വാടകക്കു നൽകിയത്. ഒന്നാം നിലയിലെ 20,000 ചതുരശ്ര അടിയിൽ 2000 ചതുരശ്ര അടിയിൽ മാത്രമാണ് ഈ മുറികൾ. ബാക്കി ഒഴിഞ്ഞുകിടക്കുന്നു. മൂന്നുനിലകളിലായി പ്രതിമാസം ഏഴു ലക്ഷം രൂപയാണ് വാടകയിനത്തിൽ ലഭിക്കുന്നത്. ഇങ്ങനെ റൂമുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഡി.ടി.ഒ ഓഫിസ് പ്രവർത്തിക്കുന്ന 4000 ചതുരശ്ര അടി ഭാഗം കാഞ്ഞങ്ങാട്ടേക്ക് മാറ്റാൻ തീരുമാനിച്ചതെന്നത് പരിഹാസ്യമാണെന്ന് എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു.

Tags:    
News Summary - KSRTC headquarters will not be shifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.