മൊഗ്രാൽ: കുമ്പള ടൗണിൽ തപാൽ വകുപ്പിന് വിശാലമായ സ്ഥലമുണ്ട്. എന്നാൽ, പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലും. ഇതുവഴി മാസംതോറും തപാൽ വകുപ്പ് പാഴാക്കുന്നത് ലക്ഷങ്ങൾ. പോരാത്തതിന് തപാൽ സ്ഥലത്തെ മാലിന്യം നീക്കംചെയ്യാൻ ഓരോ വർഷവും ചെലവാക്കുന്ന പതിനായിരങ്ങൾ വേറെയും.
കുമ്പള ടൗണിനോടു ചേർന്ന് മത്സ്യമാർക്കറ്റിന് സമീപം സ്കൂൾ റോഡിന് സമീപത്താണ് തപാൽ വകുപ്പിന്റെ വിശാലമായ സ്ഥലം. മുപ്പതോളം സെന്റ് സ്ഥലമാണ് വെറുതെ കിടക്കുന്നത്. വർഷങ്ങളായി ഈ സ്ഥലം കാടുമൂടിയും അതിന്റെ മറവിൽ മാലിന്യനിക്ഷേപ കേന്ദ്രവുമായി മാറുകയാണ്.
തപാൽ ഓഫിസ് കെട്ടിടത്തിന് വാടക നൽകുന്നതോടൊപ്പം വെറുതെ കിടക്കുന്ന ഈ സ്ഥലത്തെ മാലിന്യം നീക്കംചെയ്യാൻ തപാൽ വകുപ്പ് മണ്ണുമാന്തിയന്ത്രം ഉപയോഗപ്പെടുത്തി പതിനായിരങ്ങൾ ഓരോ വർഷവും പാഴാക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
വർഷങ്ങൾക്കുമുമ്പ് തപാൽ വകുപ്പിന്റെ ഈ സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതായി കണ്ടെത്തിയിരുന്നു. കേസും സ്ഥലം തിരിച്ചുപിടിക്കാനുള്ള നിയമപോരാട്ടവും ഹൈകോടതി വരെ നീണ്ടു. ഒടുവിൽ, കോടതിയിൽനിന്ന് തപാൽ വകുപ്പിന് അനുകൂല വിധിയുണ്ടായി. പിന്നീട് റവന്യൂ അധികൃതർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി പൊലീസ് സഹായത്തോടെ കമ്പിവേലി കെട്ടി സംരക്ഷിക്കുകയായിരുന്നു.
എന്നാൽ, കമ്പിവേലി തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴിയടക്കലാണെന്ന് പറഞ്ഞ് വ്യാപാരികളും മത്സ്യവിൽപന തൊഴിലാളികളും എതിർപ്പുമായി രംഗത്തുവന്നു. പിന്നീട് പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെട്ട് തപാൽ അധികൃതരുമായി സംസാരിച്ചതിനെ തുടർന്ന് കമ്പിവേലി ഒഴിവാക്കുകയായിരുന്നു.
സംസ്ഥാനത്തുതന്നെ ഇങ്ങനെ സ്വന്തമായി സ്ഥലമുണ്ടായിട്ടും നൂറിലേറെ തപാൽ ഓഫിസുകൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നതായാണ് കണക്കുകൾ. കോടികൾ നൽകിയാണ് തപാൽ വകുപ്പ് കണ്ണായ സ്ഥലങ്ങളിൽ സ്ഥലങ്ങൾ വാങ്ങിയത്. എന്നിട്ടും അത് പ്രയോജനപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജില്ലയിൽ 2020ലെ കണക്കുപ്രകാരം വാടകക്കെട്ടിടത്തിൽ ആറു തപാൽ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിന് പ്രതിമാസ വാടകയാകട്ടെ, അരലക്ഷത്തിലേറെ രൂപയും. സ്ഥലത്തെ മാലിന്യം നീക്കംചെയ്യാൻ പതിനായിരങ്ങൾ വേറെയും. അതേസമയം, കുമ്പളയിൽ വിശാലമായ തപാൽ ഓഫിസ് നിർമിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നതായാണ് അധികൃതർ നൽകുന്ന സൂചന.
താഴെ വാടകക്കെട്ടിടവും മുകളിലത്തെ നിലയിൽ പോസ്റ്റ് ഓഫിസ് സംവിധാനവും ഒരുക്കുമെന്നാണ് പറയുന്നത്. സ്ഥലത്തെ മാലിന്യനിക്ഷേപം നീക്കംചെയ്യാൻ വരുമ്പോൾ ഓരോ വർഷവും അധികൃതർ പറയുന്നതാണ് ഇതെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. എന്നാൽ, നടപടികൾ മാത്രം ഉണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.