കാസർകോട്: കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ കന്നട ഭാഷാ ന്യൂനപക്ഷ പ്രശ്നങ്ങൾ വിഷയമല്ലാതാകുന്നു. ലോക്സഭയിൽ ഇരുമുന്നണികളും കന്നട വിഭാഗം സ്ഥാനാർഥികളെ നിർത്തി പരീക്ഷിച്ച് വിജയിക്കുകയും തോൽക്കുകയും ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ സമ്മർദങ്ങളില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുവരെ കന്നട സമിതിയുടെ നേതൃത്വത്തിൽ ഭാഷാ ന്യൂനപക്ഷ പ്രശ്നങ്ങളുമായി മുന്നണികളെ സമീപിച്ചിരുന്നു.
തുളു ഭാഷയെ ഏഴാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, മേഖലയിൽ കന്നട ജ്ഞാനമുള്ളവരെ ഉദ്യോഗസ്ഥ തലങ്ങളിൽ നിയമിക്കുക, തൊഴിൽ നിയമനങ്ങളിൽ കന്നട വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക തുടങ്ങിയവയായിരുന്നു വിഷയങ്ങൾ. 2014ലെ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായിരുന്നു മറാഠി വിഭാഗത്തെ എസ്.ടി വിഭാഗത്തിലേക്ക് മാറ്റുകയെന്നത്. അത് സാധ്യമായപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു പ്രചാരണങ്ങൾ.
1971ൽ ഇ.കെ. നായനാർ, രാമചന്ദ്രൻ കടന്നപ്പള്ളിയോട് തോറ്റു. തുടർന്ന് 1977ലെ തെരഞ്ഞെടുപ്പിൽ സി.പി.എം ആണ് രാമണ്ണറൈയെ നിർത്തി ന്യൂനപക്ഷ പരീക്ഷണത്തിന് തുടക്കമിട്ടത്. അതിന് മുമ്പ് ബി.ജെ.പിയുടെ പൂർവരൂപങ്ങൾ കന്നട സ്ഥാനാർഥികളെ പരീക്ഷിച്ചിരുന്നു. 77ൽ രാമണ്ണറൈയും തോറ്റു. എന്നാൽ, 71ലെ 28000വോട്ടിന്റെ തോൽവി 77ൽ 5000 ലേക്ക് കുറഞ്ഞത് ശ്രദ്ധേയമായി.
1980 ലെ തെരഞ്ഞെടുപ്പിൽ രാമണ്ണറൈയെതന്നെ സി.പി.എം ഒന്നുകൂടി സ്ഥാനാർഥിയാക്കി. 73000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാമണ്ണറൈയുടെ വിജയം കന്നട ന്യൂനപക്ഷത്തിന്റെ പ്രസക്തി ഇരുമുന്നണികളെയും ചിന്തിപ്പിച്ചു. 1984ൽ യു.ഡി.എഫും അതേ വഴിക്ക് നീങ്ങി.
എന്നാൽ, സി.പി.എം പഴയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ പോളിറ്റ് ബ്യൂറോ അംഗം ഇ. ബാലാനന്ദനെ മത്സരിപ്പിച്ചു. ഇന്ദിര ഗാന്ധി മരിച്ച പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. യു.ഡി.എഫിന്റെ രാമറൈ 11,000 വോട്ടുകൾക്ക് ജയിച്ചു. 1989ൽ ഇരുമുന്നണികളും കന്നട ന്യൂനപക്ഷ സ്ഥാനാർഥികളുമായി രംഗത്തുവന്നു. അതിൽ 1546 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിന് രാമണ്ണറൈ വിജയിച്ചു.
1991ൽ കെ.സി. വേണുഗോപാലും രാമണ്ണറൈയും തമ്മിലുള്ള മത്സരത്തിലും രാമണ്ണറൈ വിജയിച്ചതോടെ കന്നട ന്യൂനപക്ഷം സുപ്രധാന ശക്തിയായി പരിഗണിക്കപ്പെട്ടു. 1996ൽ രാമറൈയുമായി കോൺഗ്രസ് രംഗത്തുവന്നു. സി.പി.എമ്മിന് മികച്ച കന്നട ന്യൂനപക്ഷ കേഡർ ഇല്ലായിരുന്നതിനാൽ കാസർകോട് മണ്ഡലത്തിൽപെട്ട പയ്യന്നൂരിൽനിന്നുള്ള ടി. ഗോവിന്ദനെ ഇറക്കി.
74,730വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഗോവിന്ദൻ ജയിച്ചതോടെ കന്നട ഭാഷ ന്യൂനപക്ഷ സമ്മർദമെന്നത് ഒരു മിഥ്യയാണെന്ന തിരിച്ചറിവിലേക്ക് പ്രധാന മുന്നണികൾ എത്തി. പിന്നീട് എൽ.ഡി.എഫിനും യു.ഡി.എഫിനും കന്നട സ്ഥാനാർഥികൾ ഉണ്ടായില്ല.
ശേഷം യു.ഡി.എഫിന് ജയമുണ്ടാകുന്നത് 2019ൽ രാജ്മോഹൻ ഉണ്ണിത്താനിലൂടെയായിരുന്നു. കാസർകോട് ജില്ലയിൽ 36,0000 ആണ് കന്നട ഭാഷ സംസാരിക്കുന്നവരുടെ ഏകദേശ കണക്ക്. ഇത് ജില്ല ജനസംഖ്യയുടെ 30 ശതമാനവും പാർലമെന്റ് മണ്ഡലത്തിന്റെ കണക്കിൽ 20 ശതമാനവും ഏതാണ്ട് വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.