കാസർകോട്: കോളജിൽ റാഗിങ്ങിനിരയായതിനെ തുടർന്ന് ദീർഘനാളത്തെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യുവതിക്ക് ലൈഫ് പദ്ധതി പ്രകാരം വീട് ലഭ്യമാക്കാൻ കാസർകോട് ലൈഫ് മിഷൻ കോ ഓഡിനേറ്റർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
ചെറുവത്തൂർ പഞ്ചായത്ത് അധികൃതരുമായി കാസർകോട് ജില്ല സാമൂഹിക നീതി ഓഫിസർ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ചെറുവത്തൂർ വെങ്ങാട് പ്രദേശത്താണ് യുവതിയുടെ വീട്.
യുവതിയുടെ അമ്മയും സഹോദരിയുടെ മകളും കുഞ്ഞുമാണ് അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്നത്. കോളജിൽ നേരിട്ട റാഗിങ്ങിൽ മാനസിക പ്രശ്നങ്ങൾ ഉടലെടുത്ത യുവതി കഴിഞ്ഞ 11 വർഷമായി വിവിധ സ്ഥാപനങ്ങളിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇപ്പോൾ യുവതിയുടെ നില തൃപ്തികരമാണ്. യുവതിയെ ചെറുവത്തൂരിലുള്ള വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് അമ്മക്ക് ആഗ്രഹമുണ്ടെങ്കിലും വീടിന് അടച്ചുറപ്പില്ലാത്തതിനാൽ സുരക്ഷ ബുദ്ധിമുട്ടായി മാറുന്നു. ആറുസെൻറ് സ്ഥലത്ത് പണി പൂർത്തിയാകാത്ത വീട്ടിലാണ് യുവതിയുടെ അമ്മയും ബന്ധുക്കളും താമസിക്കുന്നത്.
2014ൽ ഐ.എ.വൈ ഭവന പദ്ധതിയിൽ യുവതിയുടെ അമ്മ ഉൾപ്പെട്ടിരുന്നെങ്കിലും 2015ൽ ലൈഫ് മിഷൻ പദ്ധതി ആരംഭിച്ചതോടെ ലിസ്റ്റ് കാലഹരണപ്പെട്ടു. യുവതിയെ കാസർകോട്ട് പ്രവർത്തിക്കുന്ന മാനസിക സാമൂഹികാരോഗ്യ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് കാസർകോട് ജില്ല സാമൂഹിക നീതി ഓഫിസർ കമീഷനെ അറിയിച്ചു.
ഈ നിർദേശം ബന്ധുക്കൾ സ്വീകരിക്കുമെങ്കിൽ 15 ദിവസത്തിനകം സാധ്യമാക്കാമെന്നും റിപ്പോർട്ടിലുണ്ട്. മതിയായ ഭൗതിക സാഹചര്യമുള്ള വീട് ലൈഫ് മിഷൻ പദ്ധതിയിൽനിന്നും ലഭിക്കുമ്പോൾ യുവതിയെ വീട്ടിലേക്ക് മാറ്റാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷനിൽനിന്നും എത്രയും വേഗം വീട് അനുവദിക്കാൻ കമീഷൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.