കാസർകോട്: ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ഊർജംപകരാൻ 638 ആർഡിനോ കിറ്റ് കൂടി വിതരണത്തിന് തയാറായി. മുമ്പു വിതരണം ചെയ്ത 748 കിറ്റുകൾക്ക് പുറമെയാണ് ഇത്രയും കിറ്റുകൾ കൂടി ജില്ലയിൽ വിതരണം ചെയ്യുന്നത്.
എ.ടി മെഗാ 328പി മൈക്രോ കൺട്രോളർ അടിസ്ഥാനമായുള്ള ആർഡിനോ യുനോ ബോർഡും 17 സെൻസറുകളും സെർവോ മോട്ടറുമടങ്ങിയ മൂന്നു മുതൽ 11 വരെ കിറ്റുകളാണ് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഓരോ യൂനിറ്റിനും വിതരണം ചെയ്യുക. സംസ്ഥാനത്താകെ ഇത്തരത്തിലുള്ള 20,000 കിറ്റുകളാണ് ഈവർഷം മാത്രം സ്കൂളുകളിലെത്തുന്നത്. കുട്ടികളുടെ പ്രോഗ്രാമിങ് അഭിരുചി, ഗണിതാഭിമുഖ്യം, പ്രശ്നനിർധാരണശേഷി, യുക്തിചിന്ത എന്നീ കഴിവുകളെല്ലാം വളർത്തിയെടുക്കാൻ റോബോട്ടിക് പരിശീലനത്തിന് സാധിക്കും. കൗമാരക്കാർക്കുള്ള ഏറ്റവും മികച്ച പരിശീലനപദ്ധതി എന്നനിലയിലാണ് യുനിസെഫ് ലിറ്റിൽ കൈറ്റ്സ് പഠന മൊഡ്യൂളിനെ വിലയിരുത്തുന്നത്.
റോബോട്ടിക് മേഖലയിൽ പരിശീലനം ലഭിച്ച കുട്ടികൾ തങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളല്ലാത്ത കുട്ടികൾക്കുകൂടി പരിശീലനം നൽകുന്നതോടെ സ്കൂളിലെ ബഹുഭൂരിഭാഗം കുട്ടികളും റോബോട്ടിക് പഠനത്തിന്റെ ഭാഗമായി മാറും. മെഷീൻ ലേണിങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും അടുത്തവർഷത്തെ മാറുന്ന എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകത്തിലേക്കുകൂടി വ്യാപിപ്പിക്കാനാണ് കൈറ്റ് ലക്ഷ്യം.
ഹോം, ഓഫിസ് ഓട്ടോമേഷൻ, ഐ.ഒ.ടി അധിഷ്ഠിത ഉപകരണങ്ങൾ, റോബോട്ടിക്സ് പ്രോജക്ടുകൾ, വിവിധതരം ലൈറ്റ് സിഗ്നലുകളുടെ നിയന്ത്രണം, ഓട്ടോമാറ്റിക് ഗാർഡനിങ്, ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ, കാഴ്ചശക്തി കുറഞ്ഞവർക്കും പ്രായമായവർക്കും ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിനും പഠനത്തിനുമെല്ലാം ആർഡിനോ ഉപയോഗപ്രദമാണ്. ജില്ലയിൽവന്ന ആകെ കിറ്റുകളിൽ അഞ്ചുശതമാനം കിറ്റുകളുടെ റാൻഡം ടെസ്റ്റിങ് പൂർത്തിയാക്കിയാണ് സ്കൂളുകൾക്ക് നൽകുന്നത്.
ടെസ്റ്റിങ്ങിന് കൈറ്റിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ വരുൺ, ഷിധിൻ എന്നിവർ നേതൃത്വം നൽകി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഒക്ടോബർ ഒന്നിന് ജി.എച്ച്.എസ്.എസ് ഹോസ്ദുർഗിലും കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ ഒക്ടോബർ മൂന്നിന് കൈറ്റ് പ്രോജക്ട് ഓഫിസിലും കിറ്റുകൾ വിതരണം ചെയ്യുമെന്ന് കൈറ്റ് ജില്ല കോഓഡിനേറ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.