കാസർകോട്: തെരഞ്ഞെടുപ്പിന് തീയതിയായി. ഇനി തീയതി സംബന്ധിച്ചും പ്രചാരണം എത്രകാലം എന്നത് സംബന്ധിച്ചും സംശയങ്ങളില്ല, തിളക്കുന്ന മീനച്ചൂടും മേടച്ചൂടുമേൽക്കില്ല.
ആരവങ്ങളും ആവേശവുമായി മുന്നോട്ടു നീങ്ങുമ്പോൾ തീപിടിക്കുന്നത് തെരഞ്ഞെടുപ്പ് ഗോദക്ക്. മൂന്നു മുന്നണികളും ഇനി ചിട്ടയായ പ്രചാരണത്തിലേക്ക്, തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പ്രയോഗത്തിലേക്ക്. പാർലമെന്റ് മണ്ഡലങ്ങളുടെ മുക്കുംമൂലയും അരിച്ചുപെറുക്കിയുള്ള പര്യടനത്തിലേക്ക്... യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പര്യടനം ശനിയാഴ്ചയുണ്ടായിരുന്നില്ല.
എന്നാൽ, എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ കാഞ്ഞങ്ങാട് മണ്ഡലപര്യടനം ആദ്യകാല സി.പി.എം നേതാവായിരുന്ന അന്തരിച്ച ചായ്യോത്ത് കെ.പി. കുഞ്ഞികൃഷ്ണന്റെ വീട്ടിൽനിന്ന് ആരംഭിച്ച് ചായ്യോം മുസ് ലിം പള്ളി, മാദർ അലക്സിയ സ്കൂൾ, നരിമാളം മൂകബധിര വിദ്യാലയം, സ്വാതന്ത്ര്യസമര സേനാനിയും കർഷക-കമ്യൂണിസ്റ്റ് നേതാവ് ചന്തു ഓഫിസറുടെ വീട്, തോളേനി മുത്തപ്പൻ ക്ഷേത്രം, കരിന്തളം കോയിതട്ട ടൗൺ, കാലിച്ചാമരത്തെ ചിണ്ടേട്ടന്റെ വീട്, പരപ്പ പള്ളി എന്നിവിടങ്ങളിൽ സന്ദർശിച്ച് കിനാനൂർ കരിന്തളം പഞ്ചായത്തിലെ പര്യടനം പൂർത്തിയാക്കി.
രാജപുരം തിരുകുടുംബദേവാലയം, കള്ളാർ, ചുള്ളിക്കര ക്രൈസ്തവ ദേവാലയങ്ങൾ, കള്ളാർ ജുമാമസ്ജിദ് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം കോളിച്ചാലിൽ നടന്ന റോഡ് ഷോയിലും സ്ഥാനാർഥി പങ്കെടുത്തു.
എല്ലായിടങ്ങളിലും ആവേശം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. എൻ.ഡി.എ പാർലമെന്റെ കാസർകോട് മണ്ഡലം കൺവെൻഷൻ പുതുതായ ബി.ജെ.പിയിലേക്ക് കടന്നുവന്ന പത്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. താൻ ബി.ജെ.പിയിൽ ചേർന്നത് തനിക്ക് ഒരു സ്വപ്നലോകം പോലെയാണെന്ന് പത്മജ പറഞ്ഞു. എന്തുകൊണ്ട് ബി.ജെ.പി എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു, ലീഡർഷിപ്, ഒത്തൊരുമ. അതുപോലെ താൻ പാർട്ടി മാറിവന്നതിനെ ചോദ്യം ചെയ്യാൻ മറ്റു മൂന്നു പാർട്ടികളുടെ സ്ഥാനത്ത് ഇരുന്നൊരാൾക്കും അധികാരമില്ലെന്നും അറിയിച്ചു.
ബാക്കിയുള്ളവരെന്താകുമെന്ന് എനിക്കറിയില്ല. പക്ഷേ, ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും പത്മജ പറഞ്ഞു. കാസർകോട് എൻ.ഡി.എ സ്ഥാനാർഥി അശ്വിനിയെ അഭിസംബോധന ചെയ്താണ് പത്മജ പ്രസംഗം അവസാനിപ്പിച്ചത്. തുടർന്ന് സ്ഥാനാർഥിയുടെ കൂടെ റോഡ് ഷോയിലും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.