കാസർകോട്: തെരഞ്ഞെടുപ്പ് ഓഫിസര്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ചെലവുവിവരങ്ങള്‍ കണ്ടെത്തുന്നതിനും ഫ്ലയിങ് സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ കെ. ഇമ്പശേഖർ ഫ്ലാഗ് ഓഫ് ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിക്കും. നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്ത് 2,20,320 വോട്ടര്‍മാരും കാസര്‍കോട് 2,00,432 വോട്ടര്‍മാരും ഉദുമയില്‍ 2,13,659 വോട്ടര്‍മാരും കാഞ്ഞങ്ങാട് 2,15,778 വോട്ടര്‍മാരും തൃക്കരിപ്പൂരില്‍ 2,00,922 വോട്ടര്‍മാരും പയ്യന്നൂര്‍ മണ്ഡലത്തില്‍ 1,82,299 വോട്ടര്‍മാരും കല്യാശ്ശേരി മണ്ഡലത്തില്‍ 1,85,945 വോട്ടര്‍മാരുമാണുള്ളത്.
കാസര്‍കോട് ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 10,51,111 വോട്ടര്‍മാര്‍.
നിയോജകമണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തില്‍. 1,10,362 പുരുഷ വോട്ടര്‍മാരും 1,09,958 സ്ത്രീവോട്ടര്‍മാരുമടക്കം 2,20,320 വോട്ടര്‍മാരാണ് മഞ്ചേശ്വരത്തുള്ളത്.
ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കാസര്‍കോട് മണ്ഡലത്തില്‍. 99,795 പുരുഷന്മാരും 1,00,635 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,00,432 വോട്ടര്‍മാരാണ് കാസര്‍കോട് നിയോജക മണ്ഡലത്തിലുള്ളത്.
ഉദുമയില്‍ 1,04,431 പുരുഷ വോട്ടര്‍മാരും 1,09,225 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,13,659 വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1,03,517 പുരുഷ വോട്ടര്‍മാരും 1,12,260 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 2,15,778 വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 95,474 പുരുഷന്മാരും 1,05,447 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 2,00,922 വോട്ടര്‍മാരാണുള്ളത്.
ജില്ലയില്‍ 6367 പുരുഷന്മാരും 6189 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നി വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957 പുരുഷന്മാരും 988 സ്ത്രീകളുമായി 1945 കന്നി വോട്ടര്‍മാരാണുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 960 പുരുഷന്മാരും 810 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരുമായി 1772 കന്നി വോട്ടര്‍മാരാണ് ഉള്ളത്. ഉദുമ മണ്ഡലത്തില്‍ 1491 പുരുഷന്മാരും 1440 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടെ 2932 കന്നി വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1426 പുരുഷന്മാരും 1348 സ്ത്രീകളുമായി 2774 കന്നി വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1533 പുരുഷന്മാരും 1603 സ്ത്രീകളുമായി 3136 കന്നി വോട്ടര്‍മാരാണുള്ളത്.
വോട്ടെണ്ണല്‍ കേന്ദ്രമായ കേരള കേന്ദ്ര സര്‍വകലാശാലയിലെ പെരിയയിൽ കലക്ടര്‍ കെ. ഇമ്പശേഖര്‍, പൊലീസ് മേധാവി പി. ബിജോയ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. വോട്ടുയന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്ട്രോങ് റൂം സംവിധാനങ്ങളും പരിശോധിച്ചു. പൊലീസ് സുരക്ഷാ പരിശോധനയും നടത്തി.
കാസർകോട്: രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലനം നല്കി. തെരഞ്ഞെടുപ്പിന്റെ ഹരിതചട്ടം സംബന്ധിച്ച് ജില്ലതല മാസ്റ്റര്‍ ട്രെയിനര്‍ ടി.വി. സജീവന് ക്ലാസെടുത്തു. നാമനിര്‍ദേശം സംബന്ധിച്ച് സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ സജിത് പലേരി, മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ ബി.എന്‍. സുരേഷ് എന്നിവര്‍ ക്ലാസെടുത്തു.
വോട്ടര്‍പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി വിവിധ യോഗങ്ങള്‍ ചേര്‍ന്നതിനുശേഷം അവസാനഘട്ട ശുദ്ധീകരണ പ്രവര്‍ത്തനമായി ജില്ലയിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും ഗ്രാമസഭ ചേര്‍ന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്തുന്നതിനായി കര്‍ശന നിര്‍ദേശങ്ങളുമായി ശുചിത്വമിഷന്. പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവക്ക് പുനഃചംക്രമണം സാധ്യമല്ലാത്ത പി.വി.സി ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിച്ചു.
പ്രചാരണ ബോര്‍ഡുകളിലും പോസ്റ്ററുകളിലും പി.വി.സി ഫ്രീ റീസൈക്ലബിള്‍ ലോഗോ, പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ പേരുവിവരം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അല്ലെങ്കില്‍ ക്യൂ.ആര് കോഡ് എന്നിവ പതിച്ചിരിക്കണം. പോളിങ് സ്റ്റേഷനിലെ മുഴുവന്‍ ബൂത്തുകളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പോളിങ് സ്റ്റേഷന് പുറത്ത് സ്ഥാപിക്കുന്ന ബൂത്തുകളിലും പ്രകൃതിസൗഹൃദ ഉൽപന്നങ്ങള് ഉപയോഗിച്ച് നിര്‍മിക്കുന്ന ബിന്നുകള്‍ സ്ഥാപിക്കണം.
സ്പെസിഫൈഡ് അസി. റിട്ടേണിങ് ഓഫിസറായി തൃക്കരിപ്പൂര്‍ മണ്ഡലം അസി. റിട്ടേണിങ് ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ പി. ഷാജുവിനെ നിയോഗിച്ച് കലക്ടർ കെ. ഇമ്പശേഖർ ഉത്തരവായി.
തെരഞ്ഞെടുപ്പില്‍ ഭരണാധികാരിക്കുവേണ്ടി നാമനിര്‍ദേശപത്രിക സ്വീകരിക്കാനുള്ള ചുമതലയാണ് സ്പെസിഫൈഡ് അസി. റിട്ടേണിങ് ഓഫിസർക്ക്.
ക്രമസമാധാന പരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജില്ല പരിധിയിലെ വ്യക്തികൾ ലൈസൻസുള്ള ആയുധം കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ച് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
ജില്ലയില്‍ പൊതുതെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നോഡല്‍ 18 ഓഫിസര്‍മാരെ നിയമിച്ചു. മാന്‍ പവര്‍ മാനേജ്മെന്റ് നോഡല്‍ ഓഫിസറായി സര്‍വേ അസി. ഡയറക്ടര്‍ അസിഫ് അലിയാര്, ട്രെയിനിങ് മാനേജ്മെന്റ് നോഡല്‍ ഓഫിസറായി സബ്കലക്ടര്‍ സൂഫിയാന് അഹമ്മദ്, അസി. നോഡല്‍ ഓഫിസറായി കെ. ബാലകൃഷ്ണന്, മെറ്റീരിയല്‍ മാനേജ്മെന്റ് നോഡല്‍ ഓഫിസറായി തഹസില്‍ദാര്‍ (ആര്.ആര്) നേയും ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് നോഡല്‍ ഓഫിസറായി ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫിസര്‍ അജിത്ത് ജോണ്‍, കമ്പ്യൂട്ടറൈസേഷന്/ഐ.ടി/ ഐ.സി.ടി ആപ്ലിക്കേഷന്‍സ് നോഡല്‍ ഓഫിസറായി ഡിസ്ട്രിക്ട് ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ കെ. ലീന, എസ്.വി.ഇ.ഇ.പി (സ്വീപ്) നോഡല്‍ ഓഫിസറായി കുടുംബശ്രീ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്, ലോ ആൻഡ് ഓര്‍ഡര്‍ നോഡല്‍ ഓഫിസറായി എ.ഡി.എം കെ.വി. ശ്രുതി, ഇ.വി.എം മാനേജ്മെന്റ് നോഡല്‍ ഓഫിസറായി തഹസില്‍ദാര്‍ പി.വി. മുരളി, മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫിസറായി എ.ഡി.എം കെ.വി. ശ്രുതി, എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫിസറായി സ്പെഷല്‍ ഓഫിസര്‍ വി. ചന്ദ്രന്, പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വോട്ടേഴ്സ് ആൻഡ് ഇ.ഡി.സി നോഡല്‍ ഓഫിസറായി ഡെപ്യൂട്ടി കലക്ടര്‍ പി. സുര്‍ജിത്ത്, മീഡിയ/ സോഷ്യല്‍ മീഡിയ/ കമ്യൂണിക്കേഷന്‍ നോഡല്‍ ഓഫിസറായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, എസ്.എം.എസ് മോണിറ്ററിങ് ആൻഡ് കമ്യൂണിക്കേഷന്‍ പ്ലാന്‍ നോഡല്‍ ഓഫിസറായി ഡിസ്ട്രിക്ട് ടൗണ്‍ പ്ലാനര്‍ ലീലിറ്റി തോമസ്, ഇലക് ട്രോള്‍ റോള്‍ നോഡല്‍ ഓഫിസറായി സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.ആര് പി. ഉദയകുമാര്‍, വോട്ടര്‍ ഹെല്പ് ലൈന്‍ (1950) കംപ്ലയ്ന്റ് റീഡ്രസല്‍ നോഡല്‍ ഓഫിസറായി അഡ്മിനിസ്ട്രേറ്റിവ് അസി. ആദില്‍ മുഹമ്മദ്, വോട്ടര്‍ ഹെല്പ് ലൈന്‍ (1950) കംപ്ലയ്ന്റ് റീഡ്രസല്‍ അസി. നോഡല്‍ ഓഫിസറായി സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.എ എന്‍.എച്ച് വി. ഷിനു, ഒബ്സര്‍വേഴ്സ് നോഡല്‍ ഓഫിസറായി ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, പേഴ്സൻ വിത്ത് ഡിസെബിലിറ്റി നോഡല്‍ ഓഫിസറായി ഡിസ്ട്രിക്ട് സോഷ്യല്‍ ജസ്റ്റിസ് ഓഫിസര്‍ ആര്യ പി. രാജ്, ഗ്രീന്‍ ഇലക്ഷന് നോഡല്‍ ഓഫിസറായി ശുചിത്വമിഷന് ജില്ല കോഓഡിനേറ്റര്‍ എ. ലക്ഷ്മി എന്നിവരെ നിയമിച്ച് ആവശ്യമായ പരിശീലനങ്ങള്‍ നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.