കാസർകോട്: എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ കാസർകോട് മണ്ഡലത്തിലെ പര്യടനം ചൂടിനെ വകവെക്കാതെ മുന്നോട്ട്.
പാർട്ടിയുടെ കേന്ദ്രങ്ങളിൽ കൊന്നപ്പൂക്കളും ചുവന്ന റിബണുകളും ഏറ്റുവാങ്ങി പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും സ്ഥാനാർഥിക്കൊപ്പം ചേർന്നു. കാസർകോട് കടപ്പുറത്തായിരുന്നു ആദ്യ സ്വീകരണം. നാസിക് ഡോളിന്റെയും ചെണ്ടമേളത്തിന്റെയും താളങ്ങൾ സ്വീകരണ കേന്ദ്രത്തിൽ വരവേറ്റു. കടപ്പുറത്തുനിന്ന് രാവിലെ ഒമ്പതോടെ ആരംഭിച്ച പര്യടനം ചൗക്കി, ബെള്ളൂർ, ഉളിയത്തടുക്ക, മീപ്പുഗിരി, പട്ള, നീർച്ചാൽ, ബദിയടുക്ക, ഉക്കിനടുക്ക, മാർപ്പനടുക്ക, മുക്കൂർ, കുളത്തിൽപാറ, കൈത്തോട്, റഹ്മത്ത് നഗർ, മള്ളേരിയ, കൊട്ടംകുഴി, മുണ്ടോൾ ജങ്ഷൻ, 13ാം മൈൽ, പൈക്ക, അതൃകുഴി, എടനീർ, ബേവിഞ്ച, ആലംപാടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചെന്നിക്കരയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, അസീസ് കടപ്പുറം, വി. സുരേഷ് ബാബു, എം. സുമതി, സിജി മാത്യു, ടി.കെ. രാജൻ, വി.പി.പി മുസ്തഫ, കെ.എ. മുഹമ്മദ് ഹനീഫ, ടി.എം.എ കരീം, എം.എ. ലത്തീഫ്, പി.പി. ശ്യാമളദേവി, ഹസൈനാർ നുള്ളിപ്പാടി, കെ.വി. നവീൻ, പി. ശിവപ്രസാദ്, സി. ശാന്തകുമാരി, കെ.പി. സുജല, ബിജു ഉണ്ണിത്താൻ, ബിപിൻരാജ് പായം, ബി. സുകുമാരൻ, സിദ്ദീഖ് ചേരങ്കൈ എന്നിവർ സംസാരിച്ചു.
പഴയങ്ങാടി: തെരഞ്ഞെടുപ്പ് പ്രചാരണം അനുദിനം ചൂടുപിടിക്കുമ്പോൾ താൻ നടപ്പാക്കിയ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ.
കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ പഴയങ്ങാടിയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഏഴോത്ത് സമാപിച്ചു. ചെറുകുന്ന് കൊവ്വപ്പുറം, കണ്ണപുരം ചൈനാക്ലെ, കെ. കണ്ണപുരം, കല്യാശ്ശേരി, പറപ്പൂർ, കുഞ്ഞി മതിലകം, ഏഴോം മൂന്നാം പീടിക, കണ്ണോം, കൊട്ടില, എറന്തല, ഓണപ്പറമ്പ, മെഡിക്കൽ കോളജ്, ചെങ്ങളം, പാണപ്പുഴ, ചന്തപ്പുര, കോക്കാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി.
നൗഷാദ് വാഴവളപ്പിൽ, സുധീഷ് കടന്നപ്പള്ളി, അക്ഷയ് പറപ്പൂർ, സന്ദീപ് പാണപ്പുഴ, അൻവർ ശക്കീർ, എം.കെ. രാജൻ, ശശി നരിക്കോട്, മുസ്തഫ കൊട്ടില, രാഹുൽ പൂങ്കാവ് എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട്: കോൺഗ്രസുകാർക്കും കമ്യൂണിസ്റ്റുകാർക്കും നേതാവും കർമപദ്ധതിയുമില്ലെന്ന് കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി. കാഞ്ഞങ്ങാട് എൻ.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മോദിയെ വെല്ലുവിളിക്കുന്ന ആളുകൾക്ക് അവരുടെ നേതാവ് ആരെന്നും എന്താണ് അവരുടെ കർമപദ്ധതിയെന്നും ചോദിച്ചാൽ ഉത്തരമില്ല.
കോൺഗ്രസും സി.പി.എമ്മും കേരളത്തിൽ മത്സരവും കേന്ദ്രത്തിൽ കെട്ടിപ്പിടിത്തവുമാണ്. നരേന്ദ്ര മോദി സഹകരണ വകുപ്പ് മന്ത്രാലയം രൂപവത്കരിച്ചപ്പോൾ കേരളത്തിൽ സഹകരണ ബാങ്ക് കൊള്ളയാണ് നടന്നത്. കരുവന്നൂരിൽ സി.പി.എമ്മും കണ്ടലയിൽ സി.പി.ഐയും മലപ്പുറത്ത് ലീഗും സഹകരണ ബാങ്ക് കൊള്ള നടത്തിയപ്പോൾ കോൺഗ്രസ് വയനാട്ടിലാണ് ബാങ്ക് കൊള്ള നടത്തിയത്. സഹകരണബാങ്ക് കൊള്ള മുതൽ സ്വർണക്കടത്ത് വരെയുള്ള ഏത് കുംഭകോണത്തിലും ഇൻഡ്യ സഖ്യത്തിലെ പാർട്ടികളാണ്. നോർത്ത് കോട്ടച്ചേരിയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് എൻ.ഡി.എ പ്രകടനപത്രിക സ്മൃതി ഇറാനി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.